Sorry, you need to enable JavaScript to visit this website.

വൈപ്പിന്‍: കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ അണികള്‍ക്ക് അതൃപ്തി, സഭയുടെ നിലപാടും നിര്‍ണായകം 

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ എറണാകുളത്തെ വൈപ്പിന്‍ മണ്ഡലത്തിലെ പതിവു ഗ്രൂപ്പു വഴക്കുകള്‍ക്കും വീതംവയ്പ്പിനുമെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്ന വൈപ്പിനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രം യുഡിഎഫ് പരാജയപ്പെടുന്നതിനു പിന്നില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രുപ്പു വഴക്കുകളാണെന്നാണ് ആക്ഷേപം. ഇത്തവണ ഇതിനൊരു മാറ്റം വേണമെന്ന ആവശ്യം ശക്തമായി. ഇക്കാര്യം ഉന്നയിച്ച് സമൂഹ മാധ്യമങ്ങളിലും പ്രചരണം നടക്കുന്നുണ്ട്. ഗ്രൂപ്പുകളുടെ പ്രതിനിധികളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ എതിര്‍ ഗ്രൂപ്പുകാര്‍ പാരവെക്കുന്നത് യുഡിഎഫിന് മൊത്തത്തില്‍ ക്ഷീണം ചെയ്യുന്നുവെന്നാണ് പ്രചരണം. അതോടൊപ്പം മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ലത്തീന്‍ കത്തോലിക്കരുടെ നിലപാടും നിര്‍ണായകമാണ്. 

ഗ്രൂപ്പു കളികളുടെ അതിപ്രസരം മൂലമാണ് യുഡിഎഫ് തകരുന്നതെന്നും സമുദായത്തെ ഇനിയും തഴഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി ലത്തീന്‍ കത്തോലിക്ക സഭയുടെ അംഗീകൃത അല്‍മായ സംഘടനയായ കെ എല്‍ സി എയും പരസ്യമായി രംഗത്തുണ്ട്. എക്കാലത്തും യുഡിഎഫിനെ പിന്തുണയ്ക്കുന്ന സമുദായത്തിന് അര്‍ഹമായത് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. വരാപ്പുഴ അതിരൂപതയുടെ പിന്തുണ ഉള്ള, ഗ്രുപ്പ് പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ത്ഥി വേണമെന്നാണ് സഭാ അനുകൂലികളുടെ നിലപാട്. ഇതോടെ ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ താല്‍പര്യം മാനിക്കാന്‍ കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദ്ദമേറിയിരിക്കുകയാണ്. ഗ്രൂപ്പു പ്രതിനിധികളും നേരത്തെ മണ്ഡലത്തെ പ്രതിനിധീകരിച്ചവരുമല്ലാത്ത പുതുമുഖങ്ങളെ രംഗത്തിറക്കാനും ആവശ്യം ഉയരുന്നുണ്ട്. ഭരണപാടവവും യുവ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നരായ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്നാണ് ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നു.

എറണാകുളം ജില്ലയിലെ കടമക്കുടി, മുളവുകാട്, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വൈപ്പിന്‍ നിയമസഭാ മണ്ഡലം. പഴയ ഞാറയ്ക്കല്‍ മണ്ഡലത്തിന്റെ പ്രധാനഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന മണ്ഡലം ആണ് വൈപ്പിന്‍. 2008ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെയാണ് വൈപ്പിന്‍ മണ്ഡലം നിലവില്‍ വന്നത്. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ. ആര്‍. സുഭാഷിനെ പരാജയപ്പെടുത്തിയാണ് സി പി ഐ എമ്മിലെ എസ ശര്‍മ വിജയിച്ചത്. 2011ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് തറയലും ശര്‍മയോട് തോറ്റിരുന്നു. 

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വക്താക്കളെ രംഗത്തിറക്കിയതാണ് പരാജയത്തിന് കാരണമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടിയും പ്രചരണം നടക്കുന്നുണ്ട്. ഇടതു തരംഗം ആഞ്ഞുവീശിയ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് യുഡിഎഫ് ആണ്. 43.34 ശതമാനം. എല്‍ഡിഎഫിന് ലഭിച്ചത് 42.9 ശതമാനവും. മണ്ഡലത്തിലെ ആകെ എട്ടു പഞ്ചായത്തുകളിലും അഞ്ചിടത്തും യുഡിഎഫിന് ഭരണം ലഭിക്കുകയും ചെയ്തു. ഒരിടത്തും ഇരു മുന്നണികളും തുല്യനിലയില്‍. രണ്ടിടത്തു മാത്രമാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. 

2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ കണക്കും വ്യത്യസ്തമല്ല. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട നിയോജകമണ്ഡലമായ വൈപ്പിനില്‍ 2014ല്‍ യുഡിഎഫ് 42.57 ശതമാനം വോട്ടു നേടി മുന്നിലെത്തി. എല്‍ഡിഎഫിന് ലഭിച്ചത് 34.25 ശതമാനം വോട്ടായിരുന്നു. 2019ല്‍ നിലമെച്ചപ്പെടുത്തിയ യുഡിഎഫ് 52 ശതമാനം വോട്ടു നേടിയപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 34.25 ശതമാനമായിരുന്നു. ഈ കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് അണികളില്‍ വലിയൊരു വിഭാഗവും ഇത്തവണ മണ്ഡലം പിടിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഗ്രൂപ്പ് വക്താക്കളെ രംഗത്തിറക്കിയാല്‍ ജയസാധ്യത മങ്ങുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും കാഴ്ചവച്ച മുന്നേറ്റം ആവര്‍ത്തിക്കാനാകില്ലെന്നും ഇവര്‍ ആശങ്കയും പ്രകടിപ്പിക്കുന്നു.
 

Latest News