മക്ക - കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ വൻ വികസന പദ്ധതികൾക്ക് ഹറംകാര്യ വകുപ്പ് തുടക്കമിട്ടു. കിസ്‌വ കോംപ്ലക്‌സ് സന്ദർശകർക്കും പരിസരപ്രദേശങ്ങളിലെ നിവാസികൾക്കും പ്രയോജനപ്പെടുന്ന നിലക്ക് ഏറ്റവും മികച്ച വാസ്തുശൈലിയിലുള്ള വലിയ ജുമാമസ്ജിദ്, വിഷ്വൽ ഹാൾ, വിശുദ്ധ കഅ്ബാലയത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന കഅ്ബ ഹാൾ, വലിയ ഓഡിറ്റോറിയം, പാർക്ക്, ചരിത്ര ശൈലിയിലുള്ള സൂഖുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവയെല്ലാം വികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.
കിസ്‌വ നിർമാണം വേഗത്തിലാക്കാനും കിസ്‌വ കോംപ്ലക്‌സിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ നീക്കം എളുപ്പമാക്കാനും വികസന പദ്ധതി സഹായിക്കും. കിസ്‌വ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സന്ദർശകർക്ക് ലഭ്യമാക്കുന്ന നിലക്ക് സാങ്കേതിക സംവിധാനങ്ങളും വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കും.