റിയാദ് - പ്രവാസ സമൂഹത്തിന്റെ തൊഴിൽ നൈപുണ്യവും സമ്പാദ്യവും ലോക പരിചയവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന ബജറ്റിലെ കാഴ്ചപ്പാട് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഇതിലേക്കാവശ്യമായ പ്രായോഗിക നിർദേശങ്ങൾ വ്യവസ്ഥാപിതമായി പ്രവാസികളിൽ നിന്ന് സ്വീകരിക്കണമെും സൗദി ഐ.എം.സി.സി ആവശ്യപ്പെട്ടു.
ഇതിനായി പ്രവാസികളുടെ നൈപുണ്യവും യോഗ്യതകളും ഉൾക്കൊള്ളുന്ന സമ്പൂർണ ഡാറ്റാ ബാങ്ക് തയാറാക്കണം. അവ ശാസ്ത്രീയമായി പഠിച്ച് നടപ്പാക്കുന്നതിനുള്ള സംവിധാനം നോർക്കക്ക് കീഴിൽ ജില്ലാ തലങ്ങളിൽ ഉണ്ടാകണം. ഇതിന് കേരള സ്റ്റാർട്ടപ് മിഷൻ പോലുള്ള സ്ഥാപനങ്ങളെ നോർക്കയെയുമായി ബന്ധിപ്പിച്ച് രൂപപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ മുഖാമുഖം പരിപടിയിലാണ് സൗദി ഐഎംസിസി ഈ ആവശ്യം ഉന്നയിച്ചത്. പ്രസിഡന്റ് എഎം അബ്ദുല്ലക്കുട്ടിയാണ് യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രി യോഗത്തിൽ നിദേശിച്ച പ്രകാരം, സൗദി ഐ.എം.സി.സിയുടെ നാല് പ്രധാന നിർദേശങ്ങൾ ഉൾപ്പെടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ച കത്ത് സർക്കാരിന് സമർപ്പിച്ചു.
സാങ്കേതിക തൊഴിൽ ബിസിനസ് പരിചയവും പരിജ്ഞാനവുമുള്ള പ്രവാസികൾക്ക്, ഹ്രസ്വകാല പരിശീലനവും തൊഴിലിന് അനുസൃതമായ സർട്ടിഫിക്കേഷനും (ഓൺലൈനും നേരിട്ടുള്ളതുമായ) നൽകാൻ തൊഴിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ, ഐ.ടി.സി / സാങ്കേതിക സർവകലാശാല തുടങ്ങിയവയുമായി ചേർന്ന് പദ്ധതി ആവിഷ്‌കരിക്കണം. കോവിഡ് ബാധിച്ച നിരവധി പ്രവാസികളിൽ ഭൂരിഭാഗം പേരുടെയും കുടുംബത്തിന്റെ പ്രധാന അത്താണിയാണ് നഷ്ടമായിരിക്കുന്നത്.
അതിനാൽ ഇവരിൽ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ തെരഞ്ഞെടുത്ത് സർക്കാർ സാമ്പത്തിക സഹായം നൽകുകയും ഇത്തരം കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് സർക്കാർ തലത്തിൽ ജോലി നൽകുകയും വേണം. കോവിഡ് വ്യാപനം കാരണം, ഇന്ത്യയിൽ നിന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ചില രാജ്യങ്ങൾ ഇനിയും പുനരാരംഭിക്കാത്തത് നിരവധി പ്രവാസികളെ തിരിച്ചുപോകാൻ കഴിയാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിച്ചിരിക്കുകയാണ്.
ഗൾഫിൽ സൗദിയിലേക്കും കുവൈത്തിലേക്കും ഇനിയും ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള സർവീസിന് അനുമതിയായിട്ടില്ല. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസിന് അനുമതി നേടിയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ നയതന്ത്ര ശ്രമങ്ങൾ ഉണ്ടാകുന്നതിനാവശ്യമായ സമ്മർദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഐ.എം.സി.സി ഉന്നയിച്ചത്. സമർപ്പിച്ച നിർദേശങ്ങളിൽ സർക്കാരിന്റെ അഭിപ്രായവും തുടർനടപടികളും അറിയാൻ ആവശ്യമായ ചർച്ചകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തുമെന്നും ലോക കേരളം സഭാംഗം കൂടിയായ അബ്ദുല്ലക്കുട്ടി അറിയിച്ചു.