കൊയിലാണ്ടി- കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ സിനിമാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിച്ചേക്കും. യു.ഡി.എഫ് മുസ്‌ലിം ലീഗിന് നല്‍കിയ സീറ്റില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ധര്‍മ്മജന് ബാലുശേരിയില്‍ മത്സരിക്കണമെങ്കില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടിവരും. ധര്‍മ്മജന്‍ ബാലുശേരിയില്‍ ധര്‍മ്മജന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ ധര്‍മ്മജന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുകയാണ്. കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ നിരവധി പേരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ല കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നിന്ന് ധര്‍മ്മജനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം ധാരണ. പഠിക്കുന്ന കാലത്ത് തന്നെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിലും സേവാദളിലും സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. നിയമസഭാ സീറ്റ് തന്നാല്‍ മത്സരിക്കുമോയെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും എന്നായിരുന്നു ധര്‍മജന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് ധര്‍മ്മജന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ബാലുശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന പക്ഷം ലീഗ് കൊയിലാണ്ടി സീറ്റ് പകരം ആവശ്യപ്പെടാനാണ് സാധ്യത. കൊയിലാണ്ടിയില്‍ മത്സരിക്കാനുള്ള ആളെയും ലീഗ് കണ്ടു വെച്ചിട്ടുണ്ട്.