കോട്ടയം - ശരദ് പവാറുമായുളള നിര്‍ണായക കൂടിക്കാഴ്ചക്കു ശേഷം മാണി സി. കാപ്പന്‍ പാലായില്‍ മടങ്ങിയെത്തി. അതിനിടെ പാലാ സീറ്റ് ഏറെക്കുറെ കേരള കോണ്‍ഗ്രസ് എം ഉറപ്പിച്ച മട്ടിലാണ്. സി.പി.എം ഗൃഹ സമ്പര്‍ക്ക വേദികളിലെ ജോസ് കെ. മാണിയുടെ സാന്നിധ്യം ഈ സൂചനയാണ് നല്‍കുന്നത്. ഫെബ്രുവരി ഒന്നിനാണ് എന്‍.സി.പിയുടെ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച. പാലാ സീറ്റ് കടുത്ത സമ്മര്‍ദത്തിലൂടെ നേടിയെടുക്കേണ്ട എന്ന നിലപാടിലേക്ക്് മാണി സി കാപ്പന്‍ എത്തിക്കഴിഞ്ഞു. അത് മാണി ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ പാലായില്‍ വോട്ടു ചോര്‍ച്ചക്ക് ഇടയാക്കുമെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ അന്തിമ ഘട്ട ചര്‍ച്ചയില്‍ എന്‍.സി.പിക്ക് സിറ്റിംഗ് സീറ്റായ പാലാ നല്‍കിയാലും കേരള കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ലഭിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ മറ്റൊരു മണ്ഡലം തേടാനോ അല്ലെങ്കില്‍ യു.ഡി.എഫിലേക്ക് ചെക്കേറാനോ ആണ് പാലായിലെ എന്‍.സി.പി ആഗ്രഹിക്കുതെന്നാണ് അറിയുന്നത്്.
സോളാര്‍ ആരോപണത്തോടെ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ദുര്‍ബലമായെന്നാണ് എന്‍.സി.പിയിലെ ഒരു വിഭാഗം കരുതുന്നത്്. അതേ സമയം സോളാര്‍ കേസില്‍ തനിക്ക്് ഒരു ബന്ധവുമില്ലെന്നാണ് ജോസ്് കെ. മാണിയുടെ നിലപാട്്. തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് നിലപാട്്. സോളാര്‍ കേസിലെ പരാതിക്കാരിയുടെ ആരോപണം നിലനില്‍ക്കുന്നില്ലെന്നാണ് അണികള്‍ക്കു നല്‍കിയ സന്ദേശം. അതേ സമയം കോട്ടയത്തെ തന്നെ മറ്റൊരു യു.ഡി.എഫ് എം.എല്‍.എ പരാതിക്കാരിയുമായി മണിക്കൂറുകളോളം സംസാരിച്ച കാര്യവും കേരള കോണ്‍ഗ്രസ് എം എടുത്തുകാട്ടുന്നു. തങ്ങളുടെ ചെയര്‍മാനെ കുടുക്കാനുളള നീക്കം വിലപോവില്ലെന്നും നേതാക്കള്‍ പറയുന്നു.
അതിനിടെ എന്‍.സി.പി പിളര്‍പ്പിലേക്കെന്ന സൂചനകള്‍ക്കിടെ പാലാ എം.എല്‍.എ മാണി സി.കാപ്പന്‍ മുംബൈയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു വിശദമായി തന്നെ ചര്‍ച്ച നടത്തി. പാലായില്‍ ജോസ് കെ. മാണി തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മുന്നണി വിടണമെന്ന നിലപാട് കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചതായാണ് അറിയുന്നത്.
മുന്നണി മാറ്റക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് കാട്ടി ടി.പി. പിതാംബരന്‍ ശരദ് പവാറിന് കത്ത് എഴുതിയിരുന്നു. കേരളത്തിലേക്ക് വരാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇപ്പോഴത്തെ കൂടിക്കാഴ്ചകള്‍ നിര്‍ണായകമാണ്. പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. എന്നാല്‍, പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നു. പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍.
ഇതോടെ എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പന്‍ വിഭാഗം പരാതി നല്‍കി. ശരദ് പവാറിനാണ് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ശശീന്ദ്രന്‍ ഒരു വിഭാ?ഗം പ്രവര്‍ത്തകരുടെ യോഗം വിളിച്ചതിനാണ് പരാതി. ശശീന്ദ്രനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലാ സീറ്റിനെച്ചൊല്ലി, ഇടതു മുന്നണി വിടുന്ന കാര്യത്തില്‍ എന്‍സിപിക്ക് അകത്തുള്ള ഭിന്നാഭിപ്രായം മറനീക്കി പുറത്തുവന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പരാതി.ഇരു വിഭാഗത്തിന്റെ നിലപാടും കൂടാതെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്തിയായിരിക്കും ശരദ് പവാര്‍ ഫെബ്രുവരി ഒന്നിന് നിര്‍ണായക ചര്‍ച്ചയിലേക്ക് എത്തുക. മുഖ്യമന്ത്രി പിണറായി വിജയനുമായും പവാര്‍ ആശയവിനിമയം നടത്തും.