തിരുവനന്തപുരം- നഗരത്തിലെ പ്രമുഖ വ്യവസായി എസ്.പി ഗ്രാൻഡ് ഡേയ്‌സ് ഉടമയുടെ മകനുമായ ആദർശ് (21) കാറപകടത്തിൽ മരിച്ചു. പുതുതായി വാങ്ങിയ സ്‌കോഡ കാറിൽ അമിതവേഗത്തിൽ യാത്ര ചെയ്യവെയാണ് ആദർശ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ രണ്ടു ഓട്ടോറിക്ഷകളിലും വൈദ്യുതി പോസ്റ്റിലുമിടിച്ചാണ് തകർന്നത്. ബിരുദ വിദ്യാർഥിയായ ആദർശിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു ബെൻസ് കാറുമായി അമിതവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശിൽപ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഓട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കും പരിക്കേറ്റു. വെള്ളയമ്പലം ഭാഗത്ത്‌നിന്ന് കവടിയാറിലേക്ക് ബെൻസ് കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ കാർ മൻമോഹൻ ബംഗ്ലാവിന് എതിർവശത്ത് മുമ്പിലുണ്ടായിരുന്ന ഓട്ടോ റിക്ഷയെ ഇടിച്ചുമറിച്ചിട്ടു. ഇതിന് ശേഷം റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പോലീസ് എത്തി പുറത്തെടുത്തു. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ആദർശിനെ ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് പറഞ്ഞു. ഇവർക്കൊപ്പം മത്സരയോട്ടം നടത്തിയ ബെൻസ് കാർ കണ്ടെത്താനായിട്ടില്ല.