ജിദ്ദ- ജനുവരി 30 ന് നടക്കുന്ന പി.എസ്.സി പരീക്ഷയ്ക്ക് എത്തുന്ന ഗൾഫിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യണമെന്നും ക്വാറന്റൈൻ നിർദേശങ്ങളിൽ കേരള സർക്കാർ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ട് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം അയച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും 14 ദിവസം കേരളത്തിൽ ഹോം ക്വാറന്റൈൻ നിർബന്ധമെന്നത്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇത്തരത്തിൽ ഒരു നിബന്ധനയും ഇല്ല. ഇപ്പോൾ വിദേശത്ത് നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വർ മൂന്ന് വർഷത്തിന് ശേഷം നടക്കുന്ന ഈ പി.എസ്.സി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തുന്നതിനു തന്നെ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. പ്രത്യേകിച്ചും സൗദി അറേബ്യയിൽ വിമാന സർവീസുകളുടെ അപര്യാപ്തത കാരണം നാട്ടിലെത്തുവാനും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കുവാൻ സാധിക്കാത്ത സാഹചര്യമുണ്ട്.
ഇതിൽ അടിയന്തരമായി ഇളവ് അനുവദിച്ചു വേണ്ട നടപടികൾ സ്വീകരിക്കണം. പി.എസ്.സി നിബന്ധന പ്രകാരം ഏതെങ്കിലും ഉദ്യോഗാർഥി അപേക്ഷ നൽകിയതിന് ശേഷം പരീക്ഷക്ക് ഹാജരാകാതെയിരുന്നാൽ പിന്നീട് അവരെ ഈ പ്രക്രിയയിൽ നിന്നും ഒഴിവാക്കുന്ന രീതിയാണ് നിലവിലുള്ളത്. ആയതിനാൽ ഈ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും വിധത്തിൽ പരീക്ഷയ്ക്ക് എത്താതെയിരുന്നാൽ പ്രവാസികളായവരെ തുടർന്നും അവരുടെ രജിസ്‌ട്രേഷൻ നിലനിർത്തണമെന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീർ നിവേദനത്തിൽ ആവശ്യപ്പെട്ടു. മൂന്ന് വർഷം മുപ് നടന്ന നഴ്‌സിങ് പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറച്ച് മാസങ്ങൾക്കുള്ളിൽ അവസാനിക്കാറായിട്ടും ആകെ നൂറിലധികം പേർക്കാണ് ഇതിനോടകം നിയമന ഉത്തരവ് നൽകിയത്.
ലിസ്റ്റിലുള്ള പലരും ജോലി കാത്ത് നിൽക്കുന്നതിനിടയിലാണ് പ്രവാസികളായി എത്തിയത്. റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം കാത്ത് കഴിയുന്ന പ്രവാസികളാണ് വീണ്ടും പരീക്ഷ എഴുതുവാൻ എത്തുന്നവരിൽ പലരും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകേണ്ട സമയത്ത് ലോകത്ത് തന്നെ സ്തുത്യർഹ്യമായ സേവനം കാഴ്ചവെച്ച മലയാളി നഴ്‌സുമാരുടെ സേവനത്തെ കേരളം വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതിൽ കടുത്ത ആലംഭാവമാണ് കാണുന്നത്. കോവിഡിനെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിനിടയിൽ മരണപ്പെട്ട നിരവധി ഡോക്ടർമാർക്കും നഴ്‌സുമാർക്കും സൗദി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നേടിയെടുക്കുന്നതിനു നോർക്ക വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പി.എസ്.സി ഈ കാര്യത്തിൽ സ്വികരിക്കേണ്ട നടപടികൾ ആവശ്യപ്പെട്ട് ചെയർമാൻ അഡ്വ.സക്കീർ ഹുസൈനും വിഷയത്തിൽ ഇടപെടുവാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നിവേദനം അയച്ചതായും നേതാക്കൾ അറിയിച്ചു.