തിരുവനന്തപുരം- സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസകിന്റെ നടപടി അവകാശലംഘനമാണെന്ന പരാതിയിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ നിയമസഭയുടെ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി തീരുമാനിച്ചു. നിലവിലുള്ള ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് റിപ്പോർട്ടിൽ ചില കൂട്ടിച്ചേർക്കലുകൾ സി.എ.ജി നടത്തിയതാണ് പരാമർശങ്ങൾ വെളിപ്പെടുത്താനിടയാക്കിയ അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നു കമ്മിറ്റി നിരീക്ഷിച്ചു.
ചില പേജുകൾ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തതിൽ ദുരൂഹതയുണ്ടെന്ന ധനമന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവച്ചു. വി.ഡി.സതീശനാണ് ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് നൽകിയത്. ധനമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
കമ്മിറ്റിയുടെ നടപടി തെറ്റായ കീഴ്‌വഴക്കത്തിനു തുടക്കംകുറിക്കുമെന്നു പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വാദങ്ങൾ അപ്രസക്തമാണെന്നും പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി. വി.എസ്.ശിവകുമാർ, മോൻസ് ജോസഫ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.