Sorry, you need to enable JavaScript to visit this website.

ലെബനോൻ പ്രതിസന്ധിക്ക് കാരണം ഹിസ്ബുല്ല -ആദിൽ അൽജുബൈർ

സഅദ് അൽഹരീരി ഫ്രാൻസ് സന്ദർശിക്കും

റിയാദ് - ലെബനോനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണക്കാർ ഹിസ്ബുല്ലയാണെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ കുറ്റപ്പെടുത്തി. ഫ്രഞ്ച് വിദേശ മന്ത്രി ജീൻ ലെഡ്രിയാനൊപ്പം റിയാദിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും ഫ്രഞ്ച് വിദേശ മന്ത്രി ഇന്നലെ ചർച്ച നടത്തി.
ലെബനീസ് ഗവൺമെന്റിനെ ഹിസ്ബുല്ല ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ കൈയിലെ ഉപകരണമായി ഹിസ്ബുല്ലയും മാറി. ലെബനോനിലെയും മേഖലയിലെയും സുരക്ഷാ ഭദ്രത തകർക്കുന്നതിന് ഭീകര സംഘടനയായ ഹിസ്ബുല്ലയെ ഇറാൻ ഉപയോഗിക്കുകയാണ്. ഹിസ്ബുല്ലയെ നിലക്കു നിർത്തുന്നതിന് മാർഗം കണ്ടെത്തണം. ഇക്കാര്യത്തിൽ ഫലപ്രദമായ ചുവടുവെപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഹിസ്ബുല്ലയെ ലെബനീസ് വകുപ്പുകൾ നിരായുധരാക്കണം. 
ലെബനോൻ പ്രധാനമന്ത്രി പദത്തിൽനിന്ന് രാജിവെച്ച സഅദ് അൽഹരീരിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മിഷേൽ ഔൻ ഉന്നയിച്ച വാദങ്ങൾ വാസ്തവ വിരുദ്ധമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് സഅദ് അൽഹരീരി പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവെച്ചത്. സഅദ് അൽഹരീരിയെ സൗദി അറേബ്യ ബന്ദിയാക്കിയിരിക്കുകയാണെന്ന ലെബനീസ് പ്രസിഡന്റിന്റെ വാദം അടിസ്ഥാന രഹിതമാണ്. 
സ്വന്തം താൽപര്യ പ്രകാരമാണ് സഅദ് അൽഹരീരി സൗദിയിൽ കഴിയുന്നത്. ലെബനോനിലേക്ക് തിരിച്ചുപോകുന്ന കാര്യത്തിൽ സഅദ് അൽഹരീരി തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ഹിസ്ബുല്ലയുടെ കാര്യത്തിൽ സൗദി അറേബ്യ സഖ്യരാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. 
യെമനിലെ പട്ടിണിക്ക് കാരണക്കാർ ഹൂത്തികളാണ്. റിയാദിനു നേരെ ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഫ്രാൻസ് സ്വീകരിച്ച നിലപാടിനെ സൗദി അറേബ്യ വിലമതിക്കുന്നതായും ആദിൽ അൽജുബൈർ പറഞ്ഞു. 
മേഖലയിലെ എല്ലാ പ്രശ്‌നങ്ങളിലും സൗദി അറേബ്യക്കും ഫ്രാൻസിനും സമാന നിലപാടാണുള്ളതെന്ന് ഫ്രഞ്ച് വിദേശ മന്ത്രി ജീൻ ലെഡ്രിയാൻ പറഞ്ഞു. യെമനിൽ റിലീഫ് പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 
ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ നാം വിജയിച്ചിട്ടുണ്ട്.  സമാധാന പോരാട്ടത്തിലും നാം വിജയിക്കേണ്ടതുണ്ട്. സഅദ് അൽഹരീരി ആഗ്രഹിക്കുന്ന സമയത്ത് ഫ്രാൻസ് സന്ദർശിക്കും. ഫ്രാൻസിന്റെ സുഹൃത്ത് എന്നോണം സഅദ് അൽഹരീരിയെ സ്വീകരിക്കും. മേഖലാ രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളിലും മേഖലയിൽ അധീശത്വം സ്ഥാപിക്കുന്നതിനുള്ള ഇറാന്റെ താൽപര്യങ്ങളിലും ഫ്രാൻസിന് ആശങ്കയുണ്ടെന്നും ഫ്രഞ്ച് വിദേശ മന്ത്രി പറഞ്ഞു. 
ഫ്രഞ്ച് വിദേശ മന്ത്രി ഇന്നലെ സഅദ് അൽഹരീരിയെ താമസസ്ഥലത്ത് സന്ദർശിച്ചിരുന്നു. സഅദ് അൽഹരീരിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസ് സന്ദർശനത്തിന് ക്ഷണിച്ചിട്ടുണ്ട്. സഅദ് അൽഹരീരി കുടുംബ സമേതം ശനിയാഴ്ച ഫ്രാൻസിലെത്തുമെന്നും ഏതാനും ദിവസങ്ങൾ ഫ്രാൻസിൽ ചെലവഴിച്ച ശേഷം അദ്ദേഹം ലെബനോനിലേക്ക് മടങ്ങുമെന്നും ലെബനോൻ പ്രസിഡന്റ് ഇന്നലെ പറഞ്ഞു. 
 

Latest News