സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നടപടിയുണ്ടാവുമെന്ന് വാർത്ത പ്രചരിച്ചത് ഞായറാഴ്ച. അതേ ദിവസം വൈകുന്നേരമായപ്പോൾ കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള സാധാരണ പാർട്ടി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ജയരാജേട്ടനില്ലാത്ത പാർട്ടിയിൽ ഞങ്ങളുമില്ല. അതാണ് പി.ജയരാജൻ. കണ്ണൂരിന്റെ ഗ്രാമങ്ങളിൽ ഇത്രയേറെ ജനപ്രീതി അവകാശപ്പെടാവുന്ന നേതാക്കൾ ഇക്കാലത്ത് വേറെ കാണില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള കണ്ണൂർ ജില്ലയിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ.കെ.ജിയ്‌ക്കൊപ്പമോ, കൃഷ്ണ പിള്ളയെ പോലെയോ ആണ് ജയരാജൻ. ലീഗുകാർക്ക് പണ്ട് കിംഗ് മേക്കറായി ബാഫഖി തങ്ങളും ചെറിയ മമ്മുക്കേയിയുമൊക്കെ ഉണ്ടായിരുന്നുവല്ലോ. പാർട്ടിക്ക് വേണ്ടി ത്യാഗം സഹിക്കുന്ന ഈ നേതാക്കൾ ഒരിക്കലും എം.എൽ.എയും മന്ത്രിയുമാവാൻ ആഗ്രഹിച്ചിരുന്നില്ല. സമ്പാദ്യങ്ങളത്രയും പാർട്ടിക്ക് സമർപ്പിച്ച് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്ന് ഭയന്ന് നാട്ടിൽ നിന്ന് വിട്ടുനിന്ന നേതാക്കളുടെ ഒരു കാലം. ഏതാണ്ട് അത് പോലെയാണ് പി. ജയരാജനും. കൂത്തുപറമ്പിൽ നിന്ന് എം.എൽ.എ ആയിരുന്നുവെന്നത് നേര്. വിട്ടുവീഴ്ച ചെയ്യാത്ത കടുത്ത നിലപാടുകളുള്ള പാർട്ടിക്കാരനാണ് പി. ജയരാജൻ. ലളിത ജീവിതമെന്നത് പ്രസംഗിച്ചു നടക്കാനുള്ളതല്ലെന്നും മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരാണ് കമ്യൂണിസ്റ്റുകാരനെന്നും വിശ്വസിച്ച നേതാവ്.
ജയരാജൻ നിത്യേന പതിനാറ് മണിക്കൂർ പാർട്ടിക്കു വേണ്ടി ജോലി ചെയ്യുന്നു, എ.ടി.എം കാർഡില്ലാത്ത ഏക നേതാവാണ്. ട്രഷറിയിലൂടെ ലഭിക്കുന്ന എം.എൽ.എ പെൻഷനാണ് വരുമാനം.
ആർഎസ്എസിന്റെ നിഷ്ഠുരമായ ആക്രമണത്തിനു വിധേയനായ ശേഷം മരണത്തിൽനിന്നു ജീവിതത്തിലേക്ക് അങ്ങേയറ്റം കരുത്തോടെ കയറിവന്ന ശക്തനാണ് ജയരാജൻ. മരണവക്കിൽ നിന്നും തിരിച്ചെത്തിയ ജയരാജൻ കണ്ണൂരിൽ പാർട്ടിയുടെ അവസാന വാക്കെന്ന നിലയിലേക്ക് മാറിയത് ചെറിയ കാലം കൊണ്ടല്ല. തിരിച്ചു വരവിന് ശേഷമാണ് പാർട്ടിയിലും ജില്ലയിലും അദ്ദേഹം ശക്തനായത്. സി.പി.എം സംസ്ഥാന ഘടകത്തെ സ്വാധിനിക്കാൻ ശേഷിയുള്ള കണ്ണൂർ ലോബിയുടെ നിയന്ത്രണം യഥാർഥത്തിൽ ഈ പിന്നണിക്കാരനായിരുന്നു.
വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹം പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിച്ച ഘട്ടത്തിൽ ബിംബം പേറുന്ന കഴുതയാണ് വിഎസ് എന്ന് വിളിച്ചു; അന്ന് സംസ്ഥാന നേതൃത്വം ജയരാജന് പിന്നിലുണ്ടായിരുന്നു. കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞപ്പോൾ ചേർന്ന
സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.പി.ജയരാജനായിരുന്നു അധ്യക്ഷൻ. സ്വയം മഹത്വവൽക്കരിക്കാനുള്ള നീക്കത്തിന് ജയരാജൻ നിന്നു കൊടുക്കരുതെന്നും തെറ്റ് അദ്ദേഹവും കണ്ണൂർ ജില്ലാ കമ്മിറ്റിയും തിരുത്തണമെന്നുമായിരുന്നു നിർദേശം. കണ്ണൂരിലെ അണികൾക്കിടയിലെ ജനപ്രീതിയും പാർട്ടിയിലെ സ്വാധീനവും മുതലെടുത്ത് ജയരാജൻ വിലസുന്നതിൽ അതൃപ്തിയുള്ളവരെല്ലാം രഹസ്യമായി സന്തോഷിച്ചു. കണ്ണൂരിൽ ജയരാജ ത്രയങ്ങളുണ്ട്. ബന്ധു നിയമന വിവാദത്തിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജനും എം.വി ജയരാജനും പി. ജയരാജനുമാണ് മൂവർ സംഘം. കണ്ണൂർ ലോബിയിലെ ശക്തരെന്ന് അറിയപ്പെടുന്ന ഇപി ജയരാജൻ, എംവി ജയരാജൻ എന്നിവരായിരുന്നു പി ജയരാജന് പിന്നിൽ എന്നുമുണ്ടായിരുന്നത്. പിണറായി സർക്കാരിൽ നിന്നും ഇപി ജയരാജന് രാജിവെയ്‌ക്കേണ്ടി വന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല എംവി ജയരാജന് ലഭിക്കുകയും ചെയ്തതോടെ കണ്ണൂരിൽ പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കി.
ഇവർക്കെല്ലാം മുകളിലായി പാർട്ടിയുടെ മുതിർന്ന രണ്ട് നേതാക്കളുടേയും തട്ടകമാണ് തലശ്ശേരി ഉൾപ്പെടുന്ന കണ്ണൂർ ജില്ല. സി.പി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പി. ജയരാജന്റേയും സ്വദേശം വിരലിലെണ്ണാവുന്ന കിലോ മീറ്ററുകളുടെ അകലങ്ങളിലാണ്. പാർട്ടി നേതാക്കളെന്ന നിലയിൽ വളരെ അടുത്ത സഖാക്കളും.
കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പിണറായിയും കോടിയേരിയും ഇപ്പോൾ ജില്ലയിലില്ല. മുഖ്യമന്ത്രി വല്ലപ്പോഴും നാട്ടിലെത്തുന്നു. ജനകീയനായ കോടിയേരിക്കും തലസ്ഥാനത്ത് തിരക്കേറെയാണ്. രണ്ട് പി.ബി നേതാക്കളേക്കാളും പ്രശസ്തി പി. ജയരാജന് കൂടിയോ എന്ന് സംഗീത ആൽബം കേട്ടാൽ മനുഷ്യർ സംശയിക്കുക സ്വാഭാവികം.
കണ്ണൂരിൽ മറ്റു പാർട്ടികളിലെ പ്രവർത്തകരെ ചെങ്കൊടിക്ക് കീഴിലെത്തിച്ച ജയരാജൻ പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് കൂടുതൽ ശക്തനായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കും ലഭിക്കാത്ത ആദരവും പരിഗണനയും ജയരാജന് ലഭിച്ചു. കണ്ണൂർ കേന്ദ്രീകരിച്ച് വിവാദങ്ങൾ തുടർച്ചയായതോടെ പിണറായി കൈവിട്ടത് അദ്ദേഹത്തിന് വിനയാവുകയായിരുന്നു.
തന്റെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയത് കണ്ണൂരിൽ നിന്നു തന്നെയുള്ള ചില നേതാക്കളാണെന്ന് ഇപി വ്യക്തമാക്കിയതോടെ ജില്ലയിലെ പാർട്ടിയിൽ വിള്ളലുകൾ വീണു തുടങ്ങി. എംവി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പിണറായി എത്തിച്ചതോടെ ജില്ലയുടെ നിയന്ത്രണം മുഴുവൻ പി ജയരാജന്റെ കൈകളിലായി. ഈ രണ്ടു സംഭവങ്ങളാണ് നിലവിലെ വിവാദത്തിന് കാരണമായത്.
ഇപിയും എംവി ജയരാജനും ജില്ലയിൽ ശ്രദ്ധ കാണിക്കാതെ വന്നതോടെ പി ജയരാജൻ അതിശക്തനായി. ഇതോടെ പിണറായി അടക്കമുള്ള നേതാക്കളിൽ നിന്നുള്ള എതിർപ്പിനും കാരണമായി. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം ഇതിന്റെ ഭാഗമായിരുന്നു.
ജീവിത രേഖ വെളിവാക്കുന്ന നൃത്ത ശിൽപം അവതരിപ്പിച്ചും കൂറ്റൻ ഫഌക്‌സ് ബോർഡുകൾ സ്ഥാപിച്ചും ജനപ്രീതിയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
അടുത്തിടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്ര നടത്തിയിരുന്നു. കൊടുവള്ളിയിലെത്തിയപ്പോഴാണ് യാത്ര മിനി കൂപ്പറിലേറി വിവാദമുണ്ടായത്. സാധാരണക്കാരുടെ പാർട്ടി എന്തിനിങ്ങനെ അത്യാഡംബരത്തിലേക്ക് മാറുന്നുവെന്ന വിമർശനത്തിന് ചാനൽ ചർച്ചയിൽ ഒരു പ്രാദേശിക നേതാവ് വിശദീകരിച്ചത് ശ്രദ്ധേയമാണ്. കൊടുവള്ളിയിൽ പാർട്ടിക്ക് കാര്യമായ സംവിധാനമൊന്നുമില്ല. അവിടെ ലീഗിൽ നിന്നെത്തിയവരാണ് പാർട്ടിക്കാർ. ഇത്തരക്കാർ ഏർപ്പെടുത്തിയ സ്വീകരണമാവുമ്പോൾ ലീഗ് ശൈലിയുടെ സ്വാധീനമുണ്ടാവുക സ്വാഭാവികം. ഈ വിശദീകരണത്തോട് സാദൃശ്യമുള്ളതാണ് പി.ജയരാജന്റെ അനുഭവവും. ജയരാജനെ കുഴിയിൽ ചാടിച്ചത് അദ്ദേഹം പാർട്ടിയിലേക്കു ക്ഷണിച്ചുവരുത്തിയ നവ സഖാക്കളാണെന്നാണ് വിലയിരുത്തൽ. ബി.ജെ.പിയിൽനിന്നു സി.പി.എമ്മിലെത്തിയ അമ്പാടിമുക്ക് സഖാക്കളുടെ പങ്ക് ചെറുതല്ല. ഇത്തരക്കാർ ജയരാജൻ ഫാൻസായി പാർട്ടി വേദികളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞതോടെയാണ് ഈ പ്രതിഭാസത്തിന് തുടക്കമായത്.
നവസഖാക്കളുടെ മുദ്രാവാക്യം വിളി പാർട്ടിയുടെ പഴയ രീതിയിലായിരുന്നില്ല. അതിനു തടയിടാൻ പി. ജയരാജൻ ശ്രമിച്ചതുമില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനു മുമ്പു തന്നെ പി. ജയരാജനെ പുതിയ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കിൽ നവസഖാക്കൾ ഫഌക്‌സ് സ്ഥാപിച്ചത് വിവാദമായിരുന്നു. ശക്തനായ മുഖ്യമന്ത്രിക്കു കരുത്തനായ ആഭ്യന്തര മന്ത്രി എന്നായിരുന്നു ബോർഡിലെ വിശേഷണം. സി.പി.എം മുഖ്യമന്ത്രി സ്ഥാനാർഥിയെപ്പോലും നിശ്ചയിക്കുന്നതിനു മുമ്പാണ് ജയരാജനെ ഫാൻസുകാർ നിയുക്ത ആഭ്യന്തര മന്ത്രിയാക്കിയത്. പിണറായി കഴിഞ്ഞാൽ പി. ജയരാജൻ എന്നതായി സൈബർ ലോകത്തെ പ്രചാരണം. പിണറായി ഒഴികെ ജില്ലയിലെ മുതിർന്ന നേതാക്കളാരും ജനക്കൂട്ടത്തെ ആകർഷിക്കുന്ന താര സാന്നിധ്യമാകാത്ത സാഹചര്യത്തിൽ ജയരാജൻ കണ്ണൂർ പാർട്ടിയുടെ എല്ലാമെല്ലാമായി. സംസ്ഥാന സെക്രട്ടറിയെപ്പോലും അപ്രസക്തനാക്കുന്ന തരത്തിലായിരുന്നു പല യോഗങ്ങളിലും അദ്ദേഹത്തിന് ലഭിച്ച കൈയടി.
സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദമാക്കുന്ന ബോർഡുകളിൽ പോലും മുഖ്യമന്ത്രിയേക്കാൾ വലിപ്പത്തിൽ ജയരാജൻ ഇടം പിടിച്ചു. അതിന്റെ തുടർച്ചയായിരുന്നു ജയരാജനെ പ്രകീർത്തിക്കുന്ന, 'കണ്ണൂരിന്റെ ഉദയ സൂര്യൻ' എന്ന സംഗീത ആൽബം. ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ ചെഞ്ചോരപ്പൊൻകതിരും ചെന്താരകവുമാക്കി ആൽബവുമിറക്കിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഗാനത്തിൽ ഉടനീളം ഉപമകളും വ്യക്തി പരാമശങ്ങളുമാണ് ഉള്ളത്. പാർട്ടിയുടെ ഏറ്റവും ജനസമ്മതനായ നേതാവെന്ന് അറിയപ്പെടുന്ന നായനാരുടെ പോലും ജീവിതരേഖ തയാറാക്കിയിട്ടില്ലെന്നിരിക്കേയാണ് ഈ നീക്കമുണ്ടായത്.
പാർട്ടി നേതൃത്വത്തിലുള്ള സമാന്തര ജന്മാഷ്ടമി, ഗണേശോത്സവം ആഘോഷങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരമാണെന്ന് പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിൽ മാത്രമാണ് കാര്യമായി പരിപാടികൾ നടന്നത്.
പാർട്ടിയിൽ ശക്തനായി വളർന്ന് വീര പുരുഷനായി മാറുകയും തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടി വരികയും ചെയ്ത എംവിആറിന്റെ അവസ്ഥ പി ജയരാജനും ഉണ്ടാകുമോ എന്ന് സംശയിക്കുന്നവരും പാർട്ടിയിലുണ്ട്. കതിരൂരിലേയും പാട്യത്തേയും നാടൻ ചായക്കടകളിൽ സൗഹൃദം പുതുക്കുന്ന സഖാവിന് സ്ഥാനമാനങ്ങളിൽ കൊതിയില്ല.
ആഡംബര ജീവിതത്തിന്റെ സ്വാധീന വലയത്തിൽ പെട്ട് നേതാക്കളുടെ മക്കൾ കോർപറേറ്റ് സ്ഥാപനങ്ങളെ നയിക്കുന്ന ഇക്കാലത്ത് പി. ജയരാജൻ എന്ന സാധാരണ നേതാവ് വ്യത്യസ്തനാണ്. ഈ സത്യമാണ് പലരുടേയും ഉറക്കം കെടുത്തുന്നതും.