Sorry, you need to enable JavaScript to visit this website.

പതിനാലാം നിയമസഭ ഇനി സമ്മേളിക്കില്ല എല്ലാവർക്കും  താൽക്കാലിക ആശ്വാസം


ഇനി ആരെന്നും എന്തെന്നും ഒരു നിശ്ചയുമില്ലാത്ത അവസ്ഥയിൽ  അവർ പിരിഞ്ഞു.   പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് സവിശേഷതകൾ ധാരാളമുണ്ട്.  അവയിൽ പലതും ഇനിയൊരിക്കലും ആവർത്തിക്കാനിടയില്ലാത്തതാണ്. മഹാരോഗത്തിന്റെ വരവും അത് നേരിട്ട രീതിയും തീർന്നു പോയ സഭയുടെ ഏറ്റവും വലിയ പ്രത്യേതയായിരുന്നു. പലരും ഓർക്കാൻ ഇഷ്ടപ്പെടാത്ത മറ്റൊരു പ്രത്യേകതയുമുണ്ട്- കേരളത്തിലെ വലിയൊരു  വിഭാഗം കമ്യൂണിസ്റ്റുകാർ  പതിനാലാം സഭയുടെ നേതാവാകുമെന്ന്   വെറുതെ ആഗ്രഹിച്ച  വി.എസ്. അച്യുതാനന്ദന്റെ നിയമസഭയിലെ വേറിട്ട സാന്നിധ്യവും അസാന്നിധ്യവുമായിരുന്നു അത്.  അടുത്ത നാളുകൾ വരെ അദ്ദേഹം ഒരു സഹായിയാൽ അനുഗതനായി സഭയിലെത്തിയിരുന്നു. പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ചില ഘട്ടങ്ങളിലൊക്കെ അദ്ദേഹം  സഭയിൽ പൊട്ടിത്തെറിച്ചിട്ടുണ്ട്.  മഹാമാരിയുടെ നാളുകളിൽ അദ്ദേഹത്തെ സഭയിലെത്തിക്കാതിരുന്നത് ഭാഗ്യം എന്ന് കരുതുന്നവരാണ് എല്ലാവരും. വയോധികരായ നേതാക്കൾ ഇനിയും ധാരാള മുള്ള സഭ എ.സി മുറിയിൽ മണിക്കൂറുകളോളം തുടരുന്നതിൽ എല്ലാവരും വലിയ ആശങ്കയിൽ തന്നെയായിരുന്നു. കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സഭ അവസാനിച്ചു പോകുന്നതിൽ എല്ലാവരും ഉള്ളാലെ വലിയ ആശ്വാസത്തിലായിരുന്നു. ഫോട്ടോ സെഷനില്ലാതെയാണ് പതിനാലാം സഭ പിരിയുന്നതെന്ന പ്രത്യേകതയും മഹാരോഗം ബാക്കിവെക്കുന്നു. ഫോട്ടോ സെഷൻ നടത്തിയിരുന്നുവെങ്കിൽ മന്ത്രിയുൾപ്പെടെ കുറച്ചു പേർക്കെങ്കിലും ചേരാൻ പറ്റുമായിരുന്നില്ല- കാരണം കോവിഡ്.  സ്പീക്കർക്കും സർക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങളും,  14 സർക്കാർ പ്രമേയങ്ങളുമാണ്  സഭയിൽ വന്നത്.  ഏഴു സിറ്റിംഗ് എം.എൽ.എമാർ ഈ കാലയളവിൽ വിട പറഞ്ഞു. അതിലൊരാളുടെ മരണം (കോങ്ങാട് അംഗം കെ.വി.വിജയദാസ്) കോവിഡാനന്തരമായത് എല്ലാവരെയും ഞെട്ടിച്ച അനുഭവം.
അവസാന  ദിവസവും വാക് പോരിന് ഒരു കുറവുമുണ്ടായിരുന്നില്ല. 


സി.എ.ജി റിപ്പോർട്ടിലെ കിഫ്ബിക്ക് എതിരായ പരാമർശങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ  അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു.  ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും കോൺഗ്രസിലെ  വി.ഡി സതീശൻ  കാര്യ കാരണ സഹിതം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനമായ സി.എ.ജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയിൽ ഒരിടത്തും ഇത്തരം  അധികാരത്തെക്കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമർശങ്ങളിൽ ഉൾപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകും. സർക്കാരിന്റെയും സിഎജിയുടെയും വാദങ്ങൾ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. സിഎജിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തന്നെയാണ്  കേന്ദ്രവും ചെയ്തുകൊണ്ടിരിക്കുന്നത്- സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. കേന്ദ്രസർക്കാർ പോലും വിമർശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനെങ്കിലും  പ്രമേയത്തിൽ നിന്ന് പിൻമാറാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു. വ്യവസ്ഥാപിതമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സ്വീകരിക്കാൻ ഒരു മാർഗം ഉണ്ട്. അത് സ്വീകരിക്കാതെയാണ് ഇങ്ങനെയൊരു പ്രമേയം. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു നിയമസഭയോ ഒരു പാർലമെന്റോ ഇത്തരത്തിൽ ഒരു പ്രമേയം ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. അതിനാലാണ് ഈ പ്രമേയത്തെ പ്രതിപക്ഷം എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു. ലാവ്‌ലിൻ കേസ് വന്നതും ഇതുപോലൊരു സി.എ.ജി റിപ്പോർട്ടിലാണ്. അന്ന് ഇതുപോലൊരു പ്രമേയം പാസാക്കിയാൽ പോരായിരുന്നോ ? ഐസക്കിന്റെ ബുദ്ധി അന്നെന്തെ അങ്ങക്ക് ഇല്ലാതെപോയി ? ചെന്നിത്തല  മുഖ്യമന്ത്രിയെ കളിയാക്കി.


സി.പി.എമ്മിലെ ജെയിംസ് മാത്യു പറയുന്നത് മറ്റൊരു കാര്യമാണ്. കഴിഞ്ഞ ദിവസം ചാനലിൽ ഈ വിഷയം ചർച്ചക്കെടുത്തപ്പോൾ തന്റെ ഭാഗം പറയാൻ തീരെ സമയം കിട്ടിയില്ല. ഇപ്പോഴിതാ പ്രമേയം ചർച്ചക്കെടുത്തപ്പോൾ ലോകം മുഴുവൻ കേൾക്കുന്ന മുഴു നീള ചർച്ച. എൻ.ഐ.എയോ ഇ.ഡിയോ പോലെ ഒരു ഏജൻസിയെ പോലെയാണ് സി.എ.ജിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നതെന്നും ഒരു കുറ്റാന്വേഷകന്റെ ജോലിയല്ല സി.എ.ജിക്കെന്നും ജയിംസ് മാത്യു  ഓർമ്മിപ്പിച്ചു. ആരും കാണാത്ത ഒരു കുറ്റകൃത്യത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട ആളൊന്നുമല്ല  ഈ പറയുന്ന സുനിൽ രാജെന്നും സി.എ.ജിയുടെ  പേര് എടുത്ത് പറഞ്ഞുകൊണ്ട് ജയിംസ് മാത്യു തനത് ശൈലിയിൽ ആക്രമണം തുടർന്നു. സുനിൽ രാജ് എന്ന പറവൂരുകാരൻ ചെയ്ത പ്രവൃത്തിയെന്താണെന്ന് വളരെ കൃത്യമായി മനസിലാക്കി തന്നെയാണ് സർക്കാരും ധനകാര്യ വകുപ്പും ഇത്തരത്തിൽ സമീപനം സ്വീകരിച്ചതെന്നു കൂടി  ജയിംസ് മാത്യു കൂട്ടിച്ചേർത്തതോടെ പറവൂർ കാരനായ വി.ഡി. സതീശൻ ഇടപെട്ടു -പറവൂരുകാരൻ പരാമർശത്തിൽ വി.ഡി. സതീശൻ എതിർപ്പുന്നയിച്ചതോടെ പരാമർശം പിൻവലിക്കുന്നതായി ജെയിംസ് മാത്യു  സഭയെ അറിയിച്ചെങ്കിലും ഉദ്ദേശിച്ച കാര്യം അപ്പോഴേക്കും നടന്നിരുന്നു. പ്രമേയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാട്  വിചിത്രമായാണ് വീണാ ജോർജിന് തോന്നിയത്.  ഇത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സി.എ.ജി എന്ന ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ നടപ്പിലാക്കുന്ന ബി.ജെ.പിയുടെ തന്ത്രമാണിതെല്ലാമെന്നാണ് വീണ കരുതുന്നത്.
സംസ്ഥാന നിയമസഭയുടെ പരിധിയിലേക്ക് കടന്നുകയറിയയാളായാണ് സി.എ.ജിയെ സി.പി.എമ്മിലെ  ഷംസീർ കണ്ടത്.  സി.എ.ജി അതിക്രമിച്ച് കയറിയാൽ മിണ്ടാതെ ഇരിക്കണമെന്നാണോ?  ഭരണഘടനാ സ്ഥാപനങ്ങളെ പൂർണമായും ദുർവിനിയോഗം ചെയ്യിച്ചതാരാണെന്ന ചരിത്രം പറയണോ എന്നും അദ്ദേഹം ചോദിച്ചു. സി.എ.ജിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. ആ രാഷ്ട്രീയ കളിക്ക് എന്തിനാണ് യുഡിഎഫ് കൂട്ടുനിൽക്കുന്നതെന്ന് ഷംസീറിന് മനസ്സിലാകുന്നില്ല.
ഡോ.എം.കെ മുനീർ സി.പി.എമ്മിന്റെ ആർ.എസ്.എസ് അനുകൂല നിലപാടിനെപ്പറ്റി പറയവേ പിതാവ് സി.എച്ച് മുഹമ്മദ് കോയയെ പഴയൊരു പ്രയോഗത്തിന്റെ പേരിൽ ഓർത്തു. ബഹറിൽ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുത് എന്ന് പറഞ്ഞ പിതാവിന്റെ മകനാണ് താനെന്ന മുനീറിന്റെ വാക്കുകളിൽ ഷംസീർ കയറി പിടിച്ചു. മുനീറിന് ബി.ജെ.പി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഷാസീറിന്റെ വാക്കുകൾ. കൂട്ടത്തിൽ സി.എച്ച് നടത്തിയ അഴിമതി വിരുദ്ധ പ്രസ്താവനകളും ഇന്നത്തെ ലീഗ് നേതാക്കൾ ചെന്നുപെട്ട അഴിമതിയും ഷംസീർ വിഷയമാക്കി. 'ആർഎസ്എസിനെ പേടിച്ച് ഇന്നേവരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല. ഇനി സി.പി.എമ്മും ബി.ജെ.പിയും മതിയെന്ന വിചാരം നടപ്പാവില്ല. പകൽ ആർ.എസ്.എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എം. കോൺഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാർട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യുണിസ്റ്റ് പാർട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകിൽ സി.പി.എം ആകുക അല്ലെങ്കിൽ ബിജെപിയാവുക എന്നു പറയും. ആ തിയറി ഇവിടെ നടക്കാൻ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാകില്ല - മുനീർ നിലപാട് പറഞ്ഞു.

നിയമസഭ ജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനടക്കം ആശംസ ചൊരിഞ്ഞു. ജനങ്ങൾക്കിടയിൽ സവിശേഷമായ ലഹരിയോടെ ജീവിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനശൈലി പഠനാർഹമാണെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ വാക്കുകൾ വേറിട്ട വിലയിരുത്തലായി. ജനബന്ധം ലഹരിയാക്കിയ നേതാവ് എന്ന സ്പീക്കറുടെ വിശേഷണം ഉമ്മൻ ചാണ്ടിയുടെ ചുരുക്കെഴുത്തായി.  ഉമ്മൻ ചാണ്ടിയെ  കേരള രാഷ്ട്രീയത്തിലെ  വിസ്മയമായാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാണുന്നത്. സ്വന്തം ഇടനെഞ്ചിന് കല്ലെറിഞ്ഞവരെയും കെട്ടിപ്പിടക്കാൻ മാത്രം വളർന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന ചെന്നിത്തലയുടെ വാക്കുകൾ പഴയ സമര കോലാഹലങ്ങളിലേക്ക് ഓർമ്മയെത്തിച്ചു.  

കോവിഡ് കാലത്തെ സഭാ സമ്മേളനം  എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. ബി.ജെ.പിക്കും ഒരു എംഎൽഎയുണ്ടായി എന്നതും  പതിനാലാം  സഭയുടെ പ്രത്യേകതയായി. ഇപ്പറഞ്ഞ എം.എൽ.എ (ഒ.രാജഗോപാൽ) മിക്ക സന്ദർഭത്തിലും ഇടതു പക്ഷ അനുകൂല നിലപാട് സ്വീകരിച്ചുകൊണ്ട് സ്വന്തം പാർട്ടിയെയും മറ്റുള്ളവരെയും  മുൾമുനയിൽ നിർത്തുന്നതാണ് കണ്ടത്. അവസാന ദിവസങ്ങളിൽ ( സ്പീക്കർ ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രമേയ ഘട്ടവും, സി.എ.ജി റിപ്പോർട്ടിനെതിരെയുള്ള പ്രമേയവും) അദ്ദേഹം പ്രതിപക്ഷ നിലപാടിനൊപ്പം നിന്നു- ഉടൻ ആ പഴയ വാദം ഭരണനിരയിൽ നിന്ന് കേൾക്കാമായിരുന്നു- കോലീബി സഖ്യം. 

 

Latest News