കൊച്ചി- തിരഞ്ഞെടുപ്പ് ചിഹ്നത്തിന് വേണ്ടി കോഴ നൽകാൻ ശ്രമിച്ച് അറസ്റ്റിലായ കള്ളപ്പണക്കാരനും അധികാര ദല്ലാളുമായ സുകേശ് ചന്ദ്രശേഖരന്റെ കേരള ബന്ധങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പിന്റെ അന്വേഷണം. ഇയാളുടെ ഒമ്പത് ആഡംബര കാറുകറും ഒരു സൂപ്പർ ബൈക്കും കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തതിനെ തുടർന്നാണ് കൊച്ചിയിലെ കണ്ണികളെക്കുറിച്ച് അന്വേഷണം നടക്കുന്നത്. സുകേശ് ചന്ദ്രശേഖറിന്റെ കൂട്ടാളിയായ നവാസിനെ കേന്ദ്രീകരിച്ചാണ് കൊച്ചിയിലെ അന്വേഷണമെന്നാണ് സൂചന. ഇയാളുടെ വീട്ടിൽ നിന്നാണ് ഏഴ് കാറുകൾ പിടിച്ചെടുത്തത്. പോർഷെ, ലംബോർഗിനി, റോൾസ് റോയ്‌സ്, റേഞ്ച് റോവർ, ഫോർച്യൂണർ, ബി എം ഡബ്ല്യൂ, പ്രാഡോ, ഇന്നോവ, ഒരു ഡ്യൂക്കാട്ടി ബൈക്ക് എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കൊച്ചിയിൽ നിന്നും കഴിഞ്ഞ ദിവസം ബാംഗളൂരിൽ എത്തിച്ചിട്ടുണ്ട്്. ബാംഗളൂരിൽ നിന്ന് ചന്ദ്രശേഖറിന്റെ ഒരു ബെന്റ്‌ലിയും ജാഗ്വാറും നേരത്തെ ആദായനികുതിവകുപ്പ് പിടിച്ചെടുത്തിരുന്നു. കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയതാണ് ആഡംബര കാറുകൾ എന്നാണ് ആദായനികുതിവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
എ ഐ എ ഡി എം കെ നേതാവ് ശശികലയുടെയും ടി ടി വി ദിനകരന്റെയും അടുത്ത ആളായ സുകേശ് ചന്ദ്രശേഖരൻ പാർട്ടിക്ക് ചിഹ്നം അനുവദിക്കുന്നതിന് കൈക്കൂലി നൽകാൻ ശ്രമിക്കുമ്പോഴാണ് ഏപ്രിലിൽ ഡൽഹിയിൽ അറസ്റ്റിലായത്. അന്ന് ഇയാളിൽ നിന്ന് ഒന്നര കോടി രൂപയും ഒരു ബി എം ഡബ്ല്യൂ, മെഴ്‌സിഡസ്‌ബെൻസ് കാറുകളും പിടിച്ചെടുത്തിരുന്നു. ഇയാളുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹായിയായ നവാസ് എന്ന ആളെക്കുറിച്ച് വിവരം ലഭിക്കുന്നത്. അഞ്ച് കോടി രൂപ പണമായി നൽകി ഇയാൾ ഏതാനും ആഡംബര കാറുകൾ കൂടി വാങ്ങിയതായി വിവരം ലഭിച്ച ആദായനികുതി വകുപ്പ് കാറുകൾ കൊച്ചി സ്വദേശി നവാസിന്റെ കസ്റ്റഡിയിലാണുള്ളതെന്ന് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ 10ന് ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിഹാർ ജെയിലിൽ കഴിയുന്ന സുകേശ് ചന്ദ്രശേഖരനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ട്. അടുത്തിടെ ഒരു കേസിൽ ബാംഗളൂർ കോടതിയിൽ ഇയാളെ ഹാജരാക്കിയിരുന്നു.