തടിച്ചികളെ കുറിച്ചുള്ള മൽബിയുടെ കണക്കെടുപ്പ് വെറുതയായിരുന്നില്ല. പ്രവാസം അവസാനിപ്പിച്ച് മൽബുവിനെ നാട്ടിലെത്തിക്കുന്നതടക്കമുള്ള വലിയ ലക്ഷ്യങ്ങൾ അത് ഉൾക്കൊള്ളുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രിയതമയുടെ മോഹം കേട്ടപ്പോൾ മൽബുവിന് അതിശയമായി.
കടൽ കടന്ന ഭർത്താവ് തിരികെ നാട്ടിലെത്തി ഒരുമിച്ചൊരു ജീവിതം കൊതിക്കാത്ത ഭാര്യമാരുണ്ടാവില്ല. തിരികെ വിളിച്ചാൽ മാത്രം പോരാ, പ്രിയതമനെ വീണ്ടും സംഘർഷത്തിലാക്കാതിരിക്കാൻ ഒരു ഏർപ്പാട് കൂടി ആക്കിക്കൊടുക്കണമെന്നു കരുതുന്നവർ മൽബിയെ പോലെ അപൂർവം ചിലരേ കാണൂ. ജോലി നഷ്ടപ്പെട്ടും അല്ലാതെയും നാട്ടിലെത്തുന്നവരെ വെള്ളം കുടിപ്പിക്കുന്ന കുടുംബക്കാരാണ് ചുറ്റും. അവർക്കിടയിൽ മൽബി എന്തുകൊണ്ടും വേറിട്ടു നിൽക്കുന്നു.
നാല് ലക്ഷം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിവരുന്നതെന്നും അവരെ കുടുംബശ്രീയിലൂടെ രക്ഷിച്ചെടുക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം വരുന്നതിനു മുമ്പ് തന്നെ മൽബി ആലോചന തുടങ്ങിയിരുന്നു.
അതു തടിച്ചു തടിച്ചാണ് ഇപ്പോൾ ശരിക്കുമുള്ള തടിച്ചികളിൽ എത്തിനിൽക്കുന്നത്.
ഫോണിൽ വിളിക്കുമ്പോഴൊക്കെ മൽബു മൽബിയോട് പറയാറുണ്ടായിരുന്നു.
ജോലിയും യാന്ത്രിക ജീവിതവും. പ്രായവും കൂടി വരുന്നു. മടുപ്പ് വല്ലാതെ കൂടുന്നുണ്ട്. എന്തേലുമൊന്ന് ഒത്തുകിട്ടിയാൽ ഉടൻ തന്നെ നാടു പിടിക്കണം.
പ്രവാസം മതിയാക്കി നാട്ടിലെത്തി തുടങ്ങിയതെല്ലാം പൊളിഞ്ഞ് പാളീസായാണ് വീണ്ടും വിമാനം കയറിയതെന്ന കാര്യമൊക്കെ മൽബു മറന്നു കഴിഞ്ഞിരുന്നു. എല്ലാവരെയും പോലെ നാട്ടിലൊരു സ്ഥിരവരുമാനം മൽബുവും ഇപ്പോൾ കൊതിക്കുന്നു.
മാസം എത്ര രൂപ ഒപ്പിക്കാനായിൽ ഇക്കാ ഇങ്ങള് മടങ്ങും:
ഒരിക്കൽ വർത്താനം സീരിയസായപ്പോൾ മൽബി ചോദിച്ചു.
നമുക്കും കുട്ടികൾക്കും അല്ലലില്ലാതെ കഴിഞ്ഞു പോകാനുള്ളത് കിട്ടണം. വലിയ മോഹങ്ങളൊന്നുമില്ല. പിന്നെ ഒരു വണ്ടി വേണം. രാവിലെ പുറത്തിറങ്ങുമ്പോൾ നീ ഒരു ആയിരം രൂപയുടെ പിടക്കുന്ന നോട്ട് എന്റെ പോക്കറ്റിലിട്ടു തരണം.
ഒരു മാസത്തേക്കള്ള ചെലവിന് മൽബി കൃത്യമായ തുകയാണ് ചോദിക്കുന്നതെങ്കിലും മൽബു അതു പറയില്ല.
ചുരങ്ങിയത് ഒരു 50 രൂപ എങ്കിലും വേണ്ടിവരുമെന്ന കണക്ക് മനസ്സിലുണ്ട്. പക്ഷേ, വെറുതെ അവളോട് പറഞ്ഞിട്ടെന്താ എന്നാണ് ചിന്ത. വീട്ടിൽ ചാരുകസേരയിൽ ഇരിക്കുമ്പോൾ പല ഭാഗത്തുനിന്നായി ബാങ്ക് അക്കൗണ്ടിലേക്ക് അയ്യായിരവും പതിനായിരവുമൊക്കെ ഇങ്ങനെ വരണം. എ.ടി.എമ്മിൽ പോയി പണമെടുത്ത് നോട്ടുകൾ മൽബിയെ ഏൽപിക്കണം. അതൊക്കെയാണ് സ്വപ്നം.
ആദ്യം ഇങ്ങളെനിക്ക് കുടുംബത്തിലെ തടിച്ചികളെ വിട്ടുതാ. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിവരാനും പിന്നെ ഇവിടെ ബിസനസ് നടത്തി ജീവിക്കാനുമുള്ള വഴി ഞാൻ ഉണ്ടാക്കിത്തരാം.
മൽബിയുടെ വാക്കുകളിൽ വല്ലാത്ത ആത്മവിശ്വാസം. ഇത്രയും ആത്മവിശ്വാസത്തോടെ ഇതിനു മുമ്പ് അവൾ ഒരിക്കലും സംസാരിച്ചിട്ടില്ല.
പൊതുവെ ബിസിനസിനെ കുറിച്ച് പറയുമ്പോഴൊക്കെ നിരുത്സാഹപ്പെടുത്തിയിരുന്നയാളാണ്. ടെൻഷനില്ലാത്ത ജീവിതത്തിന് ശമ്പളമുള്ള ജോലി എന്നായിരുന്നു അവളുടെ മുദ്രവാക്യം. നാട്ടിൽ പരീക്ഷിച്ച ബിസിനസുകളൊക്കെ പരാജയപ്പെട്ട് വീണ്ടും വിമാനം കയറുമ്പോൾ നൽകിയ ഉപദേശവും അതായിരുന്നു.
ഇനിയും അവിടെ ചെന്ന ശേഷം ബിസിനസ് മോഹം മൂത്ത് കടക്കെണിയിലേക്ക് എടുത്തു ചാടണ്ട.
അതേ മൽബിയാണ് ഇപ്പോൾ നാട്ടിൽ ബിസിനസ് തുടങ്ങി മൽബുവിനെ നാട്ടിലെത്തിക്കുമെന്നും ഒരുമിച്ചുള്ള ജീവിതം വീണ്ടും യാഥാർഥ്യമാക്കുമെന്നും ആത്മവിശ്വാസത്തോടെ പറയുന്നത്.
കേൾക്കാൻ സുഖമുള്ള വർത്താനമാണെങ്കിലും മൽബിയുടെ മനസ്സിലുള്ള പദ്ധതിയുടെ വിശദീകരണം കേട്ടപ്പോൾ അതത്ര എളുപ്പമാണെന്നു തോന്നുന്നില്ല.
വാട്‌സാപ്പിലൂടെ അയച്ചു കിട്ടിയ വീഡിയോകൾ കൂടി കണ്ടതോടെ മൽബിയെ ചാടിക്കാൻ ആരോ പിന്നാലെ കൂടിയിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടു.
മൽബുവിനെ നാട്ടിലെത്തിക്കണ്ടേ, കാണാത്ത നാടുകൾ കാണാൻ വിമാനത്തിൽ പോകണ്ടേ, സ്വിറ്റ്‌സർലാൻഡ് കാണണ്ടേ, വീട്ടിലേക്കൊരു ബി.എം.ഡബ്ല്യൂ വാങ്ങണ്ടേ ഇതൊക്കെ ചോദിച്ചുകൊണ്ടാണ് ഒരാൾ മൽബിയുടെ പിന്നാലെ കൂടിയിരിക്കുന്നത്.
കുറേക്കൂടി ആലോചിച്ചിട്ട് മതീട്ടോ. ഇതിന്റെ പിന്നിൽ എന്തോ ഒരു കെണിയുണ്ട്: മൽബു പറഞ്ഞു.
എന്തു കെണി? ഒരു കാര്യം തുടങ്ങുമ്പോൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇങ്ങനെ നൂറു കൂട്ടം സംശയങ്ങളുമായി വരിക നിങ്ങളുടെ പണ്ടേയുള്ള പരിപാടിയാണ്. വീട്ടുമുറ്റത്ത് രണ്ട് ചെടി വെക്കാൻ നോക്കിയപ്പോൾ പാമ്പ് വരുമെന്ന് പറഞ്ഞയാളാണ് നിങ്ങൾ.
എന്തായാലും ഇതു വിജയിക്കും. നിങ്ങളെ ഞാൻ നാട്ടിലെത്തിച്ച് മന്ത്രിമാരൊക്കെ പറയുന്നതു പോലെ പുരധിവസിപ്പിക്കും. ചർച്ച പൂർത്തിയാകുന്നതിനു മുമ്പ് പതിവു പോലെ വാപ്പ വരുന്നുണ്ടെന്ന് പറഞ്ഞ് മൽബി ഫോൺ കട്ടാക്കി.