കോഴിക്കോട്- മന്ത്രിസഭാ ബഹിഷ്‌കരണത്തെ ചൊല്ലിയുള്ള സി.പി.എം, സി.പിഐ പോര് തുടരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പേര് വച്ചെഴുതിയ ജനയുഗത്തിലെ എഡിറ്റോറിയലിന് ദേശാഭിമാനി ഇന്ന് മുഖപ്രസംഗത്തിലൂടെ മറുപടി നല്‍കി. ഒരു ആരോപണം ഉയരുമ്പോള്‍ അത് പരിശോധിക്കാതെ സ്വാഭാവികനീതി ഒരു മന്ത്രിക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു.
തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനം വേണ്ടിവരുമെന്ന നിലപാടിന് ഒരു മന്ത്രിക്കെതിരെ പരാതി വന്നാല്‍ അത് മുഖ്യമന്ത്രിയെ അറിയിക്കാതെ റവന്യു മന്ത്രി കലക് ടര്‍ക്ക് കൈമാറിയത് ശരിയാണോ എന്ന മറുചോദ്യമാണ് ഉന്നയിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഒരു പരിശോധനകൂടാതെ ഗവണ്‍മെന്റിന് ഒരു തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. കുറ്റംചെയ്ത ഒരാള്‍ക്കും എല്‍ഡിഎഫ് സംരക്ഷണം നല്‍കുകയില്ല. ഈ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന്റെ ഏറ്റവുംവലിയ കരുത്ത്. അന്നത്തെ കലക്ടറുടെ നിഗമനത്തില്‍നിന്ന് വ്യത്യസ്തമായിട്ടുള്ള ഇപ്പോഴത്തെ കലക്ടറുടെ 20-10-17ലെ നിഗമനങ്ങള്‍ നിയമപ്രകാരം നിലനില്‍ക്കത്തക്കതല്ല എന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച പരിശോധനകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഏര്‍പ്പെട്ടത്. മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരുന്നെങ്കില്‍ ഒമ്പതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത.് മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല എന്നും മുഖപ്രസംഗം സിപിഐയെ ഓര്‍മ്മിപ്പിക്കുന്നു