റിയാദ്- രഹസ്യമായി ഉപയോക്താക്കളെ സ്വീകരിച്ച് ഹുക്ക വിതരണം ചെയ്ത കോഫി ഷോപ്പ് റിയാദ് നഗരസഭ അടപ്പിച്ചു. പിൻവശത്തെ ഡോർ വഴിയാണ് സ്ഥാപനം രഹസ്യമായി ഉപയോക്താക്കളെ സ്വീകരിച്ചിരുന്നത്. ഹുക്കയും ഹുക്ക പുകയില ശേഖരവും മറ്റു അനുബന്ധ വസ്തുക്കളും സ്ഥാപനത്തിൽ നിന്ന് നഗരസഭാധികൃതർ പിടിച്ചെടുക്കുകയും സ്ഥാപനം ഉടനടി അടപ്പിക്കുകയുമായിരുന്നു.
നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി സ്ഥാപന ഉടമയെ വിളിപ്പിച്ചിട്ടുണ്ടെന്ന് റിയാദ് നഗരസഭ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിൽ കോഫി ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും മറ്റും ഹുക്ക വിതരണം പാടെ വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് റിയാദിൽ ഹുക്ക വിതരണം ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പ് രഹസ്യമായി ഉപയോക്താക്കളെ സ്വീകരിച്ചിരുന്നത്. കോഫി ഷോപ്പിൽ നഗരസഭാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിന്റെയും ഹുക്കയും മറ്റും പിടിച്ചെടുക്കുന്നതിന്റെയും സ്ഥാപനം അടപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് റിയാദ് നഗരസഭ പുറത്തുവിട്ടു.