ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസ് തീരുമാനത്തോടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശ ഭരിതമാകുമെന്നുറപ്പായി. സംസ്ഥാനത്ത് ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളാണ് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും. ഈ തീരുമാനത്തോടെ, മറ്റെല്ലാ ഘടകങ്ങളെയും മറികടന്ന് ഇവർ തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പു പ്രചാരണം മാറുമെന്നുറപ്പ്. യുഡിഎഫ് ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. അപ്പോഴും ഇതുവരെയും അതിനുള്ള ഏക ഉത്തരം ചെന്നിത്തല എന്നായിരുന്നെങ്കിൽ അതു മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി പദം പങ്കിടുമെന്നും ആദ്യ പകുതി ഉമ്മൻ ചാണ്ടിയായിരിക്കുമെന്നും തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
പലരും പറഞ്ഞുകേട്ടിരുന്നു എങ്കിലും ഇത്രക്ക് ശക്തമായ നീക്കം ഹൈക്കമാന്റിൽ നിന്ന് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ഓരോ സംസ്ഥാനവും നഷ്ടപ്പെടുമ്പോൾ ശക്തികേന്ദ്രമായ കേരളവും നഷ്ടപ്പെടുന്നത് നേതൃത്വത്തിന് ആലോചിക്കാൻ പോലും ആവാത്തതാണ്. കാലങ്ങളായി തുടരുന്ന ഭരണ മാറ്റം എന്നതു ഇക്കുറി മാറുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു എന്നും അതിനായി അരയും തലയും മുറുക്കി അവർ രംഗത്തിറങ്ങുമെന്നും നേതൃത്വത്തിനറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും വിഎസ് - പിണറായി പോര് നിലനിന്നിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെയൊന്ന് സിപിഎമ്മിലില്ല എന്നതും വ്യക്തമാണ്. കിരീടം ധരിച്ച രാജാവ് തന്നെയാണ് ഇന്ന് പിണറായി. അദ്ദേഹത്തോട് ഏറ്റുമുട്ടാൻ പ്രതിപക്ഷ നേതാവിന്റെ കിരീടം വെച്ച ചെന്നിത്തല പോരാ എന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ഹൈക്കമാന്റിനു ബോധ്യമായി. അടുത്ത കാലത്തൊന്നും ഒരു സർക്കാരിനുമെതിരെ ഉണ്ടാകാത്തയത്രയും അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചെന്നിത്തല തന്നെയായിരുന്നു അതിനു നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയെ പോലും സംശയത്തിന്റെ നിഴലിൽ നിർത്താനായി. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്താനായത് മോശം പ്രകടനമാണ്. മാത്രമല്ല, ഭരണത്തുടർച്ച എന്ന സ്വപ്‌നത്തിലാണ് എൽഡിഎഫ്. അതിനാൽ തന്നെയാണ് ഗ്രൂപ്പുകൾ ശക്തമായിട്ടും അതിനെ തൃണവൽഗണിച്ച് ഇത്രക്കു ശക്തമായ തീരുമാനമെടുക്കാൻ ഹൈക്കമാന്റ് നിർബന്ധിതമായത്. ജോസ് കെ. മാണിയുടെ ഇടതുപക്ഷത്തേക്കുള്ള ചേക്കേറൽ കൂടിയായപ്പോൾ ചിത്രം പൂർത്തിയായി. കാലങ്ങളായി ആന്റണിയും ഉമ്മൻ ചാണ്ടിയും നയിക്കുന്ന കോൺഗ്രസിന്റെ ഉന്നത പദവിയിൽ ക്രിസ്ത്യൻ നാമമില്ലാതിരുന്നാൽ മധ്യതിരുവിതാംകൂറിൽ തിരിച്ചടിയുണ്ടാകുമെന്നുറപ്പ്. ഇതിനെല്ലാം പുറമെയായിരുന്നു ഘടക കക്ഷികളുടെ, പ്രത്യേകിച്ച് ലീഗിന്റെ സമ്മർദം. ഇപ്പോഴും ലീഗിന് അഭിമതനാകാൻ ചെന്നിത്തലക്കായിട്ടില്ല. അത് ഉമ്മൻ ചാണ്ടി തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് കൂടുതൽ കരുത്തനായുള്ള ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ്. മറ്റാരെയും പോലെ സിപിഎമ്മും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇതവരെയും ഭയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ്, മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തിനു യോജിക്കാത്ത രീതിയിൽ ഉമ്മൻ ചാണ്ടിയുടെ വരവ് വർഗീയത വളർത്താനാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന. അതു തന്നെയാണ് ബിജെപി നേതാക്കളും പറയുന്നത്.
ഗ്രൂപ്പിസമെന്നത് കോൺഗ്രസിന്റെ കൂടപ്പിറപ്പാണ്. ആന്റണിയും കരുണാകരനും തമ്മിലുള്ള ഗ്രൂപ്പിസം എത്രയോ വർഷമാണ് നിലനിന്നത്.
-സിപിഎമ്മിലെ വിഎസ്, പിണറായി ഗ്രൂപ്പിസത്തേക്കാൾ കൂടുതൽ കാലം. അപ്പോഴും നിർണായക സമയങ്ങളിൽ അവരൊന്നിച്ചിരുന്നു. അതിനു ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ഗ്രൂപ്പിസം തുടരുന്നു. ഈ യാഥാർത്ഥ്യം അംഗീകരിച്ചാണ് ഹൈക്കമാന്റ് എന്നും തീരുമാനങ്ങൾ എടുക്കാറുള്ളത്. ഗ്രൂപ്പ് താൽപര്യങ്ങൾക്കായിരുന്നു പലപ്പോഴും വിജയ സാധ്യതയേക്കാൾ പ്രാധാന്യം. ഇക്കുറി അതിൽ മാറ്റമുണ്ടാകുമെന്നു തന്നെ ഉറപ്പിക്കാം. ഇക്കുറിയും പ്രതിപക്ഷത്തിരിക്കേണ്ടിവന്നാൽ അതു ശക്തിപ്പെടുത്തുക ബിജെപിയെയായിരിക്കും എന്നും പിന്നീട് അധികാരമെന്നത് കിട്ടാക്കനിയാകുമെന്നും അവർക്കറിയാം. അഞ്ചു വർഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും ഹൈക്കമാന്റ് മുതൽ താഴേക്കിടയിലുള്ള പ്രവർത്തകർക്കെല്ലാം അറിയാം. അതിനാൽ തന്നെ താൽക്കാലികമായെങ്കിലും ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവെക്കാൻ എല്ലാവരും തയാറാകുമെന്നാണ് പ്രതീക്ഷ. കെപിസിസി പ്രസിഡന്റിനു മാത്രമല്ല, പാർട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യ സമിതിയടക്കം എല്ലാം താൽക്കാലികമായെങ്കിലും നിർവീര്യമാകുകയാണ്. ഇനിയെല്ലാം തീരുമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയായിരിക്കും. അതിൽ ഏറ്റവും പ്രമുഖരായ നേതാക്കളൊക്കെയുണ്ടെന്നത് വസ്തുതയാണ്.
സമിതി രൂപീകരണത്തിനു പുറമെ മറ്റു പല നിർണായക തീരുമാനങ്ങളും ഹൈക്കമാന്റ് എടുത്തിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് പരിഗണന പാടില്ല. നാലു തവണയിൽ കൂടുതൽ വിജയിച്ചവർ മാറിനിൽക്കണം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുളള മുതിർന്ന നേതാക്കൾ മാത്രമാണ് അപവാദമാവുക. രണ്ടു പ്രാവശ്യം മത്സരിച്ച് തോറ്റവർക്ക് ടിക്കറ്റ് നൽകില്ല എന്നിങ്ങനെ പോകുന്നു അത്. കഴിഞ്ഞില്ല, മികച്ച പ്രതിഛായയും ജനപിന്തുണയും ഉള്ളവരെ സ്ഥാനാർത്ഥികളാക്കും. എം.പിമാരെ മത്സരിപ്പിക്കില്ല. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പിമാർക്ക് നിർദേശിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണം. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തണം. ഓരോ ജില്ലയിലും ഒരു വനിതാ സ്ഥാനാർഥി വേണം. ഇതിനെല്ലാം പുറമെ കേരളത്തിലെ പാർട്ടി പുനഃസംഘടനയും ചർച്ചയായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നതാണ് പ്രധാന ചർച്ചയായത്. എന്നാൽ ഇപ്പോൾ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുളളത്. പക്ഷേ, ഡി.സി.സി പുനഃസംഘടനയിൽ മാറ്റമില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഇതിനെല്ലാം പുറമെ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാനും ജയിച്ചാൽ കെ. സുധാകരനെ കെ പി സി സി പ്രസിഡന്റാക്കാനും നീക്കമുണ്ടെന്ന് വാർത്തയുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ആന്റണിയും രാഹുലും സജീവമായുണ്ടാകുമെന്നും തീരുമാനമുണ്ട്.
തീർച്ചയായും സ്ഥാനാർത്ഥി മോഹികളിൽ പലരുടെയും ചങ്കിടിപ്പിക്കുന്ന തീരുമാനങ്ങളാണിവ. എന്നാൽ തങ്ങളുടേത് ശക്തമായ തീരുമാനമാണ് എന്നു തന്നെയാണ് ഹൈക്കമാന്റ് നൽകുന്ന സൂചന. ഇന്നത്തെ സാഹചര്യത്തിൽ അതാവശ്യമാണുതാനും. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയമൊക്കെ എൽഡിഎഫ് നേടിയെങ്കിലും സൂക്ഷ്മമായ വിശകലനത്തിൽ അത്രക്കൊന്നുമില്ല എന്നത് വ്യക്തമാണ്. ആകെ വോട്ടുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. അതിനേക്കാൾ സത്യത്തിൽ ആശങ്ക ബിജെപിയുടെ വോട്ട് വർധനയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണോ യുഡിഎഫ് ആണോ ജയിക്കേണ്ടത് എന്നു ചോദിച്ചാൽ എൽഡിഎഫ് എന്നായിരിക്കും ബിജെപി നേതാക്കൾ പറയുക. അതിന്റെ കാരണം വ്യക്തമാണ്. യുഡിഎഫാണ് പ്രതിപക്ഷത്തെങ്കിൽ അഞ്ചു വർഷത്തിനുള്ളിൽ അവരെ മറികടക്കാം. എൽഡിഎഫാണെങ്കിൽ എളുപ്പമല്ല. ഇത്തവണയും പ്രതിപക്ഷത്തായാൽ വരുംകാലങ്ങളിൽ കേരളത്തിലെ പ്രധാന മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലായിരിക്കും എന്ന് യുഡിഎഫ് നേതാക്കളെല്ലാം മനസ്സിലാക്കുന്നുണ്ട്. അതിനാൽ തന്നെ ശക്തമായ പോരാട്ടം യുഡിഎഫ് നടത്തേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് കോൺഗ്രസിലെ ഈ നീക്കങ്ങൾക്കു പിറകിലെന്നു വ്യക്തം. അതു ഗുണം ചെയ്യുമോ എന്നത് കാത്തിരുന്നു കാണാം.