കോഴിക്കോട് - ജില്ലയിൽ പകരം സീറ്റ് നൽകിയില്ലെങ്കിലും കാസർക്കോട് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ഐ.എൻ.എൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ഇക്കാര്യം ഇടതുമുന്നണിയെ അറിയിച്ചതാണെങ്കിലും അവസാനം അവിടെ സ്ഥാനാർഥിയെ നിർത്തേണ്ടിവന്നു. ഇനി ആവർത്തിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
പാർട്ടി രൂപവൽക്കരിച്ചതിനു ശേഷം ഒരിക്കലൊഴികെ കാസർകോട് മണ്ഡലത്തിൽ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് വേണ്ടി ജനവിധി തേടിയത് ഐ.എൻ.എൽ ആണ്. ബി.ജെ.പിക്കും താഴെ മൂന്നാം സ്ഥാനത്തായിരുന്നു. മുസ്‌ലിം ലീഗ് സ്ഥാനാർഥികളാണ് ജയിച്ചുവരുന്നത്.
1996 ലും 2006 ലും ഐ.എൻ.എൽ സ്ഥാനാർഥിയായിരുന്ന എൻ.എ. നെല്ലിക്കുന്നിന് 26-27 ശതമാനം വോട്ട് ലഭിച്ചുവെങ്കിൽ, 2001 ൽ മത്സരിച്ച സി.പി.എമ്മിലെ എ.ജി. നായർക്ക് 20.06 ശതമാനമാണ് കിട്ടിയത്. 2011 ൽ ഐ.എൻ.എല്ലിലെ ഒരു വിഭാഗം മുസ്‌ലിം ലീഗിൽ ലയിക്കുകയും എൻ.എ. നെല്ലിക്കുന്ന് യു.ഡി.എഫ് സ്ഥാനാർഥിയാവുകയും ചെയ്തു. ഐ.എൻ.എല്ലിലെ അസീസ് കടപ്പുറമായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി. കിട്ടിയത് 14.07 ശതമാനം വോട്ട്. 2016 ൽ മത്സരിക്കാൻ നാട്ടുകാരാരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ കൂടിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ എ.എ. അമീനെ ഐ.എൻ.എൽ. സ്ഥാനാർഥിയാക്കിയത്. 14.98 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തു തന്നെ.
1970 മുതൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്ന കാസർക്കോട് മണ്ഡലത്തിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്താകുന്നത് 1982 ൽ ബി.ജെ.പി. മത്സരിക്കാൻ തുടങ്ങിയതോടെയാണ്. അതുകൊണ്ടു തന്നെ ഇവിടെ ലീഗ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നതിൽ കാര്യമില്ലെന്നാണ് ഐ.എൻ.എൽ വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും കാസർക്കോട്, മഞ്ചേശ്വം അസംബ്ലി മണ്ഡലങ്ങളിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്.
ഐ.എൻ.എല്ലിന് സംസ്ഥാനത്ത് താരതമ്യേന സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കാസർക്കോട്. സമീപ മണ്ഡലമായ ഉദുമയിലും ഐ.എൻ.എൽ സജീവമാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഉദുമ. കോഴിക്കോട് സൗത്തിൽ നിന്നാണ് നേരത്തെ ഐ.എൻ.എൽ ജയിച്ചത്. 2006 ൽ മുസ്‌ലിം ലീഗിലെ ടി.പി.എം. സാഹിറിനെ ഐ.എൻ.എല്ലിലെ പി.എം.എ. സലാം 14,000 വോട്ടിന് തോൽപിച്ചിട്ടുണ്ട്. 2011 ൽ പക്ഷെ ലീഗിലെ ഡോ. എം.കെ. മുനീറിനോട് സി.പി.എമ്മിലെ സി.പി. മുസാഫർ അഹമ്മദ് തോറ്റു.
ജയസാധ്യതയുള്ള ഒരു മണ്ഡലമെങ്കിലും അനുവദിക്കണമെന്ന നിർബന്ധത്തെ തുടർന്ന് 2016 ൽ ഈ മണ്ഡലം ഐ.എൻ.എല്ലിന് ഇടതുമുന്നണി അനുവദിക്കുകയും സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിനെ സ്ഥാനാർഥിയാക്കുകയും ചെയ്‌തെങ്കിലും തോൽവിയായിരുന്നു ഫലം.
സി.പി.എം. സ്വതന്ത്രനായി ഒരു തവണ കൊടുവള്ളിയിലും രണ്ടു തവണ കുന്നമംഗലത്തും ജയിച്ച പി.ടി.എ. റഹീം ഇപ്പോൾ നാഷനൽ ലീഗിലായിതിനാൽ അദ്ദേഹത്തിന് നൽകുന്ന സീറ്റ് ഐ.എൻ.എല്ലിന്റെ പട്ടികയിലാണ് വരിക. റഹീമിന് കുന്നമംഗലം വീണ്ടും നൽകുകയാണെങ്കിൽ കോഴിക്കോട് സൗത്തിന് വേണ്ടി വാദിക്കുന്നത് നിഷ്ഫലമാവുമോ എന്ന ആശങ്ക ഐ.എൻ.എല്ലിനുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ചു സീറ്റുകൾ ആവശ്യപ്പെടാനാണ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ധാരണയായത്. 26 ന് എൽ.ഡി.എഫ് യോഗം ചേരുന്നുണ്ട്.