ഹരാരെ- ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേയുടെ പ്രസിഡന്റ് റോബർട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈന്യം രാജ്യം പട്ടാള നിയന്ത്രണത്തിലാക്കി. എന്നാൽ അട്ടിമറി നടത്തിയിട്ടില്ലെന്ന് സൈനിക ജനറൽമാർ അറിയിച്ചു.
ദശാബ്ദങ്ങൾ നീണ്ട മുഗാബെയുടെ ഭരണത്തിന് അന്ത്യമാകുന്നതിന്റെ സൂചനകൾ പ്രകടമാണ്. പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റ് മന്ദിരവും സുപ്രധാന സർക്കാർ ഓഫീസുകളെല്ലാം സൈന്യം വളഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം സൈനിക ട്രക്കുകൾ നിരന്നിരിക്കുകയാണ്. പ്രസിഡന്റ് റോബർട്ട് മുഗാബെയും കുടുംബവും സുരക്ഷിതനാണെന്ന് മേജർ ജനറൽ സിബുസിസോ മോയോ അറിയിച്ചു. പ്രസിഡന്റിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ക്രിമിനലുകളേയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേയുമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും തങ്ങളുടെ ദൗത്യം പൂർത്തിയായാലുടൻ രാജ്യം സാധാരണ ഗതിയിലേക്ക് തിരിച്ചുവരുമെന്നും മോയോ പറഞ്ഞു.
രാജ്യം ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ച 1980 മുതൽ സിംബാബ്‌വേയിൽ അധികാരം കൈവശം വെച്ചിരിക്കുന്നത് 93 കാരനായ മുഗാബെയാണ്. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ദേശീയ ടെലിവിഷൻ ചാനലും പിടിച്ചെടുത്തു. 'സാമൂഹിക, സാമ്പത്തിക ദുരിതത്തിന്' ഇടയാക്കിയ മുഗാബെയുടെ അനുയായികളാണ് സൈന്യത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. തലസ്ഥാന നഗരമായ ഹരാരെക്ക് വടക്കൻ മേഖലയിൽ ബുധനാഴ്ച പുലർച്ചെ വൻ സ്‌ഫോടന ശബ്ദവും വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുണ്ട്. അട്ടിമറിയല്ലെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും പ്രസിഡന്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തു വന്നിട്ടില്ല. പ്രസിഡന്റ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് സൂചിപ്പിക്കുന്ന ട്വിറ്റർ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. സിംബാബ്‌വെയിൽ ഭരണഘടനാ വിരുദ്ധമായ സർക്കാർ മാറ്റത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ പ്രതികരിച്ചു. വിദേശ രാജ്യങ്ങൾ എംബസികൾക്കും പൗരന്മാർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പട്ടാള അട്ടിമറിയിലേക്കാണ് രാജ്യം പോകുന്നതെങ്കിൽ പ്രസിഡന്റിന്റെ പത്‌നി ഗ്രേസ് മുഗാബെയുടെ അധികാര സ്വപ്‌നങ്ങൾക്കു കൂടിയാണ് പൂട്ടുവീഴുന്നത്. മുഗാബെക്ക് ശേഷം നേതാവായി അധികാരം പിടിച്ചെടുക്കാമെന്ന് സ്വപ്‌നം കണ്ടു നടക്കുന്ന പ്രഥമ വനിതയായിരുന്നു അവർ. പ്രസിഡന്റിന്റെ ഓഫീസ് സെക്രട്ടറിയായി എത്തിയ ഗ്രേസ് 1996 ൽ അദ്ദേഹത്തിന്റെ ഭാര്യയായി. നിരവധി കേസുകളിൽ ഇവർ ആരോപണ വിധേയയാണെങ്കിലും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
സൈനിക നടപടികളെക്കുറിച്ച് സർക്കാരിന്റെ പ്രതികരണം ഇതുവരെ പുറത്തുവരാത്തതിനാൽ മുഗാബെക്ക് ഭരണ നിയന്ത്രണം നഷ്ടമായി എന്നുവേണം കരുതാനെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സൈനിക മേധാവി ചിവെൻഗയെ പുറത്താക്കാൻ മുഗാബെ ശ്രമിച്ചതായും അതിന്റെ അനന്തര ഫലമാണ് ഈ നടപടികളെന്നും ഹരാരെയിൽ വാർത്തകളുണ്ട്.