ആതന്‍സ് - താന്‍ ലൈംഗിക പീഡനത്തിനിരയായെന്ന രണ്ടു തവണ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ സെയ്‌ലിംഗ് താരം സോഫിയ ബെകാതോരുവിന്റെ വെളിപ്പെടുത്തല്‍ ഗ്രീസില്‍ കൊടുങ്കാറ്റായി. ഗ്രീസിന്റെ ഏറ്റവും പ്രമുഖ കായികതാരങ്ങളിലൊരാളാണ് ഇപ്പോള്‍ രണ്ടു മക്കളുടെ അമ്മയായ നാല്‍പത്തിമൂന്നുകാരി. 2004 ല്‍ ആതന്‍സില്‍ ഒളിംപിക് ചാമ്പ്യനായിരുന്നു സോഫിയ. 2008 ല്‍ ബെയ്ജിംഗില്‍ വെങ്കലവും നേടി.
2000 ലെ സിഡ്‌നി ഒളിംപിക്‌സിന്റെ ട്രയല്‍സ് കഴിഞ്ഞയുടനെ ഗ്രീക്ക് സയ്‌ലിംഗ് ഫെഡറേഷന്‍ ഭാരവാഹിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികാക്രമണം നേരിട്ടതെന്ന് സോഫിയ വെളിപ്പെടുത്തി. അന്ന് 21 വയസ്സായിരുന്നു അവര്‍ക്ക്.
ഈ വ്യക്തി ഫെഡറേഷനില്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് സോഫിയ പറഞ്ഞു. മത്സരത്തില്‍ നിന്ന് തടയുമെന്ന് പേടിച്ചാണ് അന്ന് മിണ്ടാതിരുന്നത്. അക്കാലത്ത് സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളൊന്നും വ്യാപകമായിരുന്നില്ല. മാതാപിതാക്കളോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ മത്സരത്തില്‍ നിന്ന് എന്നെ തടയുമായിരുന്നു -സോഫിയ പറഞ്ഞു.
പത്ത് മെഡലുകള്‍ നേടിയതിനെക്കാള്‍ വലിയ സേവനമാണ് ഈ തുറന്നു പറച്ചിലിലൂടെ സോഫിയ ഗ്രീസിന് സമ്മാനിച്ചതെന്ന് മന്ത്രി മരിയ സ്രെഗേല അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഗ്രീക്ക് സെയ്‌ലിംഗ് ഫെഡറേഷന്‍ സോഫിയയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.