Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വ്യാപക  പരിശോധന; നിരവധി പേര്‍ പിടിയില്‍ 

ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ നജ്‌റാനില്‍ പരിശോധനയിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍.

റിയാദ് - ഇഖാമ, തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിന് സുരക്ഷാ വകുപ്പുകള്‍ സൗദിയിലെങ്ങും ഊര്‍ജിതമായ റെയ്ഡുകള്‍ ആരംഭിച്ചു. റിയാദില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ പരിശോധന ഉദ്ഘാടനം ചെയ്തു. റിയാദ് പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍സമാമിയുടെ നേതൃത്വത്തില്‍ റെയ്ഡുകളില്‍ പങ്കാളിത്തം വഹിക്കുന്ന വിവിധ സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഉദ്ഘാടനം. 

അല്‍ബാഹയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ 334 നിയമ ലംഘകര്‍ പിടിയിലായതായി അല്‍ബാഹ പോലീസ് വക്താവ് കേണല്‍ സഅദ് ത്വറാദ് പറഞ്ഞു. തുര്‍ബയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് നടത്തിയ പരിശോധനകളില്‍ 95 നിയമ ലംഘകര്‍ പിടിയിലായി. മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ സാലിം അല്‍ഖര്‍നിയുടെ അധ്യക്ഷതയില്‍ മക്ക പ്രവിശ്യ പോലീസ് ആസ്ഥാനത്ത് സുരക്ഷാ വകുപ്പ് മേധാവികള്‍ ഇന്നലെ യോഗം ചേര്‍ന്ന് റെയ്ഡുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രവിശ്യയിലെ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തുമെന്ന് പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മക്ക പ്രവിശ്യയില്‍ 4,81,372 നിയമ ലംഘകര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായിരുന്നെന്നും മേജര്‍ ജനറല്‍ സാലിം അല്‍ഖര്‍നി പറഞ്ഞു.
 

രാജ്യത്തുള്ള മുഴുവന്‍ നിയമ ലംഘകരെയും പിടികൂടുകയാണ് ലക്ഷ്യം. പരിശോധനയില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും പങ്കാളിത്തം വഹിക്കുന്നതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും പ്രവേശന വിലക്കുമില്ലാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

മാര്‍ച്ച് 29 നാണ്  മൂന്നു മാസ പൊതുമാപ്പ് നിലവില്‍വന്നത്. പലവിധ കാരണങ്ങളാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് കൂടി അവസരമൊരുക്കി പൊതുമാപ്പ് പിന്നീട് നവംബര്‍ 14 വരെ നീട്ടുകയായിരുന്നു. 
നിയമ ലംഘകര്‍ക്ക് അഭയമോ യാത്രാ സൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നല്‍കാതെ വിദേശികളും സൗദികളും നിയമം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന വിദേശികള്‍ക്കും സൗദികള്‍ക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും അവര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് 999 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എല്ലാവരും വിവരം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡുകളില്‍ നുഴഞ്ഞുകയറ്റക്കാരും ഇഖാമ കാലാവധി അവസാനിച്ചവരും സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരും ഹുറൂബുകാരും അടക്കം നിരവധി നിയമ ലംഘകര്‍ പിടിയിലായി. 


 

Latest News