റിയാദ്- ബിനാമി ബിസിനസ് പ്രവണതക്ക് കാരണക്കാർ സൗദികൾ തന്നെയാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി മാജിദ് അൽഖസബി അഭിപ്രായപ്പെട്ടു. റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദശകങ്ങളായി നിലനിൽക്കുന്ന പ്രശ്‌നമാണ് ബിനാമി ബിസിനസ് പ്രവണത. ഇതിന് പരിഹാരം കാണുന്നതിന് തന്റെ അധ്യക്ഷതയിൽ പ്രത്യേക കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. ബിനാമി പ്രവണത ഇല്ലാതാക്കുന്നതിന് മറ്റേതാനും പദ്ധതികളും നടപ്പാക്കും. സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കിയും സ്ഥാപനങ്ങളിൽ സൗദികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും ബിനാമി പ്രവണത ഇല്ലാതാക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ ഊന്നൽ നൽകുന്നത്.
കഴിഞ്ഞ കൊല്ലം 871 ബിനാമി കേസുകൾ കണ്ടെത്തിയിരുന്നു. മുഴുവൻ ബിനാമി സ്ഥാപനങ്ങൾക്കും പിന്നിൽ സൗദികളാണ്. സൗദിയിൽ 12 ലക്ഷം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഗവൺമെന്റ് ജീവനക്കാരെ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് അനുവദിക്കണം എന്ന നിലപാടാണ് തനിക്കുള്ളത്.
ചെറുകിട, ഇടത്തരം മേഖലക്ക് പിന്തുണ നൽകുന്നതിന് പ്രത്യേക ബാങ്ക് സ്ഥാപിക്കുന്ന കാര്യം പഠിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വെളിപ്പെടുത്തി. ചെറുകിട, ഇടത്തരം മേഖലക്കും സ്വയം സംരഭകർക്കും വായ്പകൾ അനുവദിക്കുന്നതിനാണ് നിർദിഷ്ട ബാങ്ക് ഊന്നൽ നൽകുക. ചെറുകിട, ഇടത്തരം മേഖലക്ക് വായ്പകൾ ലഭ്യമാക്കുന്നതിന് മറ്റു പോംവഴികളും വാണിജ്യ, നിക്ഷേപ മന്ത്രാലയം ആലോചിക്കുന്നുണ്ട്. സർക്കാർ വകുപ്പുകൾ കമ്പനികൾ സ്ഥാപിക്കുന്നതിന് ബാധകമാക്കേണ്ട വ്യവസ്ഥകളെ കുറിച്ച് തന്റെ അധ്യക്ഷതയിലുള്ള ഗവൺമെന്റ് കമ്മിറ്റി പഠിക്കുന്നുണ്ട്. സ്വകാര്യ മേഖലയുമായി മത്സരിക്കുന്നതിന് പാടില്ല എന്നതാകും സർക്കാർ വകുപ്പുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് ബാധകമാക്കുന്ന ഏറ്റവും പ്രധാന വ്യവസ്ഥ. വൻകിട സർക്കാർ പദ്ധതികൾ സ്വകാര്യ മേഖലക്ക് ഭീഷണിയല്ല. സ്വകാര്യ മേഖലയുമായി മത്സരിക്കൽ സർക്കാർ ലക്ഷ്യമല്ല. സൗദിയിൽ പുതിയ വിപണികൾ തുറക്കുന്നതിനാണ് ശ്രമിച്ചാണ് ഖിദ്‌യ, റെഡ് സീ പദ്ധതികൾ, റീസൈക്ലിംഗ് കമ്പനികൾ പോലുള്ള വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലും ഏറെ പ്രാധാന്യമുള്ള ചെറുകിട, ഇടത്തരം മേഖലക്ക് ഗവൺമെന്റും മുഴുവൻ സർക്കാർ വകുപ്പുകളും പിന്തുണ നൽകും.
സാമ്പത്തിക സാധ്യതയെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമാണ് വിദേശ കമ്പനികൾ സൗദിയിലേക്ക് വരുന്നത്. പ്രാദേശിക വിപണിക്ക് കൂടുതൽ ഉണർവ് നൽകുകയും സൗദി യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന വിദേശ കമ്പനികളെ ആകർഷിക്കുന്നതിനാണ് ശ്രമം. മുഴുവൻ വിദേശ കമ്പനികൾക്കും നൂറു ശതമാനം വിദേശ നിക്ഷേപത്തോടെ പ്രവർത്തിക്കുന്നതിന് അനുമതി നൽകില്ല. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് അധികമൂല്യം നൽകുന്ന കമ്പനികൾക്കു മാത്രമാണ് നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ സൗദിയിൽ പ്രവർത്തിക്കുന്നതിന് ലൈസൻസ് നൽകുകയെന്നും മന്ത്രി പറഞ്ഞു.