തിരുവനന്തപുരം- തോമസ് ചാണ്ടി വിഷയത്തിൽ സി.പി.ഐക്കെതിരെ അതിശക്തമായ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാതെ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് സി.പി.ഐ സ്വീകരിച്ചതെന്നും ഇത് മുന്നണിയിലെ ഘടകകക്ഷികൾക്ക് ചേർന്ന നടപടിയല്ലെന്നും കോടിയേരി വിമർശിച്ചു. മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ മാറിനിന്നത് അപക്വമായ നടപടിയാണ്. ഏതാനും നിമിഷത്തിനുള്ളിൽ മന്ത്രി രാജിവെക്കുമ്പോൾ അതിന്റെ ഖ്യാതി തങ്ങൾക്ക് ലഭിക്കണം എന്ന ഗൂഢമായ താൽപര്യത്തോടെയാണ് മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിന്നത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചിരുന്നുവെങ്കിൽ മന്ത്രിസഭ യോഗം മാറ്റിവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു. സോളാർ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട യു.ഡി.എഫിനെ സഹായിക്കുന്ന രീതിയാണ് സി.പി.ഐ സ്വീകരിച്ചത്. തോമസ് ചാണ്ടി രാജിവെക്കുമെന്ന കാര്യം സി.പി.ഐയെ അറിയിച്ചിരുന്നു. സ്വാഭാവികമായ സമയം മാത്രമാണ് രാജിക്ക് വേണ്ടിവന്നത്. അതിനിടെയാണ് ചീത്തവിളി മുഴുവൻ മറ്റുള്ളവർക്കും നല്ല വർത്തമാനം മുഴുവൻ തങ്ങൾക്കുമെന്ന നിലപാടിലേക്ക് സി.പി.ഐ വന്നത്. ഇത് അംഗീകരിക്കാനാകില്ല. ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടികളിലൊന്ന് ഇത്തരത്തിലുള്ള പ്രതിലോമകരമായ രീതി പുലർത്തരുതെന്നും കോടിയേരി മുന്നറിയിപ്പ് നൽകി. മുന്നണി ബന്ധത്തെ ഈ വിവാദം പ്രതികൂലമായ ബാധിക്കില്ലെന്ന് കരുതില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.