Sorry, you need to enable JavaScript to visit this website.

ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ മത്സരിക്കാൻ  സന്നദ്ധരായി കൂടുതൽ കോൺഗ്രസ് നേതാക്കൾ

കോട്ടയം- ഭരണം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് കോൺഗ്രസ് മാറണമെന്ന ഹൈക്കമാന്റ് നിർദേശത്തിന് പിന്നാലെ ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ മത്സരിക്കാൻ സന്നദ്ധരായി കൂടുതൽ നേതാക്കൾ. പുതുപ്പള്ളിക്കു പകരം മറ്റ് എതെങ്കിലും മണ്ഡലത്തിലേക്ക് മാറാൻ ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന. 
തിരുവനന്തപുരം ജില്ലയിലെ ഒരു മണ്ഡലമാണ് സ്വയം തെരഞ്ഞെടുത്തത്. യു.ഡി.എഫിന്റെ ഷുവർ സീറ്റുകളിലൊന്നായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനോ, യൂത്ത് കോൺഗ്രസ് നേതാക്കളോ ആയിരിക്കും അത്തരമൊരു സാഹചര്യം സംജാതമായാൽ മത്സരിക്കുക. ഇടതു കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള ഈ നീക്കത്തിന് പിന്തുണയറിയിച്ച് ചാവേർ സ്ഥാനാർഥികളാകാൻ ദേശീയ നേതൃത്വത്തിലുള്ള നേതാക്കൾ വരെ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു.


കേരളത്തിൽ ഇടതു സർക്കാരിനെ താഴെയിറക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് ഹൈക്കമാന്റ് പല തവണ നേതാക്കളോട് ആവർത്തിച്ചു കഴിഞ്ഞു. ജയസാധ്യതയെ മാനദണ്ഡമാക്കൂ. ജനപ്രിയ നേതാക്കൾ എതിർപക്ഷത്തിനു പ്രഹരം നൽകാൻ കഴിയുന്ന മണ്ഡലങ്ങളിലേക്ക് മാറുന്നത് നന്നായിരിക്കുമെന്ന സന്ദേശം നേരത്തെ നൽകിയിരുന്നു. കോൺഗ്രസിന്റെ മുഖ്യ ശത്രു ബി.ജെ.പിയായതിനാൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്രീകരിക്കാനും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരികെ എത്തിച്ചില്ലെങ്കിൽ കേരളത്തിൽ യു.ഡി.എഫിന്റെ മരണമണിമുഴങ്ങുമെന്ന് നേതൃത്വം വിലയിരുത്തികഴിഞ്ഞു. സി.പി.എമ്മിന് വി.എസിന്റെ അഭാവത്തിൽ ജനസമ്മത നേതാക്കളില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് സർക്കാരിന്റെ ജനസമ്പർക്ക പരിപാടി അവസാനഘട്ടത്തിൽ ഇടതു മുന്നണി ആശ്രയിക്കുന്നതും തെല്ല് ആത്മവിശ്വാസം കുറഞ്ഞതിന്റെ സൂചനയായി യു.ഡി.എഫ് കരുതുന്നു. ജനങ്ങളോട് ഇഴുകി ചേരുന്ന നേതാക്കൾ സിപിഎമ്മിനോ ഇടതുപക്ഷത്തോ ഇല്ലെന്നതാണ് മറ്റൊരു കടമ്പ.


കോവിഡിന്റെ മറവിലുള്ള ഒരു താൽക്കാലിക വിജയം മാത്രമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതെന്നാണ് യുഡിഎഫ് കണക്കൂകൂട്ടൽ. നിയമസഭാ ഇലക്ഷനിൽ രാഷ്ട്രീയമായി വോട്ടു ചേരിതിരിയുമ്പോൾ വിജയിക്കാനാവും. പക്ഷേ ബിജെപിയിലേക്ക് ഒഴുകിയ ഹിന്ദുക്കളിലെ ഒരു വിഭാഗത്തിന്റെ വോട്ടുകൾ വിധി നിർണയിച്ചാൽ ഫലം മാറും. ഇത് കണക്കിലെടുത്താണ് ബിജെപി ശക്തികേന്ദ്രങ്ങളിൽ പുതിയ തന്ത്രത്തിന് രൂപം നൽകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ ശബരിമല വിശ്വാസികളായ ഹിന്ദു വികാരം വോട്ടായി എത്തിയത് യു.ഡി.എഫിലാണ്. സി.പി.എമ്മിന് തുടർഭരണം കിട്ടിയാൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. ബി.ജെ.പിയോടു കൂറുള്ള ഈ വോട്ടുകളും ഭരണമാറ്റത്തിനായി യു.ഡി.എഫിലെത്തുമെന്നാണ് നേതാക്കളുടെ വിശ്വാസം. എന്നാൽ കോവിഡ് കാല പ്രവർത്തനത്തിലൂടെ പ്രത്യേക പ്രതിച്ഛായ വളർത്താൻ ഇടതുമുന്നണിക്കു കഴിഞ്ഞിട്ടുണ്ടെന്നത് കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. അതേ സമയം യു.ഡി.എഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ ചില വിവാദങ്ങൾ അണിയറയിലുണ്ടെന്നതും കൂടുതൽ ജാഗരൂകരാകാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നു.

 

Latest News