കാസര്‍കോട് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചയാള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്.
ചെമ്മനാട് ദേളിയിലെ താമസക്കാരനയ സലി എച്ച് മുഹമ്മദ് റഫീഖ് എന്ന 48കാരനാണ് ആക്രമണത്തില്‍ മരിച്ചത്.
ഇവിടെ നിയമത്തിന്റെ ബലഹീനതയുണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതിനുള്ള പരിഹാരം ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതല്ല. കുറ്റകൃത്യത്തിലെ ശരിയും തെറ്റും വ്യക്തികള്‍ തീരുമാനിച്ച് ശിക്ഷ നടപ്പില്‍ വരുത്താന്‍ തുടങ്ങുന്നതില്‍ നമ്മള്‍ അഭിരമിക്കുന്നത് ശരിയല്ല. നാളെ അതിന്റെ പേരില്‍ മുഷ്ടികളും കത്തിമുനയും വെടിയുണ്ടയുമെല്ലാം ആരുടെ നേര്‍ക്കും നീളാം. നിയമം നടപ്പില്‍ വരുത്തേണ്ടവര്‍ അത് ചെയ്യട്ടെ- ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നാല്‍പത്തഞ്ചുകാരനെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും മര്‍ദ്ദിക്കുകയും, അയാള്‍ മരിക്കുകയും ചെയ്തിരിക്കുന്നു. കാസര്‍കോട് ആണ് സംഭവം നടന്നത്.
പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കേട്ടാല്‍ അവിടെയുള്ള ആളുകള്‍ ഇടപെടുന്നത് സ്വാഭാവികം. ഉടനെ പോലീസിനെ അറിയിക്കുകയും പോലീസ് വരുന്നത് വരെ അയാളെ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാതെ നിയമത്തിന് കൈമാറുകയുമാണ് വേണ്ടിയിരുന്നത്. പീഡനം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ആളിനെ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ഉത്തരേന്ത്യന്‍ സ്‌റ്റൈല്‍ ആള്‍ക്കൂട്ടനീതി നടപ്പാക്കലൊക്കെ ശരിയെന്ന് ഒരു വികാരതള്ളിച്ചയുടെ പേരില്‍ തോന്നിയേക്കാം. ലിംഗം മുറിച്ച് കളയാനും മുരിക്കില്‍ കേറാനും മുളകുപൊടി തേക്കാനുമൊക്കെ ഒരു മൂച്ചിന് പറയുകയും ചെയ്യാം. കുറ്റം ചെയ്ത ഏതവനാണ് ഇവിടെ നേരെ ചൊവ്വേ ശിക്ഷ കിട്ടിയിട്ടുള്ളത് എന്ന ചോദ്യവും ചോദിക്കപ്പെടാം.
പക്ഷേ, ഇവിടെ നിയമത്തിന്റെ ബലഹീനതയുണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതിനുള്ള പരിഹാരം ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതല്ല. കുറ്റകൃത്യത്തിലെ ശരിയും തെറ്റും വ്യക്തികള്‍ തീരുമാനിച്ച് ശിക്ഷ നടപ്പില്‍ വരുത്താന്‍ തുടങ്ങുന്നതില്‍ നമ്മള്‍ അഭിരമിക്കുന്നത് ശരിയല്ല. നാളെ അതിന്റെ പേരില്‍ മുഷ്ടികളും കത്തിമുനയും വെടിയുണ്ടയുമെല്ലാം ആരുടെ നേര്‍ക്കും നീളാം. നിയമം നടപ്പില്‍ വരുത്തേണ്ടവര്‍ അത് ചെയ്യട്ടെ. നിയമം പാലിക്കാം, പാലിക്കാത്തവരെ അതിന്റെ കീഴിലേല്‍പ്പിക്കാം. ആള്‍ക്കൂട്ടനീതി നടപ്പാക്കലുകള്‍ പ്രാകൃതമാണ്. പാതകമാണ്.