കണ്ണൂര്- പതിവിന് വിപരീതമായി സംസ്ഥാനത്ത് ജനുവരിയില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴ. കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തത്. പ്രതീക്ഷിച്ചിരുന്നത് നാലു മില്ലി മീറ്റര്‍ ആയിരുന്ന സ്ഥാനത്താണ് ഈ പെയ്ത്ത്.കഴിഞ്ഞ 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ജനുവരിയില്‍ ഇത്ര അധികം മഴ പെയ്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും വൈകീട്ട് മഴ ഉണ്ടാകുമെന്നാണ് നിഗമനം.സമുദ്ര കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ ഗവേഷകര്‍ പറയുന്നു. പസഫിക് സമുദ്രത്തിലുണ്ടായ ലാനിന ( സമുദ്രം തണുക്കുന്നത്) പ്രതിഭാസമാണ് അപ്രതീക്ഷിത കാലാവസ്ഥാമാറ്റത്തിന് വഴി തെളിച്ചത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഡിസംബര്‍ 31 ന് ഒഴിഞ്ഞുപോയതിന് ശേഷമാണ് അപ്രതീക്ഷിത മഴയ്ക്ക് കളമൊരുങ്ങിയത്. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലാണ്.