കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന മുന്‍ നിര്‍ത്തി ജാമ്യം റദ്ദാക്കാന്‍ വിജിലന്‍സ് കോടതി സമീപിക്കാന്‍ ഒരുങ്ങുന്നതായി സൂചന. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ താന്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുക്കമാണെന്ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നു ജാമ്യം നേടിയ ആള്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിജിലന്‍സിന്റെ ചോദ്യം. മണ്ഡലത്തിലെ പ്രചാരണ പരിപാടികൡ ഇബ്രാഹിംകുഞ്ഞ് പങ്കടുക്കുന്നതിന്റെ നോട്ടീസുകളും തെളിവായി അവര്‍ കാണിക്കുന്നു.