തുറൈഫ്- ശൈത്യം കഠിനമായ തുറൈഫിൽ പ്രതിരോധിക്കാൻ പുതിയ മാർഗങ്ങൾ പ്രയോഗിക്കുന്നു. കഠിനമായ തണുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ താപനില കുറഞ്ഞ് മൈനസ് രണ്ട് ആയിരുന്നുവെങ്കിൽ വെള്ളിയാഴ്ച കാലത്ത് മുതൽ മൈനസ് മൂന്നായിരുന്നു. ശക്തമായ തണുപ്പുകൊണ്ട് ജനങ്ങൾ വിറച്ചു. ശൈത്യത്തെ പ്രതിരോധിക്കാനായി അനേകം മാർഗങ്ങളാണ് ജനങ്ങൾ സ്വീകരിക്കുന്നത്. വിറക് കത്തിക്കുകയും അതിനു ചുറ്റും കൂടുകയും ചെയ്യുന്ന രീതിയാണ് സ്വദേശികളിൽ അധികവും സ്വീകരിക്കുന്നത്. വിറകിന് പുറമെ അൽഫഹം കരി കത്തിക്കുകയും ചൂട് കൊള്ളുകയും ചെയ്യുന്നവരും കുറവല്ല.
ഹീറ്ററുകൾ ഉപയോഗിക്കുന്നവർ മണ്ണെണ്ണ, ഡീസൽ എന്നിവയുടെയും കറന്റിന്റെയും ഹീറ്ററുകളാണ് ഉപയോഗിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാൻ ഡീസൽ, മണ്ണെണ്ണ ഹീറ്ററുകൾ ഏറെ ഫലപ്രദമാണ് എന്നാണ് ധാരാളം ആളുകൾ കരുതുന്നത്. പ്രവാസികളിൽ അധികവും വൈദ്യുതി ഹീറ്ററാണ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായി മണ്ണെണ്ണ ഹീറ്റർ ഉത്തര പ്രവിശ്യയിലുള്ളവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ അതിന്റെ മണം ശരീരത്തിന് ദോഷം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ മണ്ണെണ്ണ വിൽക്കപ്പെടുന്ന പെട്രോൾ പമ്പുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. പലപ്പോഴും തിക്കും തിരക്കും കാരണം പോലീസ് നിയന്ത്രിക്കാനായി എത്തുകയാണ്. തണുപ്പ് പ്രതിരോധിക്കാനായി സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കട്ടിയുള്ള വസ്ത്രങ്ങളും കോട്ടുകളും ഉപയോഗിക്കുന്നു. അറബികൾ ഫർവ എന്ന കട്ടിയുള്ള മുഴുനീള കോട്ട് ധരിക്കുന്നു. കട്ടിയുള്ള സോക്‌സും തൊപ്പിയും മഫഌറുമെല്ലാം ധരിക്കുന്നു. തണുപ്പ് കാരണം പൈപ്പിൽ കാലത്ത് വെള്ളം കട്ടിയായി നിൽക്കുന്നു. അതികഠിനമായ തണുപ്പ് അനുഭവപ്പെടുകയാണ് തുറൈഫിൽ.