പ്രിയപ്പെട്ടവനേ, ബീഫ് കൊടുത്തയക്കാൻ പറ്റില്ലല്ലോ, പകരം ഇതാ ഹൽവ എന്ന കുറിപ്പോടെ മൽബി കൊടുത്തുവിട്ട കോഴിക്കോടൻ ഹൽവ എത്തിച്ചേർന്നു. കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രതയോടെ രണ്ടാഴ്ച ദുബായിലെ ഹോട്ടൽ മുറിയിൽ തങ്ങിയ ബന്ധുവാണ് ഭദ്രമായി അത് മൽബുവിന്റെ കൈകളിലെത്തിച്ചത്.
കോവിഡ് തീർത്ത പ്രതികൂലാവസ്ഥയില്ലെങ്കിൽ അഞ്ചെട്ട് കിലോ ബീഫ് എത്തേണ്ടിടത്താണ് രണ്ട് കിലോ നെയ്യലുവ.
ഹലുവ കൊടുത്തയച്ചതിനു പ്രത്യേക കാരണമുണ്ടെന്ന് മൽബി ഫോണിൽ.
നല്ല കാര്യം തുടങ്ങുമ്പോൾ മധുരം തിന്ന് തുടങ്ങണമെന്ന് പഴമക്കാർ പറയാറുണ്ടുപോലും. പഴമക്കാർ മാത്രമല്ലെന്ന് മൽബു.
പ്രിയപ്പെട്ടവനെ പ്രവാസത്തിൽനിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൽബി ബിസിനസ് സംരംഭം തുടങ്ങുകയാണല്ലോ. ഹൽവ കഴിച്ച് സമ്മതം നൽകണം. സമ്മതം നൽകിയില്ലെങ്കിലും സ്വന്തം തീരുമാനത്തിൽ തുടങ്ങുമെന്ന ഭീഷണിയുമുണ്ട്. പുതിയ സംരംഭം തുടങ്ങാനായി വാടക മുറികൾ വരെ കണ്ടുവെച്ചു കഴിഞ്ഞു.
കേന്ദ്ര ബജറ്റ് തയാറാക്കുമ്പോൾ ഹൽവാ ചടങ്ങുണ്ട്. കൂറ്റൻ പാത്രത്തിൽ തയറാക്കുന്ന മധുരം മന്ത്രിമാരുടെ നേതൃത്വത്തിൽ വിതരണം ചെയ്ത ശേഷമാണ് എല്ലാ ഉദ്യോഗസ്ഥരെയും ഓഫീസുകളിൽ അടച്ചിട്ട് ബജറ്റ് തയാറാക്കാറുള്ളത്. സ്വന്തക്കാരോട് ബന്ധപ്പെടാൻ പോലും അവർക്ക് ഫോൺ തൊടാൻ പാടില്ല.
മൽബു ഇക്കാര്യം മൽബിയോട് പറഞ്ഞു. മന്ത്രി നിർമല പാത്രത്തിൽ ഇളക്കുന്നതും വിതരണം ചെയ്യുന്നതുമായ ഫോട്ടോകൾ അയക്കുകയും ചെയ്തു.
നിക്കതൊന്നും അറിഞ്ഞൂടാ. നെയ്യലുവ കൊണ്ട് ങ്ങളെ സോപ്പിടാൻ കഴിയില്ലെന്നറിയാം: മൽബി പറഞ്ഞു.
സഹകരിച്ചാൽ നിങ്ങൾക്കു തന്നെയാ നല്ലത്. നാട്ടിൽ വന്നു കൂടാം. അവിടെ ഇങ്ങനെ കഷ്ടപ്പെടേണ്ട.
തടിച്ചികളെ സംഘടിപ്പിച്ച് അവർക്ക് മരുന്നും വ്യായാമവും നൽകി സ്ലിമ്മാക്കുകയാണ് മൽബി മനസ്സിൽ കാണുന്ന പദ്ധതി. ഇതിനായി വീടിനടുത്ത് രണ്ടുമൂന്ന് കടമുറികൾ ഡെപ്പോസിറ്റില്ലാതെ കിട്ടിയിട്ടുണ്ട്. വാടക മാത്രം നൽകിയാൽ മതി.
ആദ്യം ഇത്ത തടി കുറക്കൂ എന്ന് പറയില്ലേ ആളുകൾ. സ്ലിമ്മാകുന്നതിന് ആളുകളെ കിട്ടാൻ ആദ്യം നിന്റെ തടി കുറയണ്ടേ: മൽബു സ്വാഭാവിക സംശയം ഉന്നയിച്ചു.
ആണ്ടോടാണ്ടിൽ പെറുന്നവളെന്ന പേരില്ലെങ്കിലും തടിയുടെ കാര്യത്തിൽ മൽബി വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
ഞാൻ തന്നെയായിരിക്കും ഉദാഹരണം. പൊടി കഴിച്ചുതുടങ്ങിയെന്നും വ്യായാമം മുടങ്ങാറില്ലെന്നും മൽബിയുടെ മറുപടി.
ആറു കിലോ കുറഞ്ഞ എന്റെ മാറ്റം കണ്ട് കുടുംബത്തിൽനിന്ന് തന്നെ നാലു പേർ മുന്നോട്ട് വന്നിട്ടുണ്ട്. ഇനി ഒരാളെ കൂടി കിട്ടണം. അത് നിങ്ങളെ കുടുംബത്തിൽനിന്നായിക്കോട്ടെ.
അതെന്താ, അഞ്ച് പേരെന്ന കണക്ക്: മൽബു ചോദിച്ചു.
ആദ്യം അഞ്ച് പേരാണ് വേണ്ടത്. ഇവർക്കുള്ള ഹെൽത്ത് പൗഡറാണ് ആദ്യം വാങ്ങുക. അതോടൊപ്പം വ്യായാമത്തിനുള്ള പരിശീലനവും നൽകും.
ജിംനേഷ്യം തുടങ്ങുമെന്നാണോ. എത്രയായിരിക്കും ഒരാളുടെ ഫീസ്.
വ്യായാമം ഫ്രീയായിരിക്കും. മരുന്നിലാണ് നമ്മുടെ ലാഭം. കൂടുതൽ വിൽപന നടത്തിയാൽ കൂടുതൽ ഡിസ്‌കൗണ്ട് കിട്ടും.
നമ്മൾ കൂടുതൽ വിൽക്കണമെന്നില്ല. കീഴിൽ വരുന്നവർ വിൽക്കുമ്പോൾ കമ്മീഷൻ നമുക്ക് ലഭിക്കും. ആദ്യം ചേരുന്ന അഞ്ച് പേരിൽനിന്ന് രണ്ട് പേരെ തെരഞ്ഞെടുത്ത് അവരെ ട്രെയിനർമാരും വിൽപനക്കാരുമാക്കും. അവർ രണ്ടു പേർ പത്തു പേരെ ചേർക്കും. ആ പത്തു പേരിൽനിന്ന് നാലുപേർ വിൽപനക്കാരാകും. അങ്ങനെയങ്ങനെ പോകുമ്പോൾ നമുക്ക് കമ്മീഷൻ കൂടിക്കൊണ്ടിരിക്കും. ഏറ്റവും മുകളിലുള്ള നമ്മുടെ പദവി കൂടും. അടിയിലുള്ളവർ പണിയെടുക്കും.
മൽബുവിന് കത്തി. മണി ചെയിൻ, മൾട്ടിലെവൽ മാർക്കറ്റിംഗ് പോലെ അല്ലേ..
നാട്ടിലായിരുന്നപ്പോൾ ആ തട്ടിപ്പിന് ഇരയായതുകൊണ്ടാണ് പെട്ടെന്ന് കത്തിയത്. അടിയിലടിയിൽ ആളുകളെ ചേർത്താൽ വിമാന യാത്ര സ്ഥരിമാക്കാമെന്ന വാക്ക് വിശ്വസിച്ചാണ് പതിനായിരം രൂപയുടെ ഉൽപന്നങ്ങൾ വാങ്ങിയത്. പക്ഷേ, ആരെയെങ്കിലും ചേർക്കാനോ അഞ്ഞൂറു പേരുടെ ഉൽപന്നം വിൽക്കാനോ പോലും ചോദിച്ചില്ല.
നമ്മുടെ നാട്ടിൽ എത്ര തടിച്ചികളുണ്ടാകും? മൽബു ചോദിച്ചു.
അതല്ലേ ഞാൻ നിങ്ങളോട് ചോദിക്കുന്നത്, എത്ര തടിച്ചികളുണ്ടാകും: മൽബിയുടെ മറുപടി.
ഒരു നൂറു പേരുണ്ടെന്നു വിചാരിക്കാം. ഇവരെല്ലാം ട്രെയിനർമാരും പൗഡർ വിൽപനക്കാരുമായാൽ പിന്നെവിടെനിന്ന് കസ്റ്റമറെ കിട്ടും. വേറെ നാടുകളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരില്ലേ. അവിടെയെല്ലാം ഇമ്മാതിരി ഏർപ്പാട് തുടങ്ങിയിട്ടുണ്ടാവില്ലേ ?
അതൊക്കെ അയച്ചുതന്ന വീഡിയോയിലുണ്ട്. അതു കണ്ടാൽ മതി.
മണി ചെയിനിലും മൾട്ടി ലെവൽ മാർക്കറ്റിംഗിലും പതിയിരിക്കുന്ന കെണികളെ കുറിച്ച് മൽബിയെ ബോധ്യപ്പെടുത്താൻ മൽബുവിന് പിന്നെയും കഠിനാധ്വാനം വേണ്ടിവന്നു.
ഹെൽത്ത് പൗഡർ വിൽപന ഒഴിവാക്കി തടിച്ചികൾക്ക് വ്യായാമം ചെയ്യാൻ സൗകര്യം നൽകുന്ന ഒരു ജിംനേഷ്യം തുടങ്ങുന്ന കാര്യം ആലോചിക്കാമെന്ന ധാരണയിലെത്തിയിലിരിക്കയാണ് രണ്ടു പേരും.
മൽബുവിനെ നാട്ടിലെത്തിക്കാനും ഒരുമിച്ചൊരു കുടുംബ ജീവിതത്തിനുമുള്ള മൽബിയുടെ സ്വപ്‌നത്തെയും ആഗ്രഹത്തെയും ഒരിക്കലും കുറ്റം പറഞ്ഞുകൂടാ. മൽബി ഒരു തെറ്റും ചെയ്തിട്ടില്ല.