തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാനൊരുങ്ങുന്നു. മുല്ലക്കര രത്നാകരന് പകരം പ്രകാശ് ബാബുവിനെ ചടയമംഗലത്ത് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. രണ്ടുതവണ എന്ന നിബന്ധനയിൽ ഇളവു നൽകി നിലവിലെ മന്ത്രിമാരിൽ ഇ. ചന്ദ്രശേഖരൻ മാത്രമെ മത്സരിക്കാൻ സാധ്യതയുള്ളൂ. മന്ത്രിമാരായ വി എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു എന്നിവർ മാറിനിൽക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും ചീഫ് വിപ്പ് കെ. രാജനും വീണ്ടും മത്സരരംഗത്തുണ്ടാകും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർലമെന്ററിതലത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി.എൻ. ചന്ദ്രൻ എന്നിവരാണ് സംസ്ഥാന നേതൃനിരയിലെ മറ്റുപ്രധാനികൾ.
ഇ. ചന്ദ്രശേഖരൻ മാറിനിൽക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഒരുതവണകൂടി അവസരം നൽകാനാണ് പാർട്ടിയിലെ പൊതുവികാരം. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത ആളാണ് ചന്ദ്രശേഖരൻ. സുനിൽകുമാറിനു പകരം തൃശൂരിൽ കൗൺസിലറായ സാറാമ്മ റോബ്‌സണെ പരിഗണിക്കുന്നുണ്ട്. തിലോത്തമനുപകരം ചേർത്തലയിൽ സിനിമാനടൻ ജയൻ ചേർത്തലക്ക് അവസരം നൽകിയേക്കും. സി. ദിവാകരൻ, ഇ.എസ്. ബിജിമോൾ, ചിറ്റയം ഗോപകുമാർ, ഇ.കെ. വിജയൻ എന്നിവരും മത്സരരംഗത്തുനിന്ന് മാറും. ദിവാകരന് പകരക്കാരനായി സി.പി.ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി ജി.ആർ. അനിൽ നെടുമങ്ങാട് മത്സരിക്കും. യുവാക്കളെ പരിഗണിച്ചാൽ നാദാപുരത്ത് അഡ്വ. പി. ഗവാസിനാണ് സാധ്യത.
പാർട്ടിക്ക് ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള കൊല്ലത്ത് അഞ്ചു സീറ്റിലാണ് സി.പി.ഐ. മത്സരിക്കുന്നത്. നേരത്തേ ആറു സീറ്റുണ്ടായിരുന്നു. പത്തനാപുരം സി.പി.എം ഏറ്റെടുത്തതാണ്. സി.എം.പിക്ക് നൽകിയ ചവറ സീറ്റും ഇപ്പോൾ സി.പി.എമ്മിന്റെ കൈവശമാണ്. ചവറ, കുന്നത്തൂർ, ഇരവിപുരം എന്നീ സീറ്റുകളിലേതെങ്കിലുംകൂടി വേണമെന്നതാണ് സി.പി.ഐയുടെ ആവശ്യം. കുന്നത്തൂർ മണ്ഡലത്തിൽ ആർ.എസ്.പി (ലെനിനിസ്റ്റ്) യിലെ കോവൂർ കുഞ്ഞുമോനാണ് നിലവിൽ എം.എൽ.എ. കുഞ്ഞുമോൻ സിപിഐയിലേക്ക് വന്നാൽ അത് സി.പി.ഐക്ക് ലഭിക്കും.
കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകേണ്ടിവരുമെന്നാണ് സി.പി.ഐ കണക്കുകൂട്ടുന്നത്. അങ്ങനെവന്നാൽ, പകരം പൂഞ്ഞാർ ആവശ്യപ്പെടും. ഇവിടെ എ.ഐ.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ കോട്ടയം ജില്ലാപഞ്ചായത്ത് അംഗവുമായ ശുബേഷ് സുധാകറിനെ പരിഗണിച്ചേക്കും.
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് കബീറിനെ മണ്ണാർക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനിടയുണ്ട്. വൈസ് പ്രസിഡന്റ് ജിസ്‌മോനും മത്സരത്തിനുണ്ടാവും.