കൊച്ചി- കൊച്ചി കോർപറേഷനിൽ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബി.ജെ.പിക്ക്. ഇതിന് മുമ്പ് ഒരിക്കലും ബി.ജെ.പിക്ക് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിച്ചിരുന്നില്ല. അമരാവതിയിൽ നിന്നുള്ള ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്താണു നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമതിയിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു. 4 വോട്ടു നേടിയ പ്രിയ പ്രശാന്ത് വിജയിച്ചു. കൗൺസിലിൽ 5 അംഗങ്ങൾ മാത്രമാണു ബിജെപിക്കുള്ളത്.
അതേസമയം 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല. സമീപകാലത്ത് ആദ്യമായാണു കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി നേതൃത്വവുമില്ലാത്തത്.