തിരുവനന്തപുരം- തോമസ് ചാണ്ടി വിഷയത്തിൽ സി.പി.ഐക്കെതിരെ അതിശക്തമായ വിമർശനം ഉയർത്തിയ യി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടി രാജിവെക്കുമെന്ന ഉറപ്പ് തങ്ങൾക്ക് ആരും നൽകിയില്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. ചാണ്ടി രാജിവെക്കുമെന്ന കാര്യം രാവിലെ വരെ സി.പി.ഐയെ ആരും അറിയിച്ചിരുന്നില്ല. സർക്കാറിനെതിരെ കേസ് നൽകിയയാൾ പങ്കെടുക്കുന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. ചാണ്ടിയുടെ കൂടെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് തലേന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Read Moreസി.പി.ഐ മുന്നണി മര്യാദ ലംഘിച്ചു; യു.ഡി.എഫിനെ സഹായിച്ചു- കോടിയേരി
തോമസ് ചാണ്ടി രാജിവെച്ചതിന്റെ ക്രഡിറ്റ് സി.പി.ഐക്ക് ആവശ്യമില്ല. തോമസ് ചാണ്ടി വിഷയത്തിൽ കലക്ടർ നൽകിയ റിപ്പോർട്ടിലെ നിയമോപദേശം സംബന്ധിച്ച് ഇതേവരെ റവന്യൂവകുപ്പിനെ അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കോടിയേരി പറഞ്ഞത് വാസ്തവവിരുദ്ധമാണ്. വിവാദം മുന്നണിയെ പ്രതികൂലമായി ബാധിക്കില്ലെന്നും യോജിച്ച് മുന്നോട്ടുപോകുമെന്നും പ്രകാശ് ബാബു പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടർന്നതാണ് സോളാർ കേസിൽ യു.ഡി.എഫിന് പിടിവള്ളിയായത്. തോമസ് ചാണ്ടി അന്നുതന്നെ രാജിവെച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയുടെ യാത്ര വഴിയിൽ അവസാനിച്ചേനെയെന്നും പ്രകാശ് ബാബു പറഞ്ഞു.