Sorry, you need to enable JavaScript to visit this website.

വിവാദ ഭൂമി വിൽപന: നടപടികൾക്ക് ആർച്ച് ബിഷപ്പിനെ ചുമതലപ്പെടുത്തി സിനഡ്‌

കൊച്ചി - എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പൂർത്തിയാക്കണമെന്ന് സീറോ മലബാർ മെത്രാൻ സിനഡിന്റെ നിർദേശം. സഭയുടെ പൊതു നന്മയെ ലക്ഷ്യമാക്കി ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ സഹകരണത്തിന്റെ മനോഭാവം പുലർത്തണമെന്നും സിനഡ് നിർദേശിച്ചു. 


ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പിനെതിരെ നൽകപ്പെട്ടിരുന്ന പരാതികൾ നിലനിൽക്കുന്നവയല്ല എന്ന പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. സമീപകാലത്ത് സഭയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ച വ്യാജരേഖാ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധപദവിയെക്കുറിച്ച് വിവാദമുയർത്തിയ ലേഖനം, സഭയുടെ പേരിൽ മൗലികവാദപരമായ നിലപാടുകൾ പ്രഖ്യാപിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ ഉയർത്തുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങൾ സിനഡ് വിശദമായി വിലയിരുത്തി. സഭാ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങൾക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷൻമാർക്ക് സിനഡ് നിർദേശം നൽകി. രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുവാൻ തയാറാകണമെന്ന് സീറോ മലബാർ മെത്രാൻ സിനഡ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ കുർബ്ബാനയുടെ പരിഷ്‌കരിച്ച ക്രമം മാർപാപ്പയുടെ അംഗീകാരത്തോടെ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്.

മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിന് സഭാനിയമപ്രകാരം അനുവാദമുള്ളതിനാൽ പ്രസ്തുത സാഹചര്യങ്ങളിൽ അനുഷ്ഠിക്കേണ്ട കർമങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നൽകി. ആഗോളതലത്തിൽ ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളിൽ സിനഡ് ഉത്കണ്ഠ രേഖപ്പെടുത്തി. സീറോമലബാർ സഭയുടെ അസംബ്ലി 2022 ആഗസ്റ്റ് മാസത്തിൽ ചേരാൻ തീരുമാനിച്ചു. ഇതിന്റെ ചർച്ചാവിഷയങ്ങൾ നിർണയിക്കാൻ രൂപതാതലത്തിൽ വൈദികരും സന്യസ്തരും അൽമായരുമായി വിശദമായ ആശയ വിനിമയം നടത്തുന്നതാണെന്നും സിനഡ് വ്യക്തമാക്കി. കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓൺലൈനിൽ നടന്നുവന്ന സീറോമലബാർ സഭയുടെ സിനഡ് സമാപിച്ചു. രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാർ ആദ്യന്തം പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലെ സമയവ്യത്യാസം പരിഗണിച്ചുകൊണ്ടാണ് സിനഡിന്റെ സമയക്രമം നിശ്ചയിച്ചത്.

 

Latest News