തിരുവനന്തപുരം- ഒടുവിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നു. എൻ.സി.പി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയ നേതൃത്വവുമായി ചർച്ച ചെയ്താണ് ഇക്കാര്യം തീരുമാനിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കും. രണ്ടുമണിക്കൂറിനുള്ളിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ പത്രലേഖകരെ കാണുമെന്ന് എ.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. എന്തെങ്കിലും ഉപാധികളോടെയാണോ മന്ത്രിസ്ഥാനം രാജിവെക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ശശീന്ദ്രൻ തയ്യാറായില്ല. രാജിവെക്കാമെന്ന് തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ പാർട്ടി എൻ.സി.പിയും തീരുമാനമെടുത്തതിനു പിന്നാലെയാണ് ഇടതുമുന്നണിയെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ച വിവാദത്തിന് പരിഹാരമായത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതി പരാമർശവും സി.പി.ഐ നിലപാട് കടുപ്പിച്ചതുമാണ് തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കും മുന്നിൽ മറ്റു വഴികളില്ലാതാക്കിയത്. മന്ത്രിസഭാ യോഗത്തിലാണ് തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്.
രാവിലെ അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു. തോമസ് ചാണ്ടി പങ്കെടുത്തതിനെ തുടർന്ന് സി.പി.ഐ മന്ത്രിമാർ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചു.
വിവാദങ്ങളെ തുടർന്ന് പിണറായി മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. മന്ത്രിസഭ അധികാരത്തിലേറി 18 മാസത്തിനിടെയാണ് മൂന്ന് മന്ത്രിമാർക്ക് ഒഴിയേണ്ടി വന്നത്. ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ എന്നിവരാണ് നേരത്തെ രാജിവെച്ചത്.
രാവിലെ എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററോടൊപ്പം ക്ലിഫ് ഹൗസിലെത്തിയ തോമസ് ചാണ്ടി മുഖ്യമന്തിയുമായി അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. പുറത്തു കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കാതെയാണ് ഇരുവരും ക്ലിഫ് ഹൗസ് വിട്ടിരുന്നത്. എന്നാൽ സെക്രട്ടറിയേറ്റിലെത്തിയ അദ്ദേഹം, വിധിപ്പകർപ്പ് കിട്ടിയ ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് പറഞ്ഞു.
തോമസ് ചാണ്ടിയുടെ ഹരജിയിൽ ഹൈക്കോടതി വാക്കാൽ രൂക്ഷ വിമർശം നടത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിക്കുമേൽ രാജിക്ക് സമ്മർദമേറിയത്. ഇന്നലെ രാത്രി എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തിയിരുന്നു. കായൽ കയ്യേറ്റത്തിൽ ഹൈക്കോടതി പരാമർശവും തോമസ് ചാണ്ടിയുടെ രാജിയുമായിരുന്നു ചർച്ചയിൽ വിഷയമായത്.
രാജിക്കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ലെന്നും തോമസ് ചാണ്ടി ഇന്ന് മന്ത്രിസഭായോഗത്തിൽ ചാണ്ടി പങ്കെടുക്കുമെന്നുമാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ അവസാനനിമിഷം വരെ നിലപാട് പ്രഖ്യാപിച്ചിരുന്നത്. എൻ.സി.പിയുടെ കേന്ദ്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ഹൈക്കോടതിയുടെ വിധിപ്പകർപ്പ് 11 മണിയോടെ ലഭിക്കുന്നതുവരെ കാത്തുനിൽക്കണമെന്ന ആവശ്യം തോമസ് ചാണ്ടി ഉന്നയിച്ചിരുന്നു. വാക്കാലുള്ള പരാമർശം മാത്രമേ തനിക്കുനേരെയുള്ളെന്നും വിധിയിൽ അതു പറയുന്നില്ലെന്നുമാണ് തോമസ് ചാണ്ടി വാദിച്ചിരുന്നത്.
ഇന്നലെ ദൽഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് യാത്ര റദ്ദാക്കിയതെന്നായിരുന്നു വിശദീകരണം. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം ഇന്നലെ രാത്രിയും വ്യക്തമാക്കിയിരുന്നുവെങ്കിലും സംസ്ഥാനത്തെ ഏക മന്ത്രി സ്ഥാനം നിലനിർത്താനുള്ള വഴികൾ തേടി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. റിട്ട് ഹരജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്യാനാണ് നീക്കം. കായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹരജിയാണ് രൂക്ഷമായ വിമർശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സർക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോർട്ടിൽ പിശകുണ്ടെങ്കിൽ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.