ജിസാന്‍ - സൗദി അറേബ്യയിലെ ആരിദയില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ വെച്ച് നവജാതശിശു ചികിത്സാ പിഴവു മൂലം മരിച്ച കേസില്‍ കുറ്റക്കാരിയായ ലേഡി ഡോക്ടര്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് ഒന്നര ലക്ഷം റിയാല്‍ ദിയാധനം നല്‍കണമെന്ന് ജിസാന്‍ ശരീഅത്ത് മെഡിക്കല്‍ കമ്മീഷന്‍ വിധിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ശരീഅ മെഡിക്കല്‍ കമ്മീഷന്റെ ആദ്യ സിറ്റിംഗ് കഴിഞ്ഞ ഒക്‌ടോബറില്‍ നടന്നിരുന്നു.
ചികിത്സാ പിഴവു മൂലം ആരോഗ്യ നില വഷളായും അബോധാവസ്ഥയിലായുമാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. കുഞ്ഞിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട യഥാര്‍ഥ വിവരങ്ങള്‍ ചികിത്സിക്കുന്ന ലേഡി ഡോക്ടര്‍ തങ്ങളില്‍ നിന്ന് മറച്ചുവെച്ചെന്നും കുടുംബം ആരോപിച്ചിരുന്നു.
ആരോഗ്യ നില വഷളായ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സ് കേടാണെന്നും വ്യക്തമായി. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ജിസാന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ജിസാന്‍ ആരോഗ്യ വകുപ്പ് ലേഡി ഡോക്ടറെ ചോദ്യം ചെയ്യുകയും മൊഴികളെടുക്കുകയും കുഞ്ഞിന്റെ മെഡിക്കല്‍ ഫയല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.