Sorry, you need to enable JavaScript to visit this website.

ഐ.എൻ.എല്ലിന് നേരത്തെ ലഭിച്ച സീറ്റുകൾ പോലും  ഉപേക്ഷിക്കേണ്ടി വന്നേക്കും

കോഴിക്കോട്- ഇടതുമുന്നണി ഘടകകക്ഷിയായ ഐ.എൻ.എല്ലിന് നേരത്തെ ലഭിച്ച സീറ്റുകൾ പോലും ഉപേക്ഷിക്കേണ്ടി വന്നേക്കും. പാർട്ടി സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്. രണ്ടു മണ്ഡലങ്ങൾ കൂടി ചേർത്ത് അഞ്ചു സീറ്റ് പാർട്ടി ആവശ്യപ്പെട്ടേക്കും. കാൽ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരുപ്പിനൊടുവിൽ ഇടതുമുന്നണിയുടെ ഔദ്യോഗിക ഭാഗമായി മാറിയ ഇന്ത്യൻ നാഷനൽ ലീഗിന് കൂടുതൽ മണ്ഡലങ്ങൾ അനുവദിക്കാൻ സാധ്യതയില്ല. പാർട്ടിക്ക് താൽപര്യമുള്ള മലബാർ മേഖലയിൽ എൽ.ജെ.ഡി.ക്ക് കൂടി സീറ്റ് കണ്ടെത്തേണ്ടി വന്നതാണ് ഒരു കാരണം. 2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ കോഴിക്കോട് സൗത്ത് സി.പി.എം ഏറ്റെടുത്തേക്കും. പകരം മലപ്പുറം ജില്ലയിൽ ഒരു സീറ്റ് കൂടി അനുവദിക്കും. 
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്, കാസർകോട് മണ്ഡലങ്ങളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഐ.എൻ.എൽ മത്സരിച്ചത്. ജയസാധ്യതയുള്ള മണ്ഡലം എന്ന നിലയിൽ ആവശ്യപ്പെട്ട് വാങ്ങിയ കോഴിക്കോട് സൗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് തന്നെ മത്സരിക്കുകയും ചെയ്തു. കാസർക്കോട് മണ്ഡലത്തിൽ മത്സരിക്കുന്നതിന് പാർട്ടിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. 


കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പി.ടി.എ. റഹീം ഇപ്പോൾ ഐ.എൻ.എല്ലിന്റെ ഭാഗമാണ്. റഹീമിന്റെ പാർട്ടി രണ്ടു വർഷം മുമ്പ് ഐ.എൻ.എല്ലിൽ ലയിച്ചു. ഇനി റഹീമിന് അനുവദിക്കുന്ന സീറ്റ് കൂടി ഐ.എൻ.എല്ലിന്റെ പട്ടികയിലാണ് വരികയെന്നത് പാർട്ടിക്ക് ഗുണം ചെയ്‌തേക്കില്ല. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന നിലയിലാണ് കോഴിക്കോട് സൗത്ത് ഇടതുമുന്നണി അനുവദിച്ചത്. റഹീം കുന്ദമംഗലത്ത് തുടരുകയാണെങ്കിൽ ഐ.എൻ.എല്ലിന് കാസർകോടിന് പുറമെ മലപ്പുറം ജില്ലയിലെ രണ്ടു സീറ്റുകൾ ലഭിച്ചേക്കും. തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങളിൽ ഒന്നും മഞ്ചേരി, മലപ്പുറം, വേങ്ങര, കൊണ്ടോട്ടി എന്നിവയിലൊന്നുമാണ് സാധ്യത. കാസർക്കോട് ജില്ലയിലെ ഉദുമ ലഭിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് സൗത്ത് ഐ.എൻ.എല്ലിന് അനുവദിക്കുന്നത് മുന്നണിക്ക് ദോഷം ചെയ്യുന്നുവെന്ന വിലയിരുത്തൽ സി.പി.എമ്മിനുണ്ട്. 2006 ൽ ഐ.എൻ.എല്ലിലെ പി.എം.എ. സലാം ജയിച്ച മണ്ഡലമെന്ന നിലയിൽ കൂടിയാണ് സൗത്ത് ആവശ്യപ്പെടുന്നത്. സി.പി.എമ്മിൽ നിന്നുള്ള സ്ഥാനാർഥിയാണെങ്കിലേ മുസ്‌ലിം ലീഗിലെ ഡോ. എം.കെ. മുനീറിനെ തോൽപിക്കാൻ കഴിയൂ എന്ന വിശ്വാസം ഉണ്ട്.  


ഇന്ത്യൻ നാഷനൽ ലീഗിലെ പടലപ്പിണക്കങ്ങൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതിനെയും സ്ഥാനാർഥി നിർണയത്തെയും ബാധിക്കും. അഖിലേന്ത്യാ കമ്മിറ്റിക്കും പ്രസിഡന്റിനും എതിരായ നിലപാടാണ് എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി സ്വീകരിക്കുന്നത്. അഖിലേന്ത്യാ പ്രസിഡന്റ് ഏകപക്ഷീയമായി അച്ചടക്ക നടപടി എടുത്തുവെന്ന ആക്ഷേപം നിലനിൽക്കുകയാണ്. സി.പി.എമ്മിനോട് പൂർണ വിധേയത്വം കാണിക്കുന്ന അബ്ദുൽ വഹാബിന്റെ ചേരിക്കാണ് സംസ്ഥാന കമ്മിറ്റിയിൽ ആധിപത്യം. പി.ടി.എ. റഹീം വിഭാഗം ഈ പക്ഷത്ത് ചേരുന്നതോടെ വഹാബ് പക്ഷത്തിന്റെ താൽപര്യങ്ങൾക്കായിരിക്കും ജയം. 

Latest News