Sorry, you need to enable JavaScript to visit this website.

ബഖാലകൾക്ക് പുതിയ വ്യവസ്ഥ വരുന്നു; ഫെബ്രുവരി പത്തു മുതൽ നടപ്പാക്കണം

ബഖാലയിൽ പരിശോധന നടത്തുന്ന റിയാദ് നഗരസഭാ ഉദ്യോഗസ്ഥൻ. 

റിയാദ് - ബഖാലകൾക്കും മിനി മാർക്കറ്റുകൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാക്കി വിജ്ഞാപനമിറങ്ങി. ഫെബ്രുവരി പത്തു മുതൽ വ്യവസ്ഥകൾ നടപ്പാക്കണം. വ്യവസ്ഥകൾ നടപ്പാക്കേണ്ട സമയക്രമം മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ഘട്ടമായാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്. ഇതിൽ ആദ്യഘട്ടം ഫെബ്രുവരി പത്തു മുതൽ പ്രാബല്യത്തിൽ വരും. മുഴുവൻ ജീവനക്കാർക്കും കാലാവധിയുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കൽ, സ്ഥാപനങ്ങൾക്ക് കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കൽ, വിൽപനക്ക് പ്രദർശിപ്പിക്കുന്ന മുഴുവൻ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തൽ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ എന്നീ വ്യവസ്ഥകൾ പാലിക്കൽ ആദ്യ ഘട്ടത്തിൽ നിർബന്ധമാണ്. 


രണ്ടാം ഘട്ടം ജൂൺ 29 ന് നിലവിൽ വരും. ഇ-ബില്ലിംഗ് സംവിധാനം ഉണ്ടായിരിക്കൽ, നെയിം ബോർഡുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കൽ, ഉൾവശം കാണുന്ന നിലക്ക് മുൻവശം പൂർണമായും സുതാര്യമായിരിക്കൽ, ഉൾവശം കാണുന്ന നിലക്ക് സുതാര്യമായ, വലിച്ച് തുറക്കുന്ന ഡോർ ഉണ്ടായിരിക്കൽ, സ്ഥാപനത്തിനകത്ത് മുഴുവൻ വെളിച്ചമുണ്ടായിരിക്കൽ, നിലവും മേൽക്കൂരയും ഭിത്തികളും റാക്കുകളും ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളും വൃത്തിയുള്ളതായിരിക്കൽ എന്നീ വ്യവസ്ഥകൾ പാലിക്കൽ രണ്ടാം ഘട്ടത്തിൽ നിർബന്ധമാണ്. റെഫ്രിജറേറ്ററുകളും ഫ്രീസറുകളും പരിസര പ്രദേശങ്ങളും വൃത്തിയുള്ളതായിരിക്കൽ, റാക്കുകൾക്കിടയിൽ മിനിമം അകലം പാലിക്കൽ, ശുചീകരണ വസ്തുക്കളും ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളിൽ നിന്ന് ദൂരെ സൂക്ഷിക്കൽ, അഗ്നിശമന സിലിണ്ടറുകൾ ഉണ്ടായിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്‌സ് തൂക്കൽ എന്നിവയും രണ്ടാം ഘട്ടത്തിൽ നിർബന്ധമായും പാലിക്കേണ്ട വ്യവസ്ഥകളാണ്. 


ബഖാല, മിനിമാർക്കറ്റ് മേഖല വ്യവസ്ഥാപിതമാക്കി മാറ്റി ഈ മേഖലയിൽ ബിനാമി ബിസിനസ് അടക്കമുള്ള നിഷേധാത്മക പ്രവണതകൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്. സ്ഥാപനത്തിന്റെ പേരിൽ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 80 സെന്റീമീറ്ററിൽ കുറയാത്ത ഉയരവും 300 സെന്റീമീറ്ററിൽ കുറയാത്ത വീതിയുമുള്ള നെയിം ബോർഡ് സ്ഥാപനത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കണം. സ്ഥാപനത്തിന്റെ മുൻവശത്തിന്റെ വീതിക്ക് അനുയോജ്യമായ നെയിം ബോർഡ് ആണ് സ്ഥാപിക്കേണ്ടത്. നെയിം ബോർഡിന് സ്ഥാപനത്തിന്റെ മുൻവശത്തെ വീതിയേക്കാൾ കൂടുതൽ വലിപ്പമുണ്ടാകാൻ പാടില്ല. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ അനുസരിച്ച സ്ഥാപനത്തിന്റെ പേരും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും നെയിം ബോർഡിൽ രേഖപ്പെടുത്തൽ നിർബന്ധമാണ്. 


സ്വന്തമായി ട്രേഡ് മാർക്കില്ലാത്ത മുഴുവൻ ബഖാലകളുടെയും മിനിമാർക്കറ്റുകളുടെയും നെയിം ബോർഡുകളുടെ രൂപകൽപന ഏകീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരിൽ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പുതിയ വ്യവസ്ഥകൾ അനുശാസിക്കുന്ന ഏകീകൃത രൂപകൽപനക്ക് അനുസൃതമായിട്ടാരിക്കണം നെയിം ബോർഡ് തയാറാക്കേണ്ടത്. 
മാനദണ്ഡങ്ങൾക്ക് നിരക്കാത്ത നെയിം ബോർഡുകൾ ഉപയോഗിക്കുന്നതിനും അംഗീകരിച്ച രൂപകൽപന പ്രകാരമുള്ള ഉള്ളടക്കത്തിന്റെ സ്ഥാനങ്ങളിലും വലിപ്പത്തിലും മറ്റും മാറ്റം വരുത്തുന്നതിനും വിലക്കുണ്ട്. 


ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുഗമമായി സഞ്ചരിക്കാൻ മതിയായ വിശാലത സ്ഥാപനങ്ങൾക്കത്ത് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങൾക്കകത്ത് കുടുസ്സുണ്ടാക്കുന്ന നിലക്ക് ഉൽപന്നങ്ങൾ അട്ടി വെക്കുന്നതിനും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ടാകും. ബഖാല, മിനിമാർക്കറ്റ് മേഖലയിൽ ബിനാമി പ്രവണതക്ക് വലിയ ഒരളവോളം തടയിടാൻ പുതിയ വ്യവസ്ഥകൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഖാലകളും മിനി മാർക്കറ്റുകളും വഴി നൽകുന്ന സേവനങ്ങളുടെയും വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉയർത്താനും പുതിയ വ്യവസ്ഥകൾ സഹായകമാകുമെന്നും കരുതുന്നു. 

Latest News