അൽഖസീം - ബുറൈദയിലെ ചരിത്ര പ്രശസ്തമായ ശദ്ദാദ് റോക്കിൽ സന്ദർശക പ്രവാഹം. ബുറൈദയിൽ നിന്ന് മുപ്പത്തിയെട്ട് കിലോമീറ്റർ അകലെയുള്ള അന്താറ റോക്കാണ് ചരിത്ര പ്രാധാന്യം കൊണ്ടും സന്ദർശക സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാവുന്നത്. ലവേഴ്‌സ് റോക്ക് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഐനുൽ ജുആ ഗ്രാമത്തിനടുത്താണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഖാവ് സെക്ടറിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വളരെ വലിയ ഒരു പാറയാണ് (anthara) ശദ്ദാദ് അന്താറ റോക്ക്.
വളരെ പുരാതനമായ പല ഭാഷകളിലുള്ള വാക്കുകളും എഴുത്തുകളും ഇതിന്മേലുണ്ട്. ഇതിൽ സമൂദിയൻ ലിഖിതങ്ങളും നബാത്തിയൻ എഴുത്തുകളും ഉൾപ്പെടും.
ഇസ്‌ലാം കാലഘട്ടത്തിനു മുൻപ് ജീവിച്ചിരുന്ന യോദ്ധാവും കവിയുമായിരുന്ന അന്താറ ഇബ്‌നു ശദ്ദാദ് അൽ അബ്‌സിയുടെ പേരിലാണ് ഈ പാറ അറിയപ്പെടുന്നത്. അദ്ദേഹം തന്റെ കാമുകിയെ പതിവായി കാത്തിരുന്ന സ്ഥലം ഈ പാറയുടെ അരികിലായിരുന്നു. അതുകൊണ്ട് തന്നെ ലവേഴ്‌സ് റോക്ക് എന്നൊരു അപരനാമവും ഇതിനുണ്ട്. വളരെ പുരാതന ഗോത്രങ്ങളിലൊന്നായ ആബ് ഗോത്രത്തിലാണ് ഇദ്ദേഹത്തിന്റെ പിറവി. അക്കാലത്ത് കച്ചവടത്തിലും കാഠിനാധ്വാനത്തിലും സത്യസന്ധതയിലുമൊക്കെ പേരു കേട്ട ഗോത്രമായിരുന്നു ശദ്ദാദിന്റെ ആബ് ഗോത്രം. പ്രശസ്തമായ ഒരു പ്രണയ കഥയുടെ സ്മാരകമായി നാട്ടുകാരേയും സന്ദർശകരേയും ആകർഷിച്ചു കൊണ്ട് നിലകൊള്ളുന്നുണ്ട് ഈ ശദ്ദാദ് റോക്ക്.
ഇപ്പോൾ മിനിസ്ട്രി ഓഫ് ടൂറിസം എന്നറിയപ്പെടുന്ന പഴയ എസ്.സി.ടി.എച്ച് (സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ്) 2019 ൽ ഈ സ്മാരകത്തിന് പ്രത്യേകം പരിഗണന നൽകുകയും ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് ഇതിലെ ലേഖനങ്ങളും കൊത്തുപണികളും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ഈ പാറക്ക് ഒരു പുതിയ മുഖം നൽകുകയും ചെയ്തിട്ടുണ്ട്. ചരിത്ര പ്രാധാന്യം മനസ്സിലാക്കി വിദേശികളും സ്വദേശികളും ഒരുപോലെ സായാഹ്നങ്ങളിൽ ഇവിടെ സന്ദർശനത്തിനെത്തുന്നുണ്ട്.