കണ്ണൂര്‍- വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭന്‍ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം. ടി പത്മനാഭന്റെ വീട് സ്ഥിതി ചെയ്യുന്ന മേഖലയിലാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയത്. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു.ടി.പത്മനാഭവന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയും ശ്രദ്ധയില്‍പ്പെടുത്താമെന്ന് പി.ജയരാജന്‍ ഉറപ്പുനല്‍കി. എന്നാല്‍ അത് വേണമെന്നില്ലെന്നും സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ടി. പത്മനാഭന്‍ പറഞ്ഞു