കൽപറ്റ-വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാവീഴ്ചയെ പറ്റി ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. കണ്ണൂർ ചെലേരി കല്ലറ പുരയിൽ ഷഹാനയാണ്(26) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിനടുത്ത് പുഴയോരത്തുള്ള ടെന്റ്ിനു പുറത്തു വിശ്രമിക്കുന്നതിനിടെ രാത്രി ഏഴേമുക്കാലോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിസരത്തുണ്ടായിരുന്നവർ ഒച്ചയിട്ടു ആനയെ അകറ്റി ഷഹാനയെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ വനപാലകർ റിസോർട്ടിലുണ്ടായിരുന്ന സഞ്ചാരികളെ രാത്രിതന്നെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മേപ്പാടിയിൽനിന്നു ഏകദേശം ഏഴു കിലോമീറ്റർ അകലെയാണ് എളമ്പിലേരി.
ജില്ലയിലെ മുഴുവൻ ടെന്റുകളും പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. അപകടമുണ്ടായ റിസോർട്ട് പഞ്ചായത്ത് ഇടപെട്ട് പൂട്ടി.
പേരാമ്പ്ര ദാറു നുജൂം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് ഷഹാന