സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓരോ ദിവസവും എത്തുന്ന ലഹരി ഉൽപന്നങ്ങളുടെ അളവ് വർധിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. നാർകോട്ടിക്‌സ് വിഭാഗവും പോലീസും പിടിച്ചെടുക്കുന്ന ലഹരി മരുന്നുകളുടെ തോത് വർധിക്കുന്നു. നാർകോട്ടിക് കേസുകളിൽ അറസ്റ്റിലാകുന്നവരുടെ എണ്ണവും നാൾക്കു നാൾ വർധിക്കുന്നു.
കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകളുടെ വിൽപന മുൻകാലങ്ങളിൽ വ്യാപകമായി നടന്നിരുന്നതെങ്കിൽ ഇപ്പോൾ ഗ്രാമങ്ങളിലേക്കും അത് പടരുന്നുണ്ട്. കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം മലബാർ മേഖലയിലും വർധിച്ചു വരികയാണ്. മലപ്പുറം ജില്ലയിൽ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ അമ്പത് കിലോ കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. മറ്റു ജില്ലകളിലും സ്ഥിതി ഇതു തന്നെ. കോവിഡ് കാലത്ത് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുമ്പോഴും ലഹരി മരുന്നുകളുടെ വിൽപപ്പന ഉയരുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
ഇന്ത്യയിൽ ലഹരി മരുന്നുകളുടെ ഇടപാടുകളിൽ മുന്നിൽ നിൽക്കുന്നത് പഞ്ചാബാണ്. ഏറെ പിറകിലല്ലാതെ കേരളവുമുണ്ട്. മലബാർ മേഖലയിൽ നേരത്തെ വൻതോതിലുള്ള മയക്കുമരുന്ന് ഇടപാടുകൾ കുറവായിരുന്നെങ്കിൽ അടുത്ത കാലത്ത് വർധിച്ചു വരുന്നുവെന്നതാണ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കാണിക്കുന്നത്.
ലഹരിയുടെ കച്ചവടക്കാരും ഇടപാടുകാരും യുവാക്കളാണ് എന്നതാണ് ഏറെ ഗൗരവമായി കാണേണ്ട കാര്യം. കോവിഡ് കാലത്ത് മറ്റു ജോലികൾ ഇല്ലാതായപ്പോൾ യുവാക്കളിൽ പലരും മയക്കുമരുന്നുകളുടെ വിൽപനക്കാരായി മാറിയിരിക്കുന്നു. അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് വൻതോതിൽ വാങ്ങി സൂക്ഷിച്ച് പ്രാദേശിക ഏജന്റുമാരിലൂടെ ഗ്രാമങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്ക് അതിരിടുന്ന മലബാറിലെ ജില്ലകൾ പലതും മയക്കുമരുന്ന് രഹസ്യമായി സൂക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറുന്നുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംഘത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മണ്ണാർക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി കഞ്ചാവിന്റെ വലിയ ശേഖരമാണ് ഇവർ ഒളിപ്പിച്ചു വെച്ചിരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ഇത് ചെറിയ പൊതികളാക്കി മലപ്പുറം ജില്ലയിലെയും അയൽജില്ലകളിലെയും ഗ്രാമങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
അയൽസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോറികളിലാണ് മയക്കുമരുന്ന് പ്രധാനമായും എത്തുന്നത് എന്ന കാര്യം പരസ്യമാണ്. മയക്കുമരുന്നു ചാക്കുകൾ ലോറിയുടെ അടിഭാഗത്ത് വെച്ച് അതിന് മുകളിൽ പച്ചക്കറി നേരിട്ട് കയറ്റുന്നതാണ് രീതി. ചെക്ക് പോസ്റ്റുകളിൽ ഇവ പരിശോധിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഏറെയുള്ളതിനാൽ പലപ്പോഴും വേണ്ടത്ര പരിശോധന നടക്കാറില്ല. മാത്രമല്ല, നൂറുകണക്കിന് ലോറികളാണ് പുലർകാലങ്ങളിൽ അതിർത്തി കടന്നെത്തുന്നത്. ഇതെല്ലാം പരിശോധിക്കാൻ സമയമെടുക്കും. ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ലോറിയിൽ പച്ചക്കറിയായതിനാൽ ഏറെ നേരം ചെക്ക്‌പോസ്റ്റുകളിൽ പിടിച്ചിടാനാകില്ലെന്നതും മയക്കുമരുന്നു കടത്തുന്നവർക്ക് സഹായമായി മാറുന്നു. പച്ചക്കറി ലോറികൾ പോകുന്നത് ചെറിയ പട്ടണങ്ങളിലേക്കും അവിടെ നിന്ന് ഗ്രാമങ്ങളിലേക്കുമായതിനാൽ പരിമിതമായ പരിശോധനാ സംവിധാനം മൂലം നാർകോട്ടിക്‌സ് വിഭാഗത്തിന് എല്ലായിടത്തും എത്താനുമാകില്ല.
പരമ്പരാഗത ലഹരി ഉൽപന്നമായ കഞ്ചാവു മുതൽ പുതിയ രൂപത്തിലെത്തുന്ന ദ്രാവകങ്ങൾ, സ്റ്റാമ്പുകൾ എന്നിവയുടെ വിൽപനയും വടക്കൻ ജില്ലകളിൽ വർധിച്ചു വരുന്നുണ്ട്. കൊച്ചി പോലുള്ള മഹാനഗരങ്ങളിൽ നടക്കുന്ന ലഹരി പാർട്ടികൾ മലബാറിൽ വിരളമാണെങ്കിലും കോളേജ്, സ്‌കൂൾ വിദ്യാർഥികൾക്കിടയിലും തൊഴിലാളികൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണ്. വിദ്യാർഥികളാണ് ലഹരി വിൽപന സംഘങ്ങളുടെ പ്രധാന ലക്ഷ്യം. കാമ്പസുകളിലും നിർമാണത്തിലിരിക്കുന്നതും ആളൊഴിഞ്ഞതുമായ കെട്ടിടങ്ങളിലും പുകയൂതി യുവത്വം ലഹരിയുടെ അപകട ലോകത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ലഹരി ഉൽപന്നങ്ങളുടെ വിപണനം തടയുന്നതോടൊപ്പം ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ കൂടുതലായി നടക്കേണ്ടതുണ്ട്. ഉപയോഗം ഇല്ലാതാക്കാൻ നല്ലത് ലഭ്യത കുറക്കുകയാണെന്നതാണ് ശീലങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വം. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി ഉൽപന്നങ്ങൾ എത്തുന്നത് തടയാൻ കുറെ കൂടി കാര്യക്ഷമമായ സംവിധാനങ്ങൾ ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ കർശനമാകണം. യുവാക്കൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാൻ സംവിധാനങ്ങൾ വേണം. കായിക രംഗങ്ങളിലേക്ക് യുവാക്കളെ കൂടുതൽ ആകർഷിച്ച് ലഹരിയിൽ നിന്ന് മാറി നടത്താനുള്ള ശ്രമം നേരത്തെ സംസ്ഥാന പോലീസും നാർകോട്ടിക്‌സ് വിഭാഗവും ചേർന്ന് ആവിഷ്‌കരിച്ചിരുന്നു. ഇത്തരം പദ്ധതികൾ പാതി വഴിയിൽ അവസാനിക്കരുത്. നിരന്തരമായ ശ്രമങ്ങളിലൂടെ യുവാക്കളെ നന്മയുടെ വഴികളിൽ സജീവമാക്കി നിർത്തുന്നതും ഉൽപാദനക്ഷമരാക്കുന്നതും ലഹരിയുടെ ലോകത്തേക്ക് അവർ വഴി മാറി നടക്കുന്നത് തടയാൻ സഹായിക്കും.