Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം: ലീഗ്  സെക്രട്ടറിയുടെ നിലപാട് യു.ഡി.എഫ് ചർച്ച ചെയ്തില്ല

കൽപറ്റ- നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റ മണ്ഡലത്തിൽ ജനവിധി തേടുന്നതു അംഗീകരിക്കില്ലെന്ന മുസ്‌ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലയ്ക്കലിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇന്നലെ ലീഗ് ഹൗസിൽ ചേർന്ന ജില്ലാ യു.ഡി.എഫ് നേതൃയോഗത്തിൽ ചർച്ചയായില്ല. മുല്ലപ്പള്ളി കൽപറ്റയിൽ മത്സരിക്കാനുള്ള സാധ്യത സംബന്ധിച്ചും  ചർച്ച നടന്നില്ല. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം യു.ഡി.എഫ് സംസ്ഥാന നേതൃത്വം ചർച്ചചെയ്യേണ്ട വിഷയമാണെന്നാണ് യോഗം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ വിജയം ഉറപ്പുവരുത്തുന്നതിനു എന്തെല്ലാം ചെയ്യണമെന്നാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ഗവ.മെഡിക്കൽ കോളേജ്, വയനാട് റെയിൽ പദ്ധതി,  വന്യമൃഗശല്യം, ചുരം ബദൽ പാത, ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ഇടപെടൽ നടത്താൻ  യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പു ഒരുക്കത്തിന്റെ ഭാഗമായി 21നു മൂന്ന് നിയോജകമണ്ഡലങ്ങളിലും കൺവെൻഷൻ  നടത്തും. ദൽഹി അതിർത്തിയിൽ  തുടരുന്ന  കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൽപറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ ധർണ സംഘടിപ്പിക്കും. ബൂത്തുതല യു.ഡി.എഫ് കൺവെൻഷൻ 31നകം പൂർത്തിയാക്കും. ഐശ്വര്യകേരള യാത്ര ജില്ലയിലെത്തുന്ന ഫെബ്രുവരി മൂന്നിനു മാനന്തവാടി, ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ മഹാസമ്മേളനം സംഘടിപ്പിക്കും. 


മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.ഡി.അപ്പച്ചൻ, കെ.കെ.അഹമ്മദ് ഹാജി, പി.കെ.ജയലക്ഷ്മി, കെ.വി.പോക്കർഹാജി, എം.സി.സെബാസ്റ്റ്യൻ, അബ്ദുള്ള മാടക്കര, കെ.എം.അബ്രഹാം, എൻ.എം.വിജയൻ, കെ.കെ.വിശ്വനാഥൻ, വി.എ.മജീദ്, പ്രവീൺ തങ്കപ്പൻ, യഹ്യാഖാൻ തലയ്ക്കൽ, എ.എൻ.ജവഹർ, പി.പി.അയൂബ്, പടയൻ മുഹമ്മദ്, എൻ.കെ.വർഗീസ്, പി.പി.ആലി, പി.കെ.അസ്മത്ത് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകി. 

Latest News