Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ  'പപ്പു' വേണ്ടെന്ന് കമ്മീഷൻ

അഹമ്മദാബാദ് - കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇലക്ട്രോണിക് പരസ്യങ്ങൾ വഴി 'പപ്പു' എന്ന വാക്ക് ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ നേരത്തേ 'പപ്പു' എന്ന വാക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സോഷ്യൽ മീഡിയയിൽ പരസ്യങ്ങളും പ്രചാരണങ്ങളും ഉണ്ടാക്കി ബി.ജെ.പി ഈ അടവ് വ്യാപകമായി ഉപയോഗിച്ചു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 
എന്നാൽ പരസ്യങ്ങളിലെ വാക്ക് ആരേയും വ്യക്തിപരമായി ലക്ഷ്യമിട്ട് അല്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധമായ പരസ്യങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് അതിന്റെ സ്‌ക്രിപ്റ്റ് ഹാജരാക്കണമെന്ന് ഗുജറാത്ത് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്റെ കീഴിലുളള മാധ്യമ കമ്മിറ്റി അറിയിച്ചു. 'പപ്പു' എന്ന വാക്ക് അധിക്ഷേപപരമായി ഉപയോഗിക്കുന്നതാണെന്നും എല്ലാ പരസ്യങ്ങളിൽ നിന്നും ഇത് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
'പപ്പു' എന്ന വാക്ക് പ്രത്യക്ഷത്തിൽ ആരേയും വ്യക്തിപരമായി സൂചിപ്പിക്കാത്തതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കാൻ സമ്മതിക്കണമെന്ന് ബി.ജെ.പി കമ്മീഷനെ അരിയിച്ചിരുന്നു. എന്നാൽ ഇത് തളളുകയായിരുന്നു. വാക്ക് നീക്കം ചെയ്ത് പുതിയ തിരക്കഥ ഉണ്ടാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ ഹാജരാക്കുമെന്ന് ഗുജറാത്തിൽ നിന്നുളള മുതിർന്ന ബി.ജെ.പി നേതാവ് അറിയിച്ചു. രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നതിനായി ബി.ജെ.പി രൂപപ്പെടുത്തിയ ഈ ഹാഷ് ടാഗ് ബൂമറാങ്ങു പോലെ തിരിച്ചടിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പപ്പു രാഹുലല്ല മറിച്ച്, മോഡിയാണ് എന്ന പ്രചാരണം ഉണ്ടായിരുന്നു. ബി.ജെ.പിയും സംഘപരിവാറും സൃഷ്ടിച്ച പപ്പു ടാഗിലൂടെ സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പരിഹാസത്തിനു പത്രമായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ. എന്നാൽ ഇത്തരം അപഹസിക്കലുകളെയെല്ലാം മറികടന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത തിരിച്ചുവരവാണ് രാഹുൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. 
പപ്പു എന്ന പേര് ഇപ്പോൾ മോഡിയെയും രാഹുലിനെയും കളിയാക്കാൻ ഇരു പാർട്ടികളും ഉപയോഗിക്കുന്നു. 
പ്രധാനമന്ത്രി മോഡിയെയും അദ്ദേഹത്തിന്റെ ജനദ്രോഹ നയങ്ങളെയും കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന രാഹുലിന് ട്വിറ്ററിൽ ഏറെ സ്വീകാര്യതയും ലഭിച്ചു. തന്നെ കളിയാക്കാൻ ഉപയോഗിച്ച ഷെഹ്‌സാദ് എന്ന ടാഗും ഇപ്പോൾ രാഹുൽ മോഡിക്കെതിരെ ഉപയോഗിക്കുന്നുണ്ട്.

Latest News