Sorry, you need to enable JavaScript to visit this website.

പിഞ്ചുകുഞ്ഞിന്റെ ജീവനു വേണ്ടി  കേരളം ഒരു രാവ് ഉണർന്നിരുന്നു 

കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ച ആംബുലൻസ് ഡ്രൈവർ തമീം

ആംബുലൻസിൽ പറന്ന തമീമിന് അഭിനന്ദന പ്രവാഹം  
കാസർകോട്- പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കേരള ജനത ഒരു രാത്രി മുഴുവൻ ഉണർന്നിരുന്നു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 514 കിലോമീറ്ററുകൾ വെറും ആറേകാൽ മണിക്കൂറിനുള്ളിൽ താണ്ടിയ ആംബുലൻസ് ഡ്രൈവർ കാസർകോട് അടുക്കത്ത്ബയൽ സ്വദേശി തമീമിന് കേരള ജനതയുടെ അഭിനന്ദന പ്രവാഹം.  പതിനാല് മണിക്കൂറുകൾ എടുക്കേണ്ടിയിരുന്നിടത്താണ് പകുതി സമയം കൊണ്ട് കണ്ണൂരിലെ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തമീം ആംബുലൻസിൽ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്. കാസർകോട് ബദിയടുക്ക സ്വദേശികളായ സിറാജ് - ആയിശാ ദമ്പതികളുടെ 31 ദിവസം പ്രായമുള്ള കുഞ്ഞ് ഫാത്വിമ ലൈബ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞുവന്നിരുന്നത്. ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവില്ലായിരുന്നു. കുഞ്ഞിന്റെ സ്ഥിതി കൂടുതൽ വഷളായതോടെ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലേക്ക് എത്തിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഇതോടെ കണ്ണൂരിലെ 108 ആംബുലൻസ് അധികൃതരെ വിളിക്കുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു. ആംബുലൻസ് അധികൃതർ കുട്ടിയെ തിരുവനന്തപുരത്തെത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും കണ്ണൂർ ടു എസ് സി ടി എന്ന പേരിൽ മിഷൻ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുഞ്ഞുമായി ആംബുലൻസ് അൽപം മുമ്പ് തിരിച്ചിട്ടുണ്ടെന്നും കണ്ണൂർ പോലീസ് വാഹനവും ആംബുലൻസിന് അകമ്പടി വരുന്നുണ്ടെന്നും ദയവായി ആംബുലൻസ് കടന്നു പോകാൻ വേണ്ട സഹായങ്ങൾ എല്ലാവരും ചെയ്തു നൽകണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ അധികൃതർ പോസ്റ്റ് ഷെയർ ചെയ്തു. 
ഇതോടെ സോഷ്യൽ മീഡിയ കുട്ടിയെ കൊണ്ടുപോകുന്ന ദൗത്യത്തിൽ സ്വയം പങ്കാളികളാവുകയും വഴിയൊരുക്കാൻ എല്ലാ ജില്ലകളിലും സംഘടനകൾ രംഗത്ത് വരികയുമായിരുന്നു. ട്രാഫിക് തടസ്സം ഒഴിവാക്കാൻ പോലീസും രംഗത്തിറങ്ങിയതോടെ ആംബുലൻസിന് കടന്നുപോകാൻ വഴി എളുപ്പമായി. ഒരു മിനുട്ടിൽ തുടർച്ചയായി നാലു ലിറ്റർ ഓക്സിജൻ കുഞ്ഞിന് ആവശ്യമായിരുന്നു. ഐസിയു ആംബുലൻസായ സിഎംസിസി ആംബുലൻസിലാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് കെയർ നൽകാനായി കാസർകോട് ഷിഫാ സഅദിയ്യ ആശുപത്രിയിലെ ഐസിയു നഴ്സ് റിന്റോയെ പ്രത്യേകം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. യാതൊരു തടസ്സവുമില്ലാതെ ആംബുലൻസിന് വഴിയൊരുക്കിക്കൊടുത്ത സോഷ്യൽ മീഡിയ കൂട്ടായ്മകളുടെയും കേരളാ പോലീസിന്റെയും ആംബുലൻസ് ഡ്രൈവേഴ്സ് സംഘടനയായ കെഎഡിടിഎ പ്രവർത്തകരുടെയും ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെയും ഒത്തൊരുമയോടുള്ള പ്രവർത്തനം നെഞ്ചിടിപ്പോടെ ഏറ്റെടുക്കുകയും ഒരു രാവ് മുഴുവൻ ഉണർന്നിരുന്ന കേരള ജനത.
ഇതിന് സാക്ഷികളാവുകയും ചെയ്തത് അഭിമാന നിമിഷങ്ങളായിരുന്നു. ഇത്രയും വേഗത്തിൽ തിരുവനന്തപുരത്ത് എത്താൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും ആംബുലൻസ് 100 കിലോമീറ്റർ സ്പീഡിൽ കുറഞ്ഞിട്ടില്ലെന്നും തമീം പറഞ്ഞു. തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റായ പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരട്ടേയെന്ന പ്രാർത്ഥനയിലാണ് കേരളമിപ്പോൾ.  
 

Latest News