കൊച്ചി- എറണാകുളം പുല്ലേപ്പടി റെയില്‍വേ ട്രാക്കിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മോഷണക്കേസില്‍ പോലീസിനു തെളിവു ലഭിക്കാതിരിക്കാനാണ് കൂട്ടുപ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
പുതുവല്‍സര രാത്രിയില്‍ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കഴിഞ്ഞ ദിവസം റയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഫോര്‍ട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയിയെയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മോഷണമുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മരിച്ച ജോബിയുടെ വിരലടയാളം പോലീസിന് മോഷണ സ്ഥലത്തുനിന്നു ലഭിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്ന പുതിയ മൊഴി നല്‍കുന്നത്.
എളമക്കരയില്‍ മോഷണം നടന്ന വീടിന്റെ ഉടമയുടെ സഹോദര പുത്രനാണ് അറസ്റ്റിലായ ഡിനോയ്. പ്രതിയുടെ സഹോദരിയുടെ വിവാഹത്തിനു വീട്ടുടമ പോയ തക്കം നോക്കിയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡിനോയ് മോഷണം ആസൂതണം ചെയ്തത്.