ആവശ്യമുണ്ടാകുമ്പോൾ വിശ്രമം ചോദിച്ചു വാങ്ങാനറിയാം
കൊൽക്കത്ത- വിശ്രമം ആവശ്യമുണ്ടാകുമ്പോൾ അത് എടുക്കാനറിയാമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി.
ശ്രീലങ്കക്ക് എതിരായ രണ്ടാം ടെസ്റ്റിന് ശേഷം കോഹ്‌ലി വിശ്രമം ആവശ്യപ്പെട്ടു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.
തീർച്ചയായും എനിക്ക് വിശ്രമം ആവശ്യമുള്ളപ്പോൾ ഞാനത് എടുത്തിരിക്കും. എന്തുകൊണ്ടാണ് എനിക്ക് വിശ്രമം ആവശ്യമില്ലെന്ന് പറയുന്നത്. എന്റെ ശരീരം വിശ്രമം ആവശ്യമുണ്ടെന്ന് പറയുമ്പോൾ ഞാൻ വിശ്രമം തേടിയിരിക്കും. ഞാൻ യന്ത്ര മനുഷ്യനല്ല.
നിങ്ങൾ എന്റെ ശരീരം പരിശോധിച്ചുനോക്കൂ. തൊലിയുരിഞ്ഞ് രക്തം വരുന്നുണ്ടോ എന്ന് നോക്കാം. ഇന്ന് ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കോഹ്‌ലി പറഞ്ഞു. ലങ്കക്ക് എതിരായ മൂന്നു ടെസ്റ്റിലും കോഹ്‌ലി കളിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദും പറഞ്ഞു. അതിന് ശേഷമായിരിക്കും കോഹ്‌ലിക്ക് വിശ്രമം നൽകണോ എന്ന കാര്യം തീരുമാനിക്കുക.
അതേസമയം, ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് ഹർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചു. പാണ്ഡ്യെക്ക് പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്താൻ പാണ്ഡ്യയോട് സെലക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലും പാണ്ഡ്യേക്ക് വിശ്രമം നൽകാനാണ് സെല്കടർമാരുടെ തീരുമാനം.