കോട്ടയം- സോളാർ കേസിന്റെ പേരിൽ ആരെയും വ്യക്തിഹത്യ ചെയ്യുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന് കേരള കോൺഗ്രസ് അനുഭാവികളെന്നു കരുതുന്നവരുടെ ഫെയ്‌സ്ബുക്കിൽ ആഹ്വാനം. അത് കേരള കോൺഗ്രസ് എമ്മിന്റെ സംസ്‌കാരമല്ലെന്ന് പോസ്റ്റിൽ പറയുന്നു. 'മാണി സാറിന്റെ പോരാളികൾ' എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് വഴിയാണ് ആഹ്വാനം. യു.ഡി.എഫിലെ ചില നേതാക്കൾ നമ്മുടെ പാർട്ടിയെ തകർക്കാൻ നമ്മുടെ പാർട്ടിയോടും, നേതാക്കളോടും ചെയ്ത കാര്യങ്ങൾ നാം ഒരിക്കലും മറന്നു പോകരുതെന്നും പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പലതും അടിസ്ഥാനരഹിതമെന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കണമെന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
പരാതികൾ കിട്ടിയാൽ അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. അതു അതിന്റെ വഴിക്ക് നടക്കട്ടെ, എന്നാൽ അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാണി സാറിനെ സ്‌നേഹിക്കുന്ന ആരും സാമൂഹിക മാധ്യമങ്ങൾ വഴി യു.ഡി.എഫ് നേതാക്കളെ അപമാനിക്കാനോ, വക്തിഹത്യ ചെയ്യാനോ ശ്രമിക്കരുത്. ആരെയും വക്തിഹത്യ ചെയുന്നത് കേരള കോൺഗ്രസ് എമ്മിന്റെ സംസ്‌കാരമല്ല.
ജനങ്ങളുടെ മുന്നിൽ ഉയർത്തി പിടിക്കാൻ നമ്മുടെ പാർട്ടിക്ക് കർഷകർക്കും, ജനങ്ങൾക്കും നൽകിയ സംഭാവനകളും, വികസനങ്ങളും ഒരുപാടുണ്ട്. ഇതുവരെയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ യു.ഡി.എഫ് നേതാക്കളെ അപമാനിക്കുക വഴി ഉമ്മൻചാണ്ടി അനുകൂല സഹതാപ തരംഗം ഉണ്ടാക്കുന്നതിനോ, ജീർണിച്ച യു.ഡി.എഫ് നേതൃത്വത്തിന് ഒരു ലൈഫ് നൽകുന്നതിനോ അതു ഉപകരിക്കുകയുള്ളൂ. എന്നാൽ യു.ഡി.എഫിലെ ചില നേതാക്കൾ നമ്മുടെ പാർട്ടിയെ തകർക്കാൻ നമ്മുടെ പാർട്ടിയോടും, നേതാക്കളോടും ചെയ്ത കാര്യങ്ങൾ നാം ഒരിക്കലും മറന്നു പോകരുത്.