Sorry, you need to enable JavaScript to visit this website.

ഹലാൽ: മിഥ്യാധാരണകളും യാഥാർഥ്യവും 

ജീവൻ നിലനിൽക്കാനും ആരോഗ്യം സംരക്ഷിക്കാനും മനുഷ്യന് ആഹാരം അത്യന്താപേക്ഷിതമാണ്. ആഹാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ജീവനും ആരോഗ്യവുമാണ്. നാവിന് രുചിയുള്ളതെല്ലാം ആരോഗ്യകരമായ ഭക്ഷണമായിക്കൊള്ളണമെന്നില്ല. അവയിൽ പലതും ജീവന് ഭീഷണിയുള്ളതും ആരോഗ്യത്തിന് ഹാനികരമായിട്ടുള്ളതുമായിരിക്കും. എന്നാൽ ആരോഗ്യം നിലനിർത്താൻ ആവശ്യമായിട്ടുള്ള ഭക്ഷ്യപദാർത്ഥങ്ങളിൽ പലതിനും രുചിയുണ്ടാവണമെന്നുമില്ല. അതുകൊണ്ടു തന്നെ കൈയിൽ കിട്ടുന്നതെല്ലാം ആഹരിക്കുകയല്ല വേണ്ടതെന്നും കഴിക്കുന്ന ആഹാരത്തിന്റെ വിശിഷ്ടത പ്രധാനമാണെന്നുമുള്ള തിരിച്ചറിവ് ഓരോ മനുഷ്യനും ആവശ്യമാണ്. 

മനുഷ്യനെ സൃഷ്ടിച്ച് ജീവിത വിഭവങ്ങളെ കുറിച്ച് ബോധനം നൽകിയിട്ടുള്ള സ്രഷ്ടാവ് ഭക്ഷണ കാര്യങ്ങളിൽ മനുഷ്യൻ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിനും നിലനിൽപിനുമാവശ്യമായ ഭക്ഷണമെന്തെല്ലാമാണെന്ന് മനുഷ്യനേക്കാൾ അറിയുന്നത് അവന്റെ സ്രഷ്ടാവിനാണ്. അതുകൊണ്ടു തന്നെ ഭക്ഷ്യവസ്തുക്കളിൽ മനുഷ്യർക്ക് അനുവദനീയമായത് എന്തെല്ലാമെന്ന് വ്യക്തമാക്കിത്തരേണ്ടതും അവരുടെ സ്രഷ്ടാവ് തന്നെയാണ്. സ്രഷ്ടാവിന്റെ തിരുവചനം ശ്രദ്ധിക്കുക: 'തങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവർ നിന്നോട് ചോദിക്കും. പറയുക: വിശിഷ്ട വസ്തുക്കളാണ് നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്.' (ഖുർആൻ 5:4).  ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ അവ അനുവദനീയമാകുന്നതിന്റെ മാനദണ്ഡം അത് വിശിഷ്ടമാവുക എന്നതാണ്. വിശുദ്ധ ഖുർആൻ 'ഹലാൽ' ഭക്ഷണത്തിന്റെ സവിശേഷ ഗുണമായി പറയുന്നത് 'വിശിഷ്ടത'യാണ്. ഖുർആൻ നിരവധി വചനങ്ങളിൽ ഹലാലിനെ കുറിച്ച് പറയുമ്പോൾ 'ത്വയ്യിബ്' എന്നുപയോഗിച്ചത് ഈ ഉദ്ദേശ്യത്തിലാണ്. 'മനുഷ്യരെ, ഭൂമിയിലുള്ളതിൽ നിന്ന് അനുവദനീയവും (ഹലാൽ), വിശിഷ്ടവുമായത് (ത്വയ്യിബ്) നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക.' (2:168).  'സത്യവിശ്വാസികളെ, നിങ്ങൾക്ക് നാം നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക'. (2:173).  വിശിഷ്ടമായ വസ്തുക്കളാണ് അനുവദനീയമാകുന്നത് എന്നും വിശിഷ്ടമല്ലാത്ത ഒന്നും ഉപയോഗിക്കരുത് എന്നുമാണ് 'ഹലാൽ' തത്വത്തിന്റെ കാതൽ. ഹലാലിനെ വർഗീയമായി കാണുന്നതിന് പകരം ഹലാലിനെ മനുഷ്യന്റെ ആരോഗ്യ കാര്യങ്ങളെ ചൂഴ്ന്നുനിൽക്കുന്ന സാംസ്‌കാരിക വ്യതിരിക്തതയായാണ് കാണേണ്ടത്.   

മനുഷ്യന്റെ വിശ്വാസപരവും ഭൗതികവുമായ ഏറ്റവും നല്ല അവസ്ഥകൾ നിലനിൽക്കുന്നതിനു വേണ്ടിയാണ് സ്രഷ്ടാവായ ഏകദൈവം വിശിഷ്ട വസ്തുക്കൾ എന്തെല്ലാമെന്നും വിശിഷ്ടമല്ലാത്തത് എന്തെല്ലാമെന്നും പഠിപ്പിക്കുന്നത്. ചില ഭൗതിക വസ്തുക്കൾ മനുഷ്യന് നിഷിദ്ധമാകുന്നത് പ്രധാനമായും അതിന്റെ മ്ലേഛത കാരണമാണ്. ശവം, രക്തം, പന്നിമാംസം തുടങ്ങി നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ അതിന്റെ മ്ലേഛത കാരണമാണ് നിഷിദ്ധമായിട്ടുള്ളത്. ഖുർആൻ ആ കാര്യം വ്യക്തമായി പറയുന്നുണ്ട്. 'റിജ്‌സ്' എന്ന പദമാണ് മ്ലേഛതയെ ചൂണ്ടിക്കാണിക്കാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. 'പറയുക: എനിക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിൽ ഭക്ഷിക്കുന്നവന് ഭക്ഷിക്കുവാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നി മാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേഛമത്രേ.' (6:145).  'എന്നാൽ ഏകദൈവത്തിന് മാത്രം നൽകേണ്ട ആരാധനയുടെ ഭാഗമായി നിർവഹിക്കപ്പെടുന്ന ബലികർമങ്ങൾ മറ്റുള്ളവരുടെ പേരിൽ നിർവഹിക്കപ്പെടുമ്പോൾ ആ പ്രവൃത്തി അധർമമായി മാറുന്നു. ഉപരിസൂചിത വചനത്തിൽ തുടർന്നുകൊണ്ട് ഖുർആൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  'ഏകദൈവമല്ലാത്തവരുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ടതിനാൽ അധാർമികമായിത്തീർന്നിട്ടുള്ളതും നിങ്ങൾക്ക് നിഷിദ്ധമാണ്.' അധാർമികം എന്നതിന് അവിടെ ഉപയോഗിച്ച പദം 'ഫിസ്ഖ്' എന്നാണ്.  ചുരുക്കത്തിൽ മനുഷ്യന്റെ ഭൗതികവും പാരത്രികവുമായ ഗുണങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടാണ് സ്രഷ്ടാവ് ഹലാൽ, ത്വയ്യിബ് നിയമങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളത് എന്നർത്ഥം. 


ഹലാൽ എന്ന പദത്തെ ഉയർത്തിപ്പിടിച്ച് പലരും ഇന്ന് വർഗീയതക്ക് തിരികൊളുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിൽ ആ രാജ്യം അനുവദിക്കുന്ന ഏതു ഭക്ഷണം കഴിക്കാനും അവിടുത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യമുണ്ട്. മതത്തിന്റെ പേരിലോ പാരമ്പര്യങ്ങളുടെ പേരിലോ ഓരോ വിഭാഗവും സ്വീകരിച്ചുവരുന്ന ഭക്ഷണ ശീലങ്ങൾ നിലനിർത്തുവാനുള്ള അവകാശവും ഓരോ വിഭാഗത്തിനുമുണ്ട്. പച്ചക്കറി മാത്രം ഭക്ഷിക്കുന്നവരും മാംസം മാത്രം ഭക്ഷിക്കുന്നവരും രണ്ടും ഭക്ഷിക്കുന്നവരുമെല്ലാം ഇന്ത്യൻ സമൂഹത്തിന്റെ പരിഛേദങ്ങളാണ്. അതിന്റെ പേരിൽ ആരും ആരെയും നിർബന്ധിക്കുകയോ തങ്ങളുടെ ഭക്ഷണ ശീലങ്ങൾ അടിച്ചേൽപിക്കുകയോ ചെയ്യാൻ പാടില്ല. എന്നാൽ ഓരോ വിഭാഗവും തങ്ങൾ കഴിക്കുന്നത് ഇന്നയിന്ന ഭക്ഷണങ്ങളാണ് എന്ന് തുറന്നു പറയുന്നതും അത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാക്കാൻ ശ്രമിക്കുന്നതും ജനാധിപത്യ ബഹുസ്വരതയുടെ സവിശേഷതയാണ്. 

ഹലാൽ ഒരു ഇസ്‌ലാമിക സാങ്കേതിക പദമാണെന്നും അതുകൊണ്ടു തന്നെ അത് വർഗീയമാണ് എന്നുമൊക്കെ പ്രചരിപ്പിച്ചുകൊണ്ടാണ് ചില പ്രതിലോമ ശക്തികൾ വർഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംകൾക്ക് മറ്റു വിഭാഗങ്ങൾ തയാറാക്കിയതോ അവർ അറുത്തതോ ആയ യാതൊരു ഭക്ഷണവും കഴിക്കാൻ പാടില്ല എന്നാണ് ഹലാൽ കൊണ്ട് ഉദ്ദേശിക്കുന്നത് തുടങ്ങിയ അബദ്ധജഢിലവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഹലാലിന് വിരുദ്ധമായ ഹറാമുകളെ (നിഷിദ്ധ വസ്തുക്കളെ) കുറിച്ച് പ്രതിപാദിക്കുന്ന സന്ദർഭങ്ങളിൽ ഖുർആൻ ഒരിക്കലും ഒരു വർഗീയതയും സംസാരിച്ചിട്ടില്ല. ഖുർആൻ പറയുന്നു: 'എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നൽകപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവർക്കും അനുവദനീയമാണ്.' (5:5). ഹലാലിന് പിന്നിൽ വർഗീയ താൽപര്യങ്ങൾ ഖുർആൻ മുമ്പോട്ട് വെച്ചിട്ടില്ല. 

അറുക്കപ്പെടുന്ന മൃഗത്തോടുണ്ടായിരിക്കേണ്ട സമീപനവും അതിനോടുള്ള ആദരവും അറുക്കുമ്പോഴുള്ള മര്യാദകളുമാണ് പ്രധാനമായും ഖുർആൻ മുമ്പോട്ടു വെച്ചിട്ടുള്ളത്. മാംസം കഴിക്കുന്നതിനുള്ള ചില മര്യാദകളാണത്. ജീവനുള്ള ഒരു മൃഗത്തെ അതിന്റെ ജീവൻ നഷ്ടപ്പെട്ടതിനു ശേഷമല്ലാതെ, അതിനെ ക്രൂരമായി പരിക്കേൽപിച്ചുകൊണ്ടും മുറിപ്പെടുത്തിക്കൊണ്ടും അതിന്റെ മാംസം എടുക്കാൻ പാടില്ല. സ്വാഭാവിക മരണം സംഭവിച്ച ഒരു മൃഗത്തെ മണ്ണിൽ അടക്കം ചെയ്യുന്നത് ആ മൃഗത്തോടുള്ള ആദരവാണ്. മറിച്ച് അതിനെ എടുത്ത് ഭക്ഷണമായി ഉപയോഗിക്കുക എന്നത് അനാദരവുമാണ്. എന്നാൽ ഒരു മൃഗത്തെ ഭക്ഷണമായി ഉപയോഗിക്കാൻ ഒരാൾ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യമായി അതിന്റെ ജീവൻ കളയേണ്ടതുണ്ട്.  എങ്ങനെയെങ്കിലും ജീവൻ നശിപ്പിക്കുകയല്ല വേണ്ടത്, മറിച്ച് വളരെ പെട്ടെന്ന് ജീവൻ നഷ്ടപ്പെടുന്ന വിധത്തിൽ അതിന്റെ കണ്ഠനാളം അറുത്തുകൊണ്ടായിരിക്കണം നിർവഹിക്കേണ്ടത്. അതുകൊണ്ടാണ് നിഷിദ്ധമാക്കിയ ഇനങ്ങൾ വിവരിച്ചപ്പോൾ ഖുർആൻ ഇങ്ങനെ പറഞ്ഞത്: 'ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ജീവനോടെ നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു.' (5:3).  അതായത് ഒരു മൃഗത്തോട് ക്രൂരത കാണിച്ച് അതിന്റെ ജീവൻ നഷ്ടപ്പെടുത്തുകയോ പാതി ജീവനാക്കുകയോ ചെയ്തുകൊണ്ടല്ല അതിന്റെ മാംസം ഉപയോഗിക്കേണ്ടത് എന്നർത്ഥം. മറിച്ച് കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം അറവ് നിർവഹിക്കേണ്ടത്. 

അറുക്കപ്പെടുന്ന മൃഗത്തെ ഉപയോഗിക്കാൻ സാധിക്കുന്ന വിധം മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തത് കാരുണ്യവാനായ സ്രഷ്ടാവാണ്. അവനെ വിസ്മരിച്ചുകൊണ്ടായിരിക്കരുത് മൃഗത്തെ അറുക്കേണ്ടത്. അവനെ സ്മരിക്കുക അനിവാര്യമാണ്. അവനെ സ്മരിക്കാതെ അതിനെ അറുക്കുക എന്നത് അന്നദാതാവിനോടുള്ള നന്ദികേടാണ്. അന്നദാതാവിനോട് നന്ദികേട് കാണിച്ചുകൊണ്ടുള്ള എന്തും മനുഷ്യന് നിഷിദ്ധമാകുന്നു. അന്നം തരുന്നവനോടുള്ള നന്ദികേടിൽ നിന്നും മോചനം നേടുവാനും അവനല്ലാത്തവരുടെ നാമം ഉച്ചരിക്കപ്പെടാതിരിക്കുവാനുമാണ് അറുക്കുമ്പോൾ അവന്റെ നാമം ഉച്ചരിക്കാൻ കൽപിക്കപ്പെട്ടിട്ടുളളത്. ഖുർആൻ പറയുന്നു: 'അതിനാൽ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടതിൽ നിന്നും നിങ്ങൾ തിന്നുകൊള്ളുക. നിങ്ങൾ അവന്റെ വചനങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ.... അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതിൽ നിന്ന് നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർരമാണ്.' (6:118,121).' ഫിസ്ഖ് എന്ന പദം തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തത് എന്ന് പറയുമ്പോൾ അത് മറ്റാരുടെയോ പേരിൽ അറുക്കപ്പെട്ടതായിരിക്കാം. അന്നം തന്നത് ഒരുവൻ. പക്ഷേ അതിന്റെ പേരിൽ പ്രകീർത്തിക്കപ്പെടുകയും നാമം ഉച്ചരിക്കപ്പെടുകയും ചെയ്യുന്നത് മറ്റൊരുവൻ. തീർച്ചയായും അത് ഫിസ്ഖ് തന്നെയാണ്. 

കേവലം നാമോച്ചാരണമല്ല 'ബിസ്മി'യുടെ ഉദ്ദേശ്യം. സ്രഷ്ടാവായ ഏകദൈവമല്ലാത്തവരുടെ പേരിൽ അറുക്കപ്പെടാത്തതാണെന്ന് ഉറപ്പു വരുത്തുകയാണ് ബിസ്മിയുടെ ഉദ്ദേശ്യം. ആയിഷ (റ) പറയുന്നു: ഏതാനും ആളുകൾ നബി (സ്വ) യുടെ അടുക്കൽ വന്നുകൊണ്ടു പറഞ്ഞു: ഞങ്ങൾക്ക് ചിലർ മാംസം നൽകാറുണ്ട്. പക്ഷേ അത് അല്ലാഹുവിന്റെ നാമം ചൊല്ലി അറുക്കപ്പെട്ടതാണെന്നു ഞങ്ങൾക്ക് ഉറപ്പില്ല. അപ്പോൾ നബി (സ) പറഞ്ഞു: 'നിങ്ങൾ ബിസ്മി ചൊല്ലി കഴിക്കുക'. (ബുഖാരി 5507).  

ഹലാൽ എന്ന സ്റ്റിക്കറിലല്ല കാര്യം; ഹലാൽ എന്ന പരിശുദ്ധമായ ആശയത്തിന്റെ ഉൾക്കനത്തിലാണ് കാര്യമുള്ളത്. വിശിഷ്ടമായത് ഭക്ഷിച്ച് ആരോഗ്യം സംരക്ഷിച്ച് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്ന നാഥനോട് നന്ദിയുള്ളവരാവുക എന്നതാണ് ഹലാലിന്റെ താൽപര്യം. ഹലാലിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കച്ചവടങ്ങൾ കൊഴുപ്പിക്കുവാനുള്ള ഗൂഢതന്ത്രങ്ങൾ മാത്രമാണ്. ഒരു വിഭാഗം ഹലാൽ മാത്രം കഴിക്കുന്നതുകൊണ്ട് മറ്റൊരു വിഭാഗത്തിനും യാതൊരു പ്രശ്‌നവും ഉണ്ടാവുന്നില്ല. ഇത്രയും കാലം നമ്മുടെ രാജ്യത്ത് ഇതൊന്നും വലിയ വിവാദങ്ങളായിരുന്നില്ല. വിവാദങ്ങളുണ്ടാക്കുന്നവർക്ക് കൃത്യമായും അജണ്ടകളുണ്ട്. അവയെ അവഗണിച്ചു വിടുകയാണ് വേണ്ടത്. അവരുണ്ടാക്കുന്ന വിവാദങ്ങൾക്ക് പ്രചാരണം നൽകുന്ന പ്രതിലോമപരമായ പ്രതികരണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. വെറുപ്പിന്റെ രാഷ്ട്രീയം തത്വശാസ്ത്രമായി സ്വീകരിച്ചവർക്ക് വളരാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടുള്ള സമീപനങ്ങൾ ഹലാലിന്റെ 'വക്താക്കളും' അവസാനിപ്പിക്കണം.

Latest News