Sorry, you need to enable JavaScript to visit this website.

ഒരുമിച്ച് നിൽക്കുക, ഗ്രൂപ്പ് കളി വേണ്ടെന്ന് ഹൈക്കമാന്റ്‌

തിരുവനന്തപുരം - വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കണം. 
സ്ഥാനാർഥികളെ നിർണയിക്കുമ്പോൾ ഗ്രൂപ്പ് വീതം വെപ്പ് പാടില്ല, പകരം ജയസാധ്യത മാത്രം നോക്കണം - ഇന്നലെ തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് നയരൂപീകരണ ചർച്ചയിൽ ഹൈക്കമാന്റ് പ്രതിനിധികൾ പാർട്ടി നേതാക്കൾക്ക് നൽകിയ നിർദേശം ഇതായിരുന്നു. പരസ്യ വിഴുപ്പലക്കൽ ഒരു കാരണവശാലും പാടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞപ്പോൾ, നേതാക്കൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹൈക്കമാന്റ് നിരീക്ഷകൻ താരിഖ് അൻവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. കേരളത്തിൽ ഇടതുപക്ഷവും ബി.ജെ.പിയും ഒരുപോലെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഈ ഘട്ടത്തിൽ പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാവുന്ന അവസ്ഥ പാർട്ടിക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് വേണുഗോപാൽ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർക്ക് അവ പാർട്ടിയുടെ മേൽനോട്ട സമിതിക്ക് മുമ്പാകെ പറയാം. അല്ലാതെ പരസ്യ വിഴുപ്പലക്കൽ പാടില്ല. സ്ഥാനാർഥികളെ നിർണയിക്കുമ്പോൾ ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു, അല്ലാതെ ഗ്രൂപ്പ് പരിഗണനയാവരുത്. 


സ്ഥാനാർഥി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്നവർക്ക് രമേശ് ചെന്നിത്തലയും താക്കീത് നൽകി. ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാവാൻ നോക്കേണ്ട. സ്ഥാനാർഥികളെ കണ്ടെത്താൻ എ.ഐ.സി.സി നേതൃത്വത്തിന് പ്രത്യേക സംവിധാനമുണ്ടെന്നും അതിനായി ആരും പ്രമേയം പാസാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചത് സൗജന്യ കിറ്റ് കൊടുത്തതുകൊണ്ടല്ല, മറിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതുകൊണ്ടാണ്. അവരുടെ പ്രചാരണത്തെ അതേപോലെ നേരിടാൻ കോൺഗ്രസിന് സാധിച്ചില്ല. അതാണ് യു.ഡി.എഫിന്റെ തോൽവിക്ക് കാരണം. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് നേതാക്കളും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരെ ഒഴിവാക്കിയശേഷമായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരും സംസാരിച്ചു.
തെരഞ്ഞെടുപ്പിൽ ജനകീയ മാനിഫെസ്റ്റോക്ക് രൂപം നൽകുന്ന സമിതിയിൽ ശശി തരൂർ എം.പിയെയും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തിയശേഷമാവും മാനിഫെസ്റ്റോ തയാറാക്കുകയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.


സോണിയ ഗാന്ധിയുടെ ഇടപെടലിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള പിണക്കം അവസാനിപ്പിച്ച കെ.വി. തോമസും ഇന്നലെ യോഗത്തിനെത്തിയിരുന്നു. അശോക് ഗെഹ്‌ലോട്ട്, താരിഖ് അൻവർ എന്നിവരടക്കമുള്ളവരുമായി ചർച്ച നടത്തിയ അദ്ദേഹം പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കോ മകൾക്കോ എന്തെങ്കിലും സ്ഥാനമോ സ്ഥാനാർഥിത്വമോ നൽകണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾക്കെല്ലാം തനിക്ക് മറുപടി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രതിപക്ഷ പ്രവർത്തനം ശരിയായ നിലയിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിൽ അക്രമം കാട്ടുന്നതും സ്പീക്കറുടെ കസേര മറിച്ചിടുന്നതുമല്ല പ്രതിപക്ഷ പ്രവർത്തനം. ഈ സർക്കാരിന്റെ എല്ലാ അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ജനങ്ങളുടെ മുന്നിലെത്തിക്കാൻ കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News