തിരുവനന്തപുരം- ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. മാർച്ച് 31 ന് തന്നെ അക്കാദമിക വർഷം പൂർത്തിയാക്കും. മാർച്ച് 17 മുതൽ 30 വരെ തീയതികളിൽ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ നടത്തും. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. സിലബസ് വെട്ടിച്ചുരുക്കുന്നത് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്. അങ്ങനെ ചെയ്താൽ പല മേഖലകളെ കുറിച്ചും കുട്ടിക്ക് അറിവില്ലാതെ വരും. ഇത് തുടർപഠനത്തെ ബാധിക്കും. അതിനാൽ സിലബസ് ചുരുക്കുന്നത് ആശാസ്യകരമല്ല. ലഭ്യമായ സമയത്ത് സിലബസ് പൂർത്തിയാക്കുകയാണ് വേണ്ടത്. കോവിഡ് കാലത്ത് പുതിയൊരു പരീക്ഷാ രീതിയാണ് വികസിപ്പിക്കുന്നത്. പരീക്ഷ നടത്തുന്നത് കുട്ടികളെ പരീക്ഷിക്കുക എന്ന ലക്ഷ്യത്തിലല്ല. കുട്ടി അറിയുക എന്നുള്ളതാണ് പ്രധാനം. കുട്ടിക്ക് എന്ത് അറിയില്ല എന്നതിനേക്കാൾ അപ്പുറം കുട്ടിക്ക് എന്തറിയാം എന്ന സമീപനമാണ് ഇത്തവണ പരീക്ഷയിൽ സ്വീകരിക്കുന്നത്.
പുതിയ പരീക്ഷാരീതിയിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും. കുട്ടിക്ക് താൽപര്യമുള്ള എത്ര ചോദ്യത്തിന് വേണമെങ്കിലും ഉത്തരം എഴുതാം. പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരുന്ന ഒരു അധ്യായത്തിലും പ്രധാനപ്പെട്ട ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ഭാഗത്തുനിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ.