തിരുവനന്തപുരും- കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും എതിര്‍പാര്‍ട്ടിക്കാര്‍ പോലും ആവശ്യപ്പെട്ടതു ഒടുവില്‍ സംഭവിച്ചു. തിരുവനന്തപുരം എംപി ശശി തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവ ഇടപെടലിനായി പാര്‍ട്ടി രംഗത്തിറക്കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രിക തയാറാക്കുക, യുവജനങ്ങളുമായി സംവദിക്കുക എന്നീ പ്രധാന ചുമതലകളാണ് കോണ്‍ഗ്രസ് കേരളത്തില്‍ തരൂരിനെ ഏല്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ഉന്നത സമിതിയുടെ യോഗമാണ് ശശി തരൂരിനെ ഈ ചുമതലകള്‍ ഏല്‍പ്പിച്ചത്. പ്രത്യേക നിരീക്ഷനായി എഐസിസി കേരളത്തിലേക്കയച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ കേരള പര്യടനം നടത്തും. ഇതാദ്യമായാണ് തരൂര്‍ കേരളത്തിലൂടനീളമുള്ള രാഷ്ട്രീ പ്രവര്‍ത്തനത്തിനായി പ്രത്യേക ചുമതലയേല്‍ക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനു വേണ്ടി സജീവമായി രംഗത്തുള്ള, ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തരൂരിനെ കോണ്‍ഗ്രസിന്റെ മങ്ങിയ സാധ്യതകള്‍ കണക്കിലെടുത്ത് കേരളത്തില്‍ രംഗത്തിറക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.